ബ്രിജ് ഭൂഷണെതിരെ പോക്‌സോ കേസ്; എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലീസ്
ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺസിങ്ങിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്. വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ പോക്സോ നിയമങ്ങൾ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ബ്രിജ് ഭൂഷണെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സുപ്രീംകോടതിയുടെ നിർദേശം വന്നതിന് പിന്നാലെയാണ് നടപടി.
പോലീസ് നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഡബ്ല്യുഎഫ്‌ഐ അധ്യക്ഷനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം
രണ്ട് എഫ്ഐആറുകളാണ് ബ്രിജ് ഭൂഷണെതിരെ ഡൽഹി പോലീസ് ചുമത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ലൈംഗികാതിക്രമ പരാതിയിൽ, ജാമ്യമില്ലാ വകുപ്പായ പോക്‌സോ നിയമപ്രകാരമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഡബ്ല്യുഎഫ്‌ഐക്കും അതിന്റെ മേധാവിക്കുമെതിരായ ആരോപണങ്ങൾ പരിശോധിക്കാൻ കായികമന്ത്രി അനുരാഗ് ഠാക്കൂർ കമ്മിറ്റി രൂപീകരിച്ചിരുന്നു. ബോക്സിങ് താരം മേരി കോമിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണ കമ്മിഷൻ. ഏപ്രിൽ അഞ്ചിന് സമിതി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും കണ്ടെത്തലുകൾ മന്ത്രാലയം ഇതുവരെയും പരസ്യമാക്കിയിട്ടില്ല. ഇതോടെയാണ് ഗുസ്തി താരങ്ങളായ ബജ്‌രംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗാട്ട് എന്നിവരുടെ നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചത്.
പോലീസ് നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഡബ്ല്യുഎഫ്‌ഐ അധ്യക്ഷനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം. രാജ്യത്ത് ഗുസ്തി ഫെഡറേഷനും ബ്രിജ് ഭൂഷനുമെതിരായ പ്രതിഷേധം കനക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. ബ്രിജ്ഭൂഷണിതിരെ വെള്ളിയാഴ്ച വൈകീട്ടോടെ കേസെടുക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹവുമടങ്ങുന്ന ബെഞ്ചിനെയാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഡൽഹി പോലീസിന്റെ നിലപാട് അറിയിച്ചത്. ഗുസ്തിതാരങ്ങൾക്ക് ജീവന് ഭീഷണിയുണ്ടെന്ന് ഹർജിക്കാരുടെ അഭിഭാഷകനായ കപിൽ സിബൽ കോടതിയെ അറിയിച്ചതിനെ തുടർന്ന് സുരക്ഷയൊരുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, തനിക്കെതിരായ ലൈംഗികാരോപണങ്ങളിൽ കേസ് ഫയൽ ചെയ്യാനുള്ള സുപ്രീംകോടതി ഉത്തരവിനെ ഡബ്യുഎഫ്ഐ പ്രസിഡന്റ് സ്വാഗതം ചെയ്തിരുന്നു. ജുഡീഷ്യറിയുടെ തീരുമാനത്തിൽ സന്തോഷമുണ്ട്. സാധ്യമായ എല്ലാ വഴികളിലും അവരുമായി സഹകരിക്കാൻ തയ്യാറാണ്. ജുഡിഷ്യറിയാണ് ഈ രാജ്യത്ത് ഏറ്റവും വലുതെന്നും ബ്രിജ് ഭൂഷൺ സിങ് പറഞ്ഞിരുന്നു.
മേൽനോട്ട സമിതി രൂപീകരിച്ചപ്പോൾ താനൊരു എതിർപ്പും ഉന്നയിച്ചിട്ടില്ലായിരുന്നുവെന്ന് ബ്രിജ് ഭൂഷൺ സിങ് വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.താരങ്ങൾ റിപ്പോർട്ട് പുറത്തുവിടുന്നത് വരെയെങ്കിലും കാത്ത് നിൽക്കണമായിരുന്നു. എന്നാൽ അതിന് പകരമവർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. നിയമം അനുസരിക്കുക മാത്രമാണ് താൻ ചെയ്തത്. എന്നാലവർ അങ്ങനെയല്ല ചെയ്യുന്നതിനും ബിജെപി എംപി കൂടിയായ അദ്ദേഹം പറഞ്ഞു.