നോട്ട് നിരോധനം സമ്പദ്ഘടന ശക്തിപ്പെടുത്താന്‍ ; റിസര്‍വ് ബാങ്കിന്റെ നിര്‍ദേശപ്രകാരമെന്ന് കേന്ദ്രം

നോട്ട് നിരോധനം സമ്പദ്ഘടന ശക്തിപ്പെടുത്താന്‍ ; റിസര്‍വ് ബാങ്കിന്റെ നിര്‍ദേശപ്രകാരമെന്ന് കേന്ദ്രം

കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം സുപ്രീംകോടതിയില്‍
Updated on
1 min read

2016 നവംബര്‍ 8ലെ നോട്ട് നിരോധനം റിസര്‍വ് ബാങ്കിന്റെ ശുപാര്‍ശയോടെ നടപ്പാക്കിയതെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. കള്ളപ്പണം ഇല്ലാതാക്കുക, നികുതി വെട്ടിപ്പ് തടയുക, ഭീകരപ്രവര്‍ത്തനം തടയുക എന്നിവ ലക്ഷ്യമിട്ടാണ് ആര്‍ബിഐയുടെ അറിവോടെയും നിര്‍ദേശപ്രകാരവും നോട്ട് നിരോധനം പ്രാബല്യത്തില്‍ കൊണ്ടുവന്നതെന്ന് കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു.

കള്ളപ്പണമില്ലാതാക്കാനും ഡിജിറ്റല്‍ പണമിടപാട് വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പഴയ 500,1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചതെന്ന് കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു . പാര്‍ലമെന്റ് നല്‍കിയ അധികാരം വിനയോഗിച്ചാണ് (ആര്‍ബിഐ ആക്ട് 1934) രാജ്യത്ത് നോട്ട് നിരോധനം നടപ്പിലാക്കിയതെന്നും കേന്ദ്രം വ്യക്തമാക്കുന്നു. സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിരോധനം നടപ്പാക്കിയതി . സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായിരുന്നു നോട്ട് നിരോധനനമെന്നും കേന്ദ്രം വാദിക്കുന്നു.

നോട്ട് നിരോധനത്തിനെതിരായ ഹര്‍ജി നിലവില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ് . നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമയം നീട്ടി ചോദിച്ചു. എന്നാല്‍ ഇതില്‍ അതൃപ്തി പ്രകടമാക്കി ജസ്റ്റിസ് ബി വി നാഗരത്‌ന രംഗത്തെത്തി. ഒരു ഭരണഘടനാ ബെഞ്ചും ഈ കാരണത്താല്‍ കേസ് മാറ്റിവെക്കാറില്ലെന്നും ഇത് ലജ്ജാകരമായ നടപടിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ടഹര്‍ജികള്‍ പരിശോധിക്കാനായി അഞ്ചംഗ ബെഞ്ചിനെയാണ് സുപ്രീംകോടതി നിയോഗിച്ചത്. ഒടുവില്‍ കേന്ദ്രത്തിന്റെ ആവശ്യപ്രകാരം കേസ് നവംബര്‍ 24 ലേക്ക് മാറ്റിവെക്കുകയായിരുന്നു .

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലെ ന്യൂനതകള്‍ മുന്‍ ധനകാര്യ മന്ത്രിയായ പി ചിദംബരം ചൂണ്ടികാണിച്ചതിനെ തുടര്‍ന്നാണ് വിശദമായ സത്യവാങ്മൂലം കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടത് . നോട്ട്‌ നിരോധനവുമായി ബന്ധപ്പെട്ട് 58 ലേറെ ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയത് . വിനിമയം നടത്തികൊണ്ടിരുന്ന 1000ത്തിന്റെയു 500ന്റെയും നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ചത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹര്‍ജികളില്‍ ആരോപിക്കുന്നു. ഡിജിറ്റല്‍ വിനിമയത്തിലേക്ക് മാറുമെന്ന് കേന്ദ്രം അവകാശപ്പെട്ടപ്പോഴും, കഴിഞ്ഞയാഴ്ച ആര്‍ബിഐ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം നോട്ട് നിരോധന സമയത്ത് രാജ്യത്തെ ജനങ്ങളുടെ കൈയിലുള്ളതിനേക്കാള്‍ 71.84% നോട്ടുകള്‍ ഇപ്പോഴുള്ളതെന്നാണ് കണ്ടെത്തല്‍.

logo
The Fourth
www.thefourthnews.in