'കേരളത്തിലെ ക്ഷേത്രത്തിൽ ദുർമന്ത്രവാദം നടന്നുവെന്ന് പറഞ്ഞിട്ടില്ല, വാക്കുകള്‍ വളച്ചൊടിച്ചു'; വിശദീകരണവുമായി ശിവകുമാർ
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപൊത്താന്‍ കേരളത്തിലെ തളിപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന രാജരാജേശ്വര ക്ഷേത്രത്തില്‍ ദുര്‍മന്ത്രവാദം നടക്കുന്നുവെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. രാജ രാജേശ്വര ക്ഷേത്രത്തില്‍ നിന്നും 15 കിലോമീറ്റര്‍ മാറി സ്വകാര്യ സ്ഥലത്ത് പൂജ ചെയ്തുവെന്നാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ഈ പൂജ നടന്ന സ്ഥലത്തിന്റെ പശ്ചാത്തലം സൂചിപ്പിക്കാനാണ് താന്‍ ക്ഷേത്രത്തിന്റെ പേര് പരാമര്‍ശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ഞാന്‍ രാജരാജേശ്വര ദേവിയുടെ ഭക്തനുമാണ്. രാജരാജേശ്വര ക്ഷേത്രത്തില്‍ ശത്രുസംഹാരപൂജ നടത്താറില്ലെന്നും എനിക്കറിയാം. എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെ സ്വകാര്യ സ്ഥലത്ത് പൂജ നടത്തുന്നതിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞതെന്ന് വ്യക്തമാക്കുന്നു,'' അദ്ദേഹം പറയുന്നു.
കുറച്ചുകാലം മുമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ അനുഗ്രഹം ലഭിക്കാന്‍ തനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് സന്ദര്‍ഭത്തില്‍ നിന്നും കാര്യങ്ങള്‍ എടുത്ത് തെറ്റായി വ്യാഖ്യാനിക്കരുതെന്നും ശിവകുമാര്‍ അഭ്യര്‍ത്ഥിച്ചു.
കോണ്‍ഗ്രസ് സര്‍ക്കാരിന് പ്രതിസന്ധിയും പ്രശ്‌നങ്ങളും ഉണ്ടാകാനും സര്‍ക്കാര്‍ നിലംപൊത്താനുമുള്ള കരു നീക്കങ്ങള്‍ക്കു രാഷ്ട്രീയ ശത്രുക്കള്‍ ദുര്‍മന്ത്രവാദത്തെ കൂട്ടുപിടിച്ചതായി വിവരം ലഭിച്ചെന്നാണ് ഡി കെ ശിവാകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. 'കേരളത്തിലെ രാജ രാജേശ്വര ക്ഷേത്രം കേന്ദ്രീകരിച്ച് വിവിധ യാഗങ്ങളും മൃഗബലിയും നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ശത്രു ഭൈരവി യാഗം ഉള്‍പ്പടെ നടന്ന, ഇതില്‍ പങ്കെടുത്തയാളാണ് രഹസ്യ വിവരം നല്‍കിയത്. അവര്‍ എന്ത് വേണേലും ചെയ്യട്ടെ. ഞാന്‍ വിശ്വസിക്കുന്ന ദൈവം ശക്തനാണ് ' എന്നായിരുന്നു നേരത്തെ ശിവകുമാര്‍ പറഞ്ഞത്. എന്നാല്‍ തന്റെ പ്രസ്താവന വളച്ചൊടിക്കുകയാണെന്നാണ് ശിവകുമാര്‍ ഇപ്പോള്‍ വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെ ഇറക്കാന്‍ നീക്കം നടത്തുന്നതും ദുര്‍മന്ത്രവാദത്തെ കൂട്ട് പിടിക്കുന്നതും ആരെന്നു തനിക്ക് അറിയാമെന്നും അവരതില്‍ വിദഗ്ധര്‍ ആണെന്നും ഡികെ പറഞ്ഞിരുന്നു. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
അതേസമയം ഡികെയുടെ ആരോപണം തള്ളി കേരളത്തിലെ മന്ത്രമാരും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു. ദേവസ്വം ബോര്‍ഡ് മന്ത്രി കെ രാധാകൃഷ്ണന്‍ ആരോപണം തള്ളിപ്പറഞ്ഞിരുന്നു. മൃഗബലി നടന്നതിന് തെളിവില്ലെന്ന് സ്പെഷൽ ബ്രാഞ്ചും അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.