കാലപ്പഴക്കം വിഷമിപ്പിക്കുന്ന ചീറ്റകള്‍; തുടര്‍ക്കഥയാവുന്ന ഹെലികോപ്റ്റര്‍ അപകടങ്ങള്‍ക്ക് പിന്നില്‍

കാലപ്പഴക്കം വിഷമിപ്പിക്കുന്ന ചീറ്റകള്‍; തുടര്‍ക്കഥയാവുന്ന ഹെലികോപ്റ്റര്‍ അപകടങ്ങള്‍ക്ക് പിന്നില്‍

മിക്ക ചീറ്റ ഹെലികോപ്റ്ററുകള്‍ക്കും 50 വര്‍ഷത്തിലേറെ പഴക്കമുണ്ട്
Updated on
2 min read

അരുണാചല്‍പ്രദേശില്‍ കരസേന ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് ഒരു സൈനികന്‍ മരിച്ചതോടെ ചീറ്റ ഹെലികോപ്റ്ററുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ചീറ്റ ഹെലികോപ്റ്റര്‍ അപകടം തുടര്‍ക്കഥയാകുന്നത് സൈന്യത്തിന് തലവേദനയാകുന്നു. കാലപ്പഴക്കം ചെന്ന ചീറ്റ, ചേതക് ഹെലികോപ്റ്ററുകള്‍ മാറ്റണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. നിലവില്‍ ഇന്ത്യന്‍ സൈന്യത്തില്‍ 190 ഓളം ചീറ്റ, ചേതക്, ചീറ്റല്‍ ഹെലികോപ്റ്ററുകളാണ് ഉള്ളത്.

സിയാച്ചിന്‍ മേഖലയിലടക്കം സാധനങ്ങള്‍ എത്തിക്കുന്നതിനും ആളുകളെ ഒഴിപ്പിക്കുന്നതിനുമടക്കം ഇവയാണ് നിരന്തരം ഉപയോഗിക്കുന്നത്.

കാലപഴക്കം കൊണ്ടും സാങ്കേതിക തകരാറുകള്‍ മൂലവും ചീറ്റ ഹെലികോപ്റ്ററുകള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മുന്‍വര്‍ഷങ്ങളുടെ കണക്ക് പരിശോധിക്കുമ്പോള്‍ 30 ലധികം അപകടങ്ങളാണ് ചീറ്റ ഉണ്ടാക്കിയത്. പൈലറ്റുള്‍പ്പെടെ 40 ലധികം ജീവനക്കാരാണ് ഇത്തരം അപകടങ്ങളില്‍ മരിച്ചത്. പല ചീറ്റകളും അര നൂറ്റാണ്ട് പിന്നിട്ടവരാണ്. ബാക്കിയുള്ളവയില്‍ ഭൂരിഭാഗവും 30 വര്‍ഷം പഴക്കമുള്ളതുമാണ്.

റഷ്യന്‍ എം ഐ -175വി5 ആണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനമായി കണക്കാക്കുന്നത്. ഗ്ലാസ് കോക്ക്പിറ്റ്, അത്യാധുനിക ഏവിയോണിക്‌സ്, നാല് മള്‍ട്ടിഫങ്ഷന്‍ ഡിസ്‌പ്ലേകള്‍, നൈറ്റ് വിഷന്‍ ഉപകരണങ്ങള്‍, ഓണ്‍ബോര്‍ഡ് വെതര്‍ റഡാര്‍, ഓട്ടോപൈലറ്റ് സിസ്റ്റം എന്നീ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ എം ഐ -175വി 5.

ഇതിനു വിപരീതമായി, ചീറ്റയും ചേതക്കും കാലഹരണപ്പെട്ട ഏവിയോണിക്സ് ഉള്ള ഒറ്റ എഞ്ചിന്‍ ഹെലികോപ്റ്ററുകളാണ്, ചലിക്കുന്ന മാപ്പ് ഡിസ്പ്ലേ, ഗ്രൗണ്ട് പ്രോക്സിമിറ്റി വാണിംഗ് സിസ്റ്റം, കാലാവസ്ഥ റഡാര്‍ തുടങ്ങിയ പ്രധാന സവിശേഷതകളൊന്നും തന്നെ ഇവക്കില്ല. ഓട്ടോപൈലറ്റ് സംവിധാനം ഇല്ലാത്തതിനാല്‍ മോശം കാലാവസ്ഥയില്‍ പൈലറ്റിനു ദിശ മാറിയാല്‍ നിയന്ത്രിക്കാന്‍ പോലും സാധിക്കില്ല.

ചേതക്കിന് സമതലങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ചില പ്രത്യേക ഭൂപ്രദേശങ്ങളില്‍ ചീറ്റ കഴിവു തെളിയിച്ചിട്ടുമുണ്ട്. ഉയരങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ചീറ്റപ്പുലിക്ക് സമാനതകളില്ലെന്നാണ് സൈനിക വ്യോമയാന വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യന്‍ സൈന്യം തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ചീറ്റയുടെ എഞ്ചിനില്‍ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.

എന്നാല്‍, അവയില്‍ ഭൂരിഭാഗത്തിന്റെയും കാലാവധി തീര്‍ന്നു . പഴയ സാങ്കേതിക വിദ്യയുള്ള ഈ ചീറ്റ കളെ ആധുനിക യുദ്ധത്തിനൊട്ടും അനുയോജ്യനല്ല. 2015 ഒരു ചീറ്റ അപകടത്തില്‍പെട്ടിരുന്നു എന്നാല്‍ അന്നതിലുണ്ടായിരുന്ന ജനറല്‍ റാവത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു.

കാര്‍ഗില്‍ യുദ്ധകാലത്താണ് ചീറ്റ കാര്യക്ഷമമായി കൃത്യ നിര്‍വഹണം നടത്തിയത് . ശത്രു സൈന്യത്തിന്റെ താവളങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുകയും ദ്രാസ്, ബട്ടാലിക് സെക്ടറുകളില്‍ സൈനികര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാനും പരിക്കേറ്റ സൈനികരെ രക്ഷിക്കാനും ഉപയോഗിച്ചതും ചീറ്റയാണ്

ഹെലികോപ്റ്റര്‍ പൈലറ്റുമാരുടെ അഭിപ്രായമനുസരിച്ച് ഓരോ വിമാനത്തിനും അതിന്റേതായ കാലപരിധിയുണ്ട്. എന്നാല്‍ ഇന്ത്യയിലെ ചീറ്റകള്‍ ആ പരിധിയും കടന്ന് അതി ജീവിക്കുകയാണ്. ഏകദേശം 4500 മണിക്കൂറാണ് ഒരു ചീറ്റയുടെ പറക്കലിന്റെ സമയം എന്നാല്‍ ഇന്ത്യന്‍ സൈനത്തിലെ ചീറ്റകള്‍ അതെല്ലാം മറികടന്ന് ഏകദേശം 6000 ല്‍ പരം മണിക്കൂറുകള്‍ പറന്നിട്ടുണ്ട്.

ഹെലികോപ്റ്ററിന്റെ ശരാശരി ആയുസ് 1750 മണിക്കൂറുകളാണ എന്നാല്‍ ഇന്ത്യയില്‍ ആ കാലാവധി എന്നോ കഴിഞ്ഞു പോയിരിക്കുന്നു. മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാത്തതിനാല്‍ പരിധിക്കപ്പുറവും ഇത്തരം ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഇന്നും സിയാച്ചിന്‍ ഹിമാനിയില്‍, 17,000 അടി ഉയരമുള്ള ചീറ്റപ്പുലികള്‍, മനുഷ്യനെയും യന്ത്രത്തെയും അപകടത്തിലാക്കിക്കൊണ്ട് 20,000 അടിയിലധികം ഉയരത്തില്‍ പറക്കുകയും ചെയ്യുന്നു.

logo
The Fourth
www.thefourthnews.in