ദീപാവലി ആഘോഷം; ഡല്‍ഹിയില്‍ വായു മലിനീകരണത്തോത് കൂടി
ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വായുമലീനീകരണ തോത് ഉയർന്നു. വായുഗുണനിലവാര സൂചിക ഇന്ന് 323ലെത്തി. തിങ്കളാഴ്ച ആഘോഷങ്ങള്‍ക്ക് ശേഷം 312ലായിരുന്നു സൂചിക. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്ക് പ്രകാരം കഴിഞ്ഞ നാല് വർഷത്തെ ദീപാവലി ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിലയാണിത്. ദീപാവലിയുടെ തലേന്ന് 270 ആയിരുന്നു എക്യുഐ.
ഡല്‍ഹിക്ക് പുറമേ ഫരീദാബാദ്, ഗാസിയാബാദ്, നോയ്ഡ എന്നിവിടങ്ങളിലും വായുനിലവാരം മോശമായി. പലയിടങ്ങളിലും ദൂരക്കാഴ്ച്ച മങ്ങി. മലിനീകരണം കുറയ്ക്കാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ചിരുന്നെങ്കിലും നഗരത്തില്‍ വിവിധയിടങ്ങളില്‍ വിലക്ക് ലംഘിക്കപ്പെട്ടു. രാജ്യതലസ്ഥാനത്ത് പടക്കം പൊട്ടിക്കരുതെന്നും നിയന്ത്രണം ലംഘിച്ചാല്‍ ആറ് മാസം തടവും 200 രൂപ പിഴയും ലഭിക്കുമെന്നും, നഗരത്തില്‍ പടക്കങ്ങളുടെ ഉല്‍പാദനം, സംഭരണം, വില്‍പന എന്നിവയ്ക്ക് 5000 രൂപ വരെ പിഴയും സ്ഫോടകവസ്തു നിയമത്തിലെ സെക്ഷന്‍ 9 ബി പ്രകാരം മൂന്ന് വര്‍ഷം തടവും ശിക്ഷ ലഭിക്കുമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. അനധികൃതമായ പടക്കം പൊട്ടിക്കൽ വർധിച്ചതും അയൽ സംസ്ഥാനങ്ങളിലെ കാർഷിക വിള അവശിഷ്ടങ്ങളുടെ കത്തിക്കൽ കൂടിയതുമെല്ലാം ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ വർഷം ദീപാവലി തലേന്ന് എക്യുഐ 314 ആയിരുന്നു. ദീപാവലിക്ക് ഇത് 382 ആയി. തൊട്ടടുത്ത ദിവസം 462 എന്ന ഗുരുതര സ്ഥിതിയിലേക്ക് ഉയർന്നിരുന്നു. 2020ല്‍ ദീപാവലിയുടെ തലേദിവസം 296 ആയിരുന്നു സൂചിക. ദീപാവലിക്ക് 414 ആയും തൊട്ടടുത്ത ദിവസം 435 ആയും ഉയർന്നു. 2019ല്‍ തലേന്ന് എക്യുഐ 338 ആയിരുന്നെങ്കിലും ദീപാവലി ദിവസം നില മെച്ചപ്പെടുത്തി 281ലെത്തി. എന്നാല്‍ തൊട്ടടുത്ത ദിവസം 390ലേക്ക് വീണ്ടും താഴുകയും ചെയ്തിരുന്നു.