കശ്മീരില്‍ ക്യാമ്പിന് മുന്നില്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവം: അന്വേഷണം ആവശ്യപ്പെട്ട് ലെഫ്റ്റനന്റ് ഗവർണറും ബിജെപിയും
ജമ്മുവിലെ സൈനിക ക്യാമ്പിന് പുറത്ത് രണ്ട് പ്രദേശ വാസികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഉന്നത തല അന്വേഷണത്തിന് ആവശ്യം ശക്തമാകുന്നു. ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ കഴിഞ്ഞ ദിവസമാണ് ക്യാമ്പിലെ തൊഴിലാളികളായ രണ്ടു പേർ വെടിവെയ്പ്പിൽ കൊല്ലപ്പെടുന്നത്. തീവ്രവാദികളാണ് ഇതിന് പിന്നിലെന്ന് ആർമി വിശദീകരിച്ചെങ്കിലും അത് കണക്കിലെടുക്കാൻ കൊല്ലപ്പെട്ടവരുടെ കുടുംബവും നാട്ടുകാരും തയ്യാറായിട്ടില്ല. ആർമി ക്യാമ്പിന് നേരെ വെള്ളിയാഴ്ച കല്ലേറ് നടന്നിരുന്നു.
ജനരോഷം ശക്തമായതിന് പിന്നാലെയാണ് അന്വേഷണം വേണമെന്ന ആവശ്യവുമായി ലെഫ്റ്റനെന്റ് ഗവർണർ മനോജ് സിൻഹയും ബിജെപി സംസ്ഥാന അധ്യക്ഷൻ രവീന്ദർ റെയ്നയും രംഗത്തെത്തിയത്. കമൽ കുമാർ സുരീന്ദർ കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്.
ക്യാമ്പിന് നേരെ തീവ്രവാദികൾ നടത്തിയ വെടിവെപ്പിലാണ് സൈനിക ക്യാമ്പിൽ ചുമട്ടുതൊഴിലാളികളായി ജോലി ചെയ്തിരുന്ന യുവാക്കള്‍ കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചിരുന്നു.
മനോജ് സിൻഹ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 2020 ൽ ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടിരുന്നു. തീവ്രവാദികളാണ് കൊലപാതകത്തിന് പിന്നിൽ എന്നതായിരുന്നു അന്ന് സൈന്യം നല്‍കിയ വിശദീകരണം. പിന്നീട് നടന്ന അന്വേഷണത്തിലാണ് വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന് തെളിഞ്ഞത്. അതേപോലെ തന്നെ ഇതിന് പിന്നിലെ യാഥാർഥ്യവും പുറത്തുകൊണ്ടുവരണമെന്നാണ് ആവശ്യം. നാഷണൽ കോൺഫറൻസ് നേതാവ് ഡോ. ഫാറൂഖ് അബ്ദുല്ല, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷ മെഹ്ബൂബ മുഫ്തി എന്നിവരും കൊലപാതകത്തെ അപലപിച്ചു. സമയ ബന്ധിതമായ അന്വേഷണം വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
നാഷണൽ കോൺഫറൻസ് നേതാവ് ഡോ. ഫാറൂഖ് അബ്ദുല്ല, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷ മെഹ്ബൂബ മുഫ്തി എന്നിവരും കൊലപാതകത്തെ അപലപിച്ചു.
കേസ് അന്വേഷണത്തിൽ സൈന്യത്തിന്റെ എല്ലാ വിധ സഹകരണവും ഉണ്ടാകുമെന്ന് ഉന്നത തല സൈനിക ഉദ്യോഗസ്ഥർ പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ക്യാമ്പിന് നേരെ തീവ്രവാദികൾ നടത്തിയ വെടിവെപ്പിലാണ് സൈനിക ക്യാമ്പിൽ ചുമട്ടുതൊഴിലാളികളായി ജോലി ചെയ്തിരുന്ന യുവാക്കള്‍ കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചിരുന്നു.
സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഉന്നത തല സംഘവും പോലീസിന്റെ പ്രത്യേക അന്വേഷണ ടീമും സംഭവം അന്വേഷിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നോർത്തേൺ കമാൻഡ് മേധാവി, 25 ഇൻഫൻട്രി ഡിവിഷൻ ജനറൽ ഓഫീസർ എന്നിവരുമായും വിഷയം ചർച്ച ചെയ്തതായി രവീന്ദർ റെയ്ന പറഞ്ഞു.
രാജ്യത്ത് നിലനിൽക്കുന്ന ഭരണഘടനയുടെ പരിധിയിലാണ് ഏവരും പ്രവർത്തിക്കേണ്ടതെന്നും തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കണമെന്നും റെയ്ന പറഞ്ഞു. നിയമം എല്ലവർക്കും ഒരുപോലെ ബാധകമാണ്. സൈന്യത്തിന്റെ ഭാഗത്ത് നിന്ന് സുതാര്യതയും സത്യസന്ധതയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.