ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം: വിദ്യാർഥികളെ തള്ളി ഡല്‍ഹി സർവകലാശാല; 20 പേർ കരുതല്‍ തടങ്കലില്‍
ഡല്‍ഹി സര്‍വകലാശാലയില്‍ ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞതിന് പിന്നാലെയുണ്ടായ പ്രതിഷേധത്തെ തുടർന്ന് പോലീസ് ഇരുപതിലധികം വിദ്യാർഥികളെ കരുതല്‍ തടങ്കലിലാക്കി. ക്യാംപസിന് പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ ലക്ഷ്യം പ്രശ്നങ്ങളുണ്ടാക്കുക മാത്രമാണെന്നും പോലീസ് വേണ്ട നടപടികളെടുക്കട്ടെയെന്നുമാണ് സർവകലാശാല നിലപാട്. സമാധാനപരമായി പ്രദര്‍ശനം നടത്താനെത്തിയവരെ പോലീസ് വലിച്ചിഴച്ചുവെന്നും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരും തങ്ങളെ ആക്രമിച്ചെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നുണ്ട്. അംബേദ്ക്കര്‍ സര്‍വകലാശാലയിലും പ്രദർശനം തടഞ്ഞതിനെ തുടർന്ന് ഇന്ന് വിദ്യാർഥികളുടെ പ്രതിഷേധം ഉണ്ടായി.
നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ കൂട്ടം കൂടുന്നതിന് നിരോധനമുണ്ട്. പൊതുസ്ഥത്ത് ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും തടഞ്ഞിട്ടുണ്ട്. എന്നാല്‍ ഫോണിലോ ലാപ്ടോപ്പിലോ ഡോക്യുമെന്ററി കാണുന്നതിന് തടസമില്ലെന്നും അധികൃതര്‍ പറയുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പോലീസിന്റെ സഹായം തേടിയതെന്ന് സര്‍വകലാശാല പ്രോക്ടർ പ്രതികരിച്ചു.
നാഷണല്‍ സ്റ്റുഡന്‍സ് യൂണിയനാണ് ഡോക്യുമെന്ററി ക്യാമ്പസില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്
പ്രദര്‍ശനാനുമതി വിദ്യാർഥികള്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് സർവകലാശാല അധികൃതർ പറയുന്നത്. ഈ സാഹചര്യത്തില്‍ പ്രദര്‍ശനം നടത്തുന്നത് നിയമ ലംഘനമാണെന്നാണ് വിശദീകരണം. കൂട്ടം കൂടുന്നതിനെതിരെ ജില്ലാ ഭരണകൂടത്തിന്റെ വിലക്കുള്ള സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ എന്തിനാണ് ഇത് ചെയ്തതെന്നാണ് സര്‍വകലാശാല പ്രോക്ടര്‍ രജിനിയുടെ ചോദ്യം. വിദ്യാര്‍ഥികളുടെ ലക്ഷ്യം പ്രശ്‌നങ്ങളുണ്ടാക്കുക എന്നത് മാത്രമാണെന്നും അവര്‍ ആരോപിക്കുന്നു.
പ്രദര്‍ശനം തടഞ്ഞതിന് പിന്നാലെ വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. അംബേദ്കർ സര്‍വകലാശാലയില്‍ വൈദ്യുതി വിച്ഛേദിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ക്യൂ ആര്‍ കോഡ് വഴി ഫോണിലൂടെയും ലാപ്പ് ടോപ്പിലൂടെയുമാണ് ഡോക്യുമെന്ററി കണ്ടത്. ജെഎന്‍യുവില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിനെ തുടർന്ന് സംഘര്‍ഷമുണ്ടായിരുന്നു. പിന്നാലെയാണ് മറ്റ് സര്‍വകലാശാലകളിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ തീരുമാനിച്ചത്. ജാമിയാ മിലിയയിലും അധികൃതര്‍ പ്രദര്‍ശനം തടഞ്ഞിരുന്നു.
2002ലെ ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ഡോക്യുമെന്ററിയായ 'ഇന്ത്യ:ദ മോദി ക്വസ്റ്റ്യൻ' ആണ് രണ്ട് ഭാഗങ്ങളായി ബിബിസി പുറത്തിറക്കിയത്. എന്നാല്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെതുടര്‍ന്ന് ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ യൂട്യൂബും ട്വിറ്ററും നീക്കം ചെയ്തു. ഇന്ത്യയെ ലോകത്തിന് മുമ്പില്‍ മോശമാക്കുന്നതാണ് ഡോക്യുമെന്ററിയെന്നാണ് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിലപാട്.
ഗുജറാത്ത് കലാപത്തെക്കുറിച്ചും കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതിനെക്കുറിച്ചും ആള്‍ക്കൂട്ട കൊലകളെക്കുറിച്ചും ഇവയിലൊക്കെ ബിജെപി സർക്കാരിനും മോദിക്കുമുള്ള പങ്കിനെക്കുറിച്ചും വിശദമായി സംസാരിക്കുന്ന ഡോക്യുമെന്‍ററി ഇന്ത്യയില്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.