'കുട്ടികൾക്ക് പേടി'; ഒഡിഷ ദുരന്തത്തിലെ മൃതദേഹം സൂക്ഷിച്ച സ്‌കൂൾ കെട്ടിടം പൊളിച്ചു

'കുട്ടികൾക്ക് പേടി'; ഒഡിഷ ദുരന്തത്തിലെ മൃതദേഹം സൂക്ഷിച്ച സ്‌കൂൾ കെട്ടിടം പൊളിച്ചു

ട്രെയിൻ അപകടത്തിന് ശേഷം താത്കാലിക മോർച്ചറിയായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിലേക്ക് മടങ്ങാൻ വിദ്യാർഥികൾ മടിച്ചതിനെ തുടർന്നാണ് സ്കൂൾ പൊളിക്കാൻ തീരുമാനിച്ചത്
Updated on
1 min read

രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം താത്കാലികമായി സൂക്ഷിച്ചിരുന്ന സ്കൂൾ കെട്ടിടം പൊളിച്ചു നീക്കി. ബാലസോറിലെ ബഹനാഗ ഹൈസ്‌കൂൾ കെട്ടിടമാണ് ഇന്ന് രാവിലെ പൊളിച്ചത്. 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന് ശേഷം താത്കാലിക മോർച്ചറിയായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിലേക്ക് മടങ്ങാൻ വിദ്യാർഥികൾ മടിച്ചതിനെ തുടർന്നാണ് സ്കൂൾ പൊളിക്കാൻ തീരുമാനിച്ചത്. പുതിയ കെട്ടിടത്തിന്റെ പണി മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.

സ്‌കൂളിലേക്ക് പോകില്ലെന്ന് പറഞ്ഞ് രക്ഷിതാക്കളും വിദ്യാർഥികളും രംഗത്തെത്തിയിരുന്നു. മോർച്ചറിയായി ഉപയോഗിക്കുന്ന സ്‌കൂളിൽ കുട്ടികളെ അയയ്ക്കാൻ രക്ഷിതാക്കൾ മടിക്കുന്നതിനാൽ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമിക്കണമെന്ന് സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ഇതോടെയാണ് 65 വർഷം പഴക്കമുള്ള കെട്ടിടം പൊളിക്കാൻ തീരുമാനിച്ചത്. പുതിയ കെട്ടിടം നിർമിക്കുന്നതോടെ രക്ഷിതാക്കൾ അവരുടെ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാൻ മടിക്കില്ലെന്ന് സ്‌കൂൾ മാനേജിങ് കമ്മിറ്റി വൈസ് ചെയർമാൻ ദീപാഞ്ജലി സാഹു പറഞ്ഞു. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളുടെയും പൊതുമരാമത്ത് വകുപ്പിന്റെയും സാന്നിധ്യത്തിലാണ് പൊളിച്ചുനീക്കൽ ആരംഭിച്ചത്.

ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷന് സമീപം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ട്രെയിൻ അപകടത്തെത്തുടർന്ന് സ്കൂളിലെ ചില സീനിയർ വിദ്യാർഥികളും എൻസിസി കേഡറ്റുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതായി പ്രധാനാധ്യാപിക പറഞ്ഞു. സ്‌കൂളിൽ പഠിക്കുന്ന കൊച്ചുകുട്ടികൾ ഭീതിയിലാണ്. കുട്ടികളുടെ മനസ്സിൽ നിന്ന് ഭയം അകറ്റാനായി പൂജയും മറ്റ് ചടങ്ങുകളും നടത്താൻ സ്കൂൾ ആലോചിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.

വ്യാഴാഴ്ച ബാലസോർ ജില്ലാ കളക്ടർ ദത്താത്രയ ഭൗസാഹേബ് ഷിൻഡെ സ്കൂൾ സന്ദർശിച്ചിരുന്നു. മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന ക്ലാസ് മുറികളും സ്കൂൾ പരിസരവും അണുവിമുക്തമാക്കിയെങ്കിലും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബോധ്യപ്പെട്ടിട്ടില്ലെന്ന് സ്കൂൾ മാനേജിങ് കമ്മിറ്റി അംഗം രാജാറാം മൊഹപത്ര പറഞ്ഞു.

ജൂൺ രണ്ടിനാണ് രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടം നടന്നത്. അപകടത്തിൽ 288 പേർ മരിക്കുകയും 1100 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അപകടത്തെത്തുടർന്ന് ബഹനാഗ ഹൈസ്‌കൂളിൽ 205 മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നു.

logo
The Fourth
www.thefourthnews.in