മങ്കിപോക്സ്
മങ്കിപോക്സ്

മങ്കി പോക്‌സ്: രാജ്യത്തെ രോഗ ബാധിതരില്‍ ഒമ്പതില്‍ അഞ്ച് പേര്‍ക്കും വിദേശയാത്രാ പശ്ചാത്തലമില്ല; യോഗം വിളിച്ച് കേന്ദ്രം

രാജ്യത്തെ മങ്കി പോക്‌സ് ബാധിതരുടെ എണ്ണം ഒമ്പതായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്.
Updated on
2 min read

രാജ്യത്ത് മങ്കി പോക്‌സ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു. പ്രതിരോധം കാര്യക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കേന്ദ്രം സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു. ആരോഗ്യ മന്ത്രാലയത്തിൻ്റെ എമര്‍ജന്‍സി മെഡിക്കല്‍ റിലീഫ് (ഇഎംആര്‍) ഡയറക്ടര്‍ എല്‍ സ്വസ്തിചരണിൻ്റെ അധ്യക്ഷതയിലാണ് വ്യാഴാഴ്ച യോഗം നിശ്ചയിച്ചിരിക്കുന്നത്. യോഗത്തില്‍ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയായി ഡോ. പവന മൂര്‍ത്തിയും പങ്കെടുക്കും. അന്തര്‍ദേശീയവും ദേശീയവുമായ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ആരോഗ്യ മന്ത്രാലയത്തിന്റെ വിഭാഗമാണ് ഇഎംആര്‍.

ഡല്‍ഹിയില്‍ താമസിച്ച് വന്നിരുന്ന 31 കാരിയായ നൈജീരിയന്‍ സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

രാജ്യത്തെ മങ്കി പോക്‌സ് ബാധിതരുടെ എണ്ണം ഒമ്പതായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ താമസിച്ച് വന്നിരുന്ന 31 കാരിയായ നൈജീരിയന്‍ സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യതലസ്ഥാനത്തെ 4-ാമത്തെ കേസാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. പനിയും ശരീരത്തിലെ മുറിവുമായി യുവതി ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയും ബുധനാഴ്ച പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 31 വയസ്സുകാരിയായ ഇവര്‍ അടുത്തിടെയായി വിദേശയാത്ര നടത്തിയതായി സ്ഥിരീകരിച്ചിട്ടില്ല. ഡല്‍ഹിയില്‍ 35 വയസ്സുകാരനായ വിദേശ പൗരനും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇയാളും വിദേശയാത്ര നടത്തിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇദ്ദേഹവും ആശുപത്രിയില്‍ ചികിത്സയിലാണ്.

കേരളത്തിലെ നാല് കേസുകളുള്‍പ്പെടെയാണ് രാജ്യത്ത് 9 മങ്കി പോക്സ് രോഗ ബാധ സ്ഥിരീകരിച്ചത്. കേരളത്തില്‍ രോഗം ബാധിച്ച് ഒരാള്‍ മരണമടയുകയും ചെയ്തിരുന്നു. ആകെ രോഗ ബാധ സ്ഥിരീകരിച്ച ഒമ്പത് പേരില്‍ അഞ്ച് പേര്‍ക്കും വിദേശയാത്രാ പശ്ചാത്തലമില്ലെന്നും ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. കേരളത്തില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ച യുവാവ് രോഗമുക്തി നേടുകയും ചെയ്തിരുന്നു.

ഡല്‍ഹിയിലെ ആദ്യ മങ്കി പോക്‌സ് രോഗി തിങ്കളാഴ്ച ആശുപത്രി വിട്ടിരുന്നു. ഡല്‍ഹിയില്‍ രോഗബാധ സംശയിക്കുന്നവര്‍ക്കും രോഗം സ്ഥിരീകരിച്ചവര്‍ക്കും ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. മൂന്ന് സ്വകാര്യ ആശുപത്രികളോടാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ആഫ്രിക്കന്‍ മേഖലയില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കുരങ്ങ് വസൂരിയും ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള വൈറസ് ബാധയുയുടെ ലക്ഷണങ്ങള്‍ ഗണ്യമായ വ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ട്

വിദേശയാത്രാ പശ്ചാത്തലം ഇല്ലാത്തവര്‍ക്ക് രോഗം ബാധിക്കാനിടയായ സാഹചര്യം പ്രാദേശികമായുള്ള വൈറസ് ബാധയിലേക്കുള്ള സൂചനയാണ് നല്‍കുന്നതെന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ രോഗ പടര്‍ച്ച വര്‍ധിക്കാതിരിക്കാന്‍ മുന്‍കരുതല്‍ അനിവാര്യമാണെന്നും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

അതേസമയം, ആഫ്രിക്കന്‍ മേഖലയില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കുരങ്ങ് വസൂരിയും ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള വൈറസ് ബാധയുടെ ലക്ഷണങ്ങളും തമ്മില്‍ ഗണ്യമായ വ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ (ബിഎംജെ) പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്

വൈറസ് ബാധിതരായ 197 പേരില്‍ നടത്തിയ പഠനത്തില്‍ നാലിലൊന്ന് (26.5%) പേര്‍ക്ക് മാത്രമേ കുരങ്ങുപനി ബാധിച്ച ഒരാളുമായി സമ്പര്‍ക്കം ഉണ്ടായിരുന്നുള്ളൂ എന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യം രോഗ ബാധിതരെങ്കിലും ലക്ഷണമില്ലാത്തവരോ അല്ലെങ്കില്‍ കുറച്ച് ലക്ഷണങ്ങളുള്ളവരോ ആയ വ്യക്തികളില്‍ രോഗ പടര്‍ച്ചയ്ക്കുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്. കണ്ടെത്തലുകള്‍ കോണ്‍ടാക്റ്റ് ട്രെയ്സിംഗ്, പൊതുജനാരോഗ്യ മുന്നറിയിപ്പുകള്‍, നിലവിലുള്ള അണുബാധ നിയന്ത്രണം, മാറ്റിപ്പാര്‍പ്പിക്കല്‍ എന്നിവയുള്‍പ്പെടെയളുള്ളവയെ ബാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in