റാം റഹീം കൊലപാതകിയും ബലാത്സംഗിയുമാണ്, പരോള്‍ റദ്ദാക്കണം; ഹരിയാന സര്‍ക്കാരിനോട് വനിത സംഘടന
ബലാത്സംഗ, കൊലപാതക കേസുകളില്‍ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിങ്ങിന് പരോള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ വനിതാ സംഘടന. റാം റഹീം ബലാത്സംഗിയും കൊലപാതകിയുമാണ്. പരോള്‍ റദ്ദാക്കി അയാളെ ജയിലില്‍ അടക്കണമെന്നും ഡല്‍ഹി കമ്മീഷന്‍ ഫോര്‍ വിമണ്‍ (ഡിസിഡബ്ല്യു) ഹരിയാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, റാം റഹീമിന് പരോള്‍ അനുവദിച്ചതില്‍ തനിക്ക് പങ്കില്ലെന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുടെ പ്രതികരണം.
റാം റഹീം ഒരു ബലാത്സംഗിയും കൊലപാതകിയുമാണെന്ന് ഡിസിഡബ്ല്യു അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു. കോടതി അയാള്‍ക്ക് ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ചു. എന്നാല്‍, ഹരിയാന സര്‍ക്കാര്‍ അയാള്‍ക്ക് ആവശ്യമുള്ളപ്പോഴൊക്കെ പരോള്‍ നല്‍കുന്നു. അയാള്‍ സത്സംഗം സംഘടിപ്പിക്കുകയും ഡെപ്യൂട്ടി സ്പീക്കറും മേയറും ഉള്‍പ്പെടെ അതില്‍ പങ്കെടുക്കുകയും ചെയ്യുന്നു. ഇവരെല്ലാം റാം റഹീം ഭക്തരാണ്. എത്രയും വേഗം റാം റഹീമിന്റെ പരോള്‍ റദ്ദാക്കി ജയിലില്‍ അടയ്ക്കണമെന്നും മലിവാള്‍ ഹരിയാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
ബലാത്സംഗ, കൊലപാതക കേസുകളില്‍ 20 വര്‍ഷം ജയില്‍ ശിക്ഷയനുഭവിക്കുന്ന റാം റഹീമിന് കഴിഞ്ഞവാരമാണ് 40 ദിവസത്തെ പരോള്‍ അനുവദിച്ചത്. നവംബര്‍ മൂന്നിന് ഹരിയാനയിലെ ആദംപുരില്‍ ഉപതിരഞ്ഞെടുപ്പും പഞ്ചായത്ത് തിരഞ്ഞെടുപ്പിനും നടക്കാനിരിക്കെ പരോള്‍ അനുവദിച്ചത് വലിയ വിവാദമായിരുന്നു. അതിനിടെ, സുനരിയ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ റാം റഹീം ഒക്ടോബര്‍ 19ന് സംഘടിപ്പിച്ച വെര്‍ച്വല്‍ സത്സംഗില്‍ കര്‍നാല്‍ മേയറും ബിജെപി നേതാക്കാളും ഉള്‍പ്പെടെ ഒട്ടനവധി രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുകയും ചെയ്തു. ഇതോടെ, ഹരിയാന സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ കടുത്തു. നേരത്തെ, ഫെബ്രുവരിയിലും മൂന്നാഴ്ചത്തെ പരോളില്‍ റാം റഹീം പുറത്തിറങ്ങിയിരുന്നു.
അതേസമയം, റാം റഹീമിന്‍റെ പരോളില്‍ തനിക്ക് യാതൊരു വിധ പങ്കുമില്ലെന്നാണ് ഹരിയാന മുഖ്യമന്ത്രി ബുധനാഴ്ച പ്രതികരിച്ചത്. ശിക്ഷ വിധിക്കുന്നതും ജാമ്യവും പരോളും അനുവദിക്കുന്നതുമൊക്കെ കോടതിയാണ്. ജയിലിലെ നിയമം എല്ലാ തടവുകാര്‍ക്കും ബാധകമാണെന്നും ഖട്ടര്‍ കൂട്ടിച്ചേര്‍ത്തു.
2017 ഓഗസ്റ്റില്‍ സിര്‍സിയയിലെ ആശ്രമത്തിലെ രണ്ട് സന്യാസിനിമാരെ ക്രൂരമായി ബലാത്സംഗം ചെയ്ക കേസിലാണ് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി റാം റഹീമിന് ശിക്ഷ വിധിച്ചത്. 2021 ഒക്ടോബര്‍ എട്ടിന് ദേരാ സച്ചാ സൗദ മുന്‍ മാനേജര്‍ രഞ്ജിത് സിങ്ങിന്‍റെ കൊലപാതകത്തിലും റാം റഹീമിനെയും മറ്റ് നാല് പേരെയും കോടതി ശിക്ഷിച്ചിരുന്നു.