രാസവസ്തു ഓണ്‍ലൈനായി വാങ്ങി; ഡല്‍ഹിയില്‍ പെണ്‍കുട്ടിയുടെ മുഖത്ത്  'ആസിഡ്' ഒഴിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍

രാസവസ്തു ഓണ്‍ലൈനായി വാങ്ങി; ഡല്‍ഹിയില്‍ പെണ്‍കുട്ടിയുടെ മുഖത്ത് 'ആസിഡ്' ഒഴിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍

പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ വ്യക്തമാക്കി
Updated on
1 min read

ഡല്‍ഹിയില്‍ സഹോദരിയ്‌ക്കൊപ്പം സ്‌കൂളില്‍ പോകുന്നതിനിടെ 17 കാരിയുടെ മുഖത്ത് രാസവസ്തു ഒഴിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ബുധനാഴ്ച രാവിലെയാണ് പെണ്‍കുട്ടിയ്ക്ക് നേരെ ബൈക്കില്‍ മുഖം മറച്ചെത്തിയ അക്രമികള്‍ ആസിഡിന് സമാനമായ രാസവസ്തു ഒഴിച്ചത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഡല്‍ഹി ദ്വാരകയിലാണ് സംഭവം. ബൈക്കില്‍ എത്തിയ യുവാക്കള്‍ പെണ്‍കുട്ടിയുടെ മുഖത്തേക്ക് രാസവസ്തു ഒഴിക്കുകയായിരുന്നു.

സംഭവവുമായു ബന്ധപ്പെട്ട് ഇതുവരെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. 19 കാരനായ സച്ചിന്‍ അറോറ, ഹര്‍ഷിദ്, വിരേന്ദര്‍ സിങ് എന്നിവരാണ് പിടിയിലായത്. ഇതില്‍ സച്ചിന്‍, ഹര്‍ഷിദ് എന്നിവരായിരുന്നു ബൈക്കിലെത്തി ആക്രമണം നടത്തിയത്. ഗൂഢാലോചനയില്‍ പങ്കാളിയായതിന്റെ പേരിലാന് വീരേന്ദറിന് എതിരായ നടപടിയെന്ന് സ്‌പെഷ്യല്‍ പോലീസ് കമ്മീഷണര്‍ സാഗര്‍ പ്രീത് ഹൂഡ പ്രതികരിച്ചു.

പ്രതികളില്‍ ഒരാളായ സച്ചിന്റെ സുഹൃത്തായിരുന്നു ആക്രമിക്കപ്പെട്ട പെണ്‍കുട്ടി

ആക്രമണത്തിന് ഉപയോഗിച്ച ബൈക്കും, യുവാക്കളുടെ മൊബൈലും പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. ഓണ്‍ലൈന്‍ വഴിയാണ് യുവാക്കള്‍ ആക്രമണത്തിന് ഉപയോഗിച്ച രാസവസ്തു വാങ്ങിയതെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. ഈ രാസവസ്തു വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

പ്രതികളില്‍ ഒരാളായ സച്ചിന്റെ സുഹൃത്തായിരുന്നു ആക്രമിക്കപ്പെട്ട പെണ്‍കുട്ടി. നേരത്തെ ഒരേ പ്രദേശത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ പിന്നീട് സച്ചിനുമായുള്ള സൗഹൃദം അവസാനിപ്പിച്ചതും, സംസാരിക്കാന്‍ താല്‍പര്യം കാണിക്കാതിരുന്നതുമാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പോലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ പ്രതികള്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. വീരേന്ദര്‍ ആണ് ഇതിനായി ഇടപെട്ടത്. ആക്രമണ സമയത്ത് സച്ചിന്റെ ബൈക്കും, സമാനമായ വസ്ത്രവും ധരിച്ച വീരേന്ദര്‍ മറ്റൊരിടത്ത് നിലയുറപ്പിച്ചിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. സഹോദരിയോടൊപ്പം വഴിയരികിലൂടെ നടന്നുപോകുന്ന കുട്ടിയ്ക്ക് സമീപം ബൈക്ക് എത്തുന്നതും യാത്രക്കാരനായ യുവാവ് ആസിഡ് ഒഴിക്കുകയുമാണ്. പൊളളലേറ്റ പെണ്‍കുട്ടി മുഖം പൊത്തി ഓടുകയുമായിരുന്നു.

ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെങ്കിലും 48-72 മണിക്കൂറിന് ശേഷം മാത്രമേ പൊളളലിന്‍റെ ആഴം വ്യക്തമാകൂ എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മുഖത്തും കണ്ണിനും ഗുരുതരമായി പൊളളല്‍ ഏറ്റിട്ടുണ്ടെന്ന് അച്ഛനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉളളതായി മകള്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

അക്രമത്തെ അപലപിച്ച് ഡല്‍ഹി വനിത കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ രംഗത്ത് എത്തി. ആസിഡ് പോലുളള ദ്രാവകങ്ങള്‍ സുലഭമായി ലഭ്യമാകുന്നതുള്‍പ്പെടെ പ്രശ്നമാണെന്നും, നിയമത്തെ ഭയമില്ലാത്തതാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും അവര്‍ ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നും അറിയിച്ചു.

logo
The Fourth
www.thefourthnews.in