പുതുവർഷ ആഘോഷങ്ങൾക്കിടെ ഡൽഹിയിൽ യുവതിക്ക് ദാരുണാന്ത്യം; അഞ്ചുപേര്‍ അറസ്റ്റില്‍

പുതുവർഷ ആഘോഷങ്ങൾക്കിടെ ഡൽഹിയിൽ യുവതിക്ക് ദാരുണാന്ത്യം; അഞ്ചുപേര്‍ അറസ്റ്റില്‍

കാറിനടിയില്‍പ്പെട്ട യുവതിയെ കിലോമീറ്ററുകൾ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു
Updated on
1 min read

ഡല്‍ഹിയിൽ യുവാക്കളുടെ പുതുവർഷ ആഘോഷങ്ങൾക്കിടെ യുവതിക്ക് ദാരുണാന്ത്യം. സുൽത്താൻപുരിയില്‍ യുവാക്കൾ സഞ്ചരിച്ച കാർ ഇടിച്ച് സ്കൂട്ടറിൽ നിന്ന് വീണ അമൻ വിഹാർ സ്വദേശിയായ അഞ്ജലി എന്ന യുവതിയാണ് മരിച്ചത്. കാറിനടിയില്‍പ്പെട്ട യുവതിയെ കിലോമീറ്ററുകൾ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. അപകടത്തിന് കാരണമായ മാരുതി സുസുക്കി ബലേനോ കാറിൽ ഉണ്ടായിരുന്ന അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ സ്‌കൂട്ടിയിൽ കാർ ഇടിച്ച ശേഷം കൈകാലുകൾ ഉൾപ്പെടെ കാറിന്റെ അടി ഭാഗത്ത് കുടുങ്ങിയിട്ടും കാർ നിർത്താതെ ഓടിച്ചു പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പുലർച്ചെ 3.30ഓടെയാണ് സംഭവം പോലീസ് അറിയുന്നത്. ഒരു കാർ മൃതദേഹം വലിച്ചിഴച്ച്‌ പോകുന്നതായി കണ്ടവർ പോലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ ചെയ്ത് അറിയിക്കുകയായിരുന്നു. പിന്നീട് 4.11ന് റോഡിൽ ഒരു സ്ത്രീയുടെ മൃതദേഹം കിടക്കുന്നതായും പോലീസിന് കോൾ ലഭിച്ചു. പിന്നീടാണ് പോലീസ് തിരച്ചിൽ ആരംഭിച്ച് മൃതദേഹം കണ്ടെത്തിയത്. വസ്ത്രം നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹം.

കാറിന്റെ നമ്പർ പിന്തുടർന്നാണ് അപകടം നടത്തിയ വാഹനം പോലീസ് കണ്ടെത്തിയത്. എന്നാൽ പ്രതികൾ കിലോമീറ്ററുകളോളം യുവതിയുടെ മൃതദേഹം വലിച്ചിഴച്ചത് അറിഞ്ഞില്ലെന്ന് ഡൽഹി പോലീസ് ഓഫീസർ ഹരേന്ദ്ര കെ സിംഗ് പറഞ്ഞു. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ വ്യക്തമാക്കി. സംഭവം ബലാത്സംഗക്കേസെന്ന തരത്തിൽ പ്രചരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യാജമാണെന്നും അത്തരത്തിൽ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in