ഡല്‍ഹി ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനം; അന്വേഷണം രണ്ട് പേരെ കേന്ദ്രീകരിച്ച്, അധിക്ഷേപ കത്ത് കണ്ടെത്തി
ഡല്‍ഹി ചാണക്യപുരിയിലെ ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനമുണ്ടായതിൽ കൂടുതൽ തെളിവുകൾ കണ്ടെത്താകാതെ പോലീസ്. ഡൽഹി പോലീസും ഫയർ ബ്രിഗേഡും എൻഐഎയും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാര്യമായ മുന്നേറ്റം ഒന്നും അന്വേഷണത്തിൽ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സിസിടിവി യിൽ തീവ്രത കുറഞ്ഞ സ്ഫോടനം നടന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്.
ടയർ പൊട്ടിയതിന് സമാനമായ വലിയ പൊട്ടിത്തെറി ശബ്ദം കേട്ടെന്നും മരത്തിന് സമീപം പുകപടലങ്ങള്‍ ഉയർന്നെന്നുമാണ് സമീപത്തുണ്ടായിരുന്ന സുരക്ഷാജീവനക്കാരൻ പോലീസിന് മൊഴി നല്‍കിയത്. സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന രണ്ട് പേരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായാണ് വിവരം. സിസിടിവി ദൃശ്യങ്ങളിൽ പൊട്ടിത്തെറി സമയത്ത് ഇവർ സംഭവസ്ഥലത്ത് ഉള്ളതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്.
ഇസ്രയേൽ എംബസിക്ക് സമീപം ‘സ്ഫോടനം’ നടന്നതായി അജ്ഞാത ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തുന്നത്. ഇസ്രയേൽ എംബസിക്ക് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്തു സ്ഫോടനശബ്ദം കേട്ടു എന്നായിരുന്നു അജ്ഞാത ഫോൺ കോളിലൂടെ വിളിച്ചയാൾ പറഞ്ഞത്.
സംഭവ സ്ഥലത്തുനിന്ന് ഇസ്രയേൽ അംബാസഡർക്കുള്ള അധിക്ഷേപ കത്ത് പോലീസ് കണ്ടെത്തിയിരുന്നു. ടൈപ്പ് ചെയ്ത നിലയില്‍ കണ്ടെത്തിയ കത്തിൽ അസഭ്യവും പലസ്തീൻ വിഷയവുമാണ് ഉള്ളടക്കമെന്ന് പോലീസ് അറിയിച്ചു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി വിമർശിക്കുകയും പ്രതികാരം ചെയ്യുന്നതിനെ കുറിച്ചും കത്തിൽ പറയുന്നുണ്ട്. എംബസിക്ക് സമീപത്തെ പൂന്തോട്ടത്തിൽ നിന്നും ഇസ്രായേൽ പതാകയിൽ പൊതിഞ്ഞ രീതിയിലാണ് കത്ത് പോലീസ് കണ്ടെടുക്കുന്നത്. കത്ത് കണ്ടെത്തിയത്. കത്തും പതാകയും ഉൾപ്പടെ സ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകൾ ഫോറെൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഇസ്രയേല്‍ - ഹമാസ് സംഘർഷം തുടർന്നു കൊണ്ടിരിക്കുന്ന സാഹചര്യമായതിനാല്‍ ഡൽഹി എംബസി പ്രദേശത്ത് കനത്ത ജാഗ്രതാനിര്‍ദ്ദേശം പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മാണി കഴിഞ്ഞാണ് സ്ഫോടനമുണ്ടായത്. സ്ഫോടന വിവരം ഇസ്രയേൽ എംബസി സ്ഥിരീകരിച്ചിരുന്നു, ആളപായമോ പരുക്കുകളോ ആര്‍ക്കും സംഭവിച്ചിട്ടില്ല. എംബസിയിലെ ഉദ്യോഗസ്ഥരും സുരക്ഷാജീവനക്കാരുമുൾപ്പടെ എല്ലാവരും സുരക്ഷിതരാണെന്നും അപകടമൊന്നുമില്ലെന്നും ഇസ്രയേൽ ഡെപ്യൂട്ടി അംബാസഡർ വ്യക്തമാക്കിയിരുന്നു.
ഇതിനു മുൻപ്, 2012ലും 2021ലും ഇസ്രയേൽ എംബസിയെ ലക്ഷ്യമിട്ട് സമീപത്ത് ബോംബ് സ്ഫോടനങ്ങൾ ഉണ്ടായിട്ടുണ്ട്. 2021ൽ വിജയ് ചൗക്കില്‍ ബീറ്റിങ് റിട്രീറ്റ് ചടങ്ങില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുളളവർ പങ്കെടുക്കുമ്പോഴായിരുന്നു നയതന്ത്ര മേഖലയിൽ സ്ഫോടനം നടന്നത്.