ഒടുവില്‍ പൗരത്വ ഭേദഗതി ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രിം കോടതി; കേസിന്റെ വിശദാംശങ്ങൾ
കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിന് (സിഎഎ) എതിരായ ഹർജികളില്‍ ഇന്ന് സുപ്രിം കോടതി വാദം കേൾക്കും. ഈ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തു കൊണ്ട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികളാണ് സുപ്രിം കോടതിയെ സമീപിച്ചത്. രാജ്യത്തുടനീളം വ്യാപക പ്രതിഷേധത്തിന് കാരണമായ സിഎഎയെ വെല്ലുവിളിക്കുന്ന ഹർജികള്‍ ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ഭരണഘടന ബെഞ്ചാണ് പരിഗണിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് 2020 ജനുവരിയിൽ തന്നെ സുപ്രിം കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ കാരണം വിഷയത്തിൽ വിശദമായ വാദം കേൾക്കാൻ സാധിച്ചിരുന്നില്ല.
പൗരത്വ ഭേദഗതിയും നിയമപരമായ വെല്ലുവിളികളും
1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്തുകൊണ്ടായിരുന്നു 2019 ഡിസംബർ 12 ന് കേന്ദ്ര സർക്കാർ നിയമം പാസാക്കിയത്. 2020 ജനുവരി 10ന് സർക്കാർ വിജ്ഞാപനവും പുറപ്പെടുവിച്ചു. 2014 ഡിസംബർ 31-നോ അതിനുമുമ്പോ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ, ജൈന, പാഴ്‌സി സമുദായങ്ങളിൽപ്പെട്ടവർക്ക് മാത്രം പൗരത്വം നൽകുന്നതായിരുന്നു ഭേദഗതി.
പൗരത്വ ഭേദഗതിക്കെതിരെയുള്ള 189 ഹർജികളാണ് സുപ്രിം കോടതിയിലുള്ളത്. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗാണ് (IUML) പ്രധാന ഹർജിക്കാര്‍. ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി, ജയറാം രമേശ്, രമേശ് ചെന്നിത്തല, മഹുവ മൊയ്ത്ര തുടങ്ങിയ രാഷ്ട്രീയ നേതാക്കളും കേരള സർക്കാർ, അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി, ദ്രാവിഡ മുന്നേറ്റ കഴകം, അസംഗണ പരിഷത്ത് തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും മറ്റ് ഹർജിക്കാരിൽ ഉൾപ്പെടുന്നു. കേരളമാണ് ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിയെ ആദ്യമായി സമീപിച്ച സംസ്ഥാനം.
കുടിയേറ്റ ജനസംഖ്യ കൂടുതലുള്ള 13 ജില്ലകളിലെ കളക്ടർമാർക്ക്, പൗരത്വ അപേക്ഷകൾ സ്വീകരിക്കാനുള്ള അധികാരം നൽകികൊണ്ട് കേന്ദ്ര സർക്കാർ 2021 മെയ് 28ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു
എല്ലാ ഇന്ത്യൻ പൗരന്മാരും നിയമത്തിന് മുന്നിൽ തുല്യരും എല്ലാവർക്കും നിയമപരിരക്ഷ തുല്യമായി ലഭിക്കുമെന്നും ഉറപ്പാക്കുന്ന ഭരണഘടനയുടെ അനുച്ഛേദം 14നെ വെല്ലുവിളിക്കുന്നതാണ് ഭേദഗതിയെന്ന് ഹർജികളിൽ പറയുന്നു. പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്നതാണ് ഭേദഗതിയുടെ ലക്ഷ്യമെങ്കിൽ, ചില രാജ്യങ്ങളെ മാത്രം അതിനായി തിരഞ്ഞെടുക്കുന്നത് ശരിയായ നിലപാടല്ല. കൂടാതെ, മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത് ഭരണഘടനയുടെ മതേതര സ്വഭാവത്തിന് വിരുദ്ധമാണെന്നും ഹർജികളിൽ ചൂണ്ടികാട്ടുന്നു.
'പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾ' എന്ന് ഭേദഗതിയിൽ പറയുന്ന മൂന്ന് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രം പ്രത്യേക പരിഗണന നൽകുന്നത് ആർട്ടിക്കിൾ 14 പ്രകാരം ന്യായമായമാണോ എന്ന് പരിശോധിക്കണം. പരിഗണന നൽകുന്നതിൽ കേന്ദ്രം വിവേചനം കാണിക്കുന്നുണ്ടോ എന്നും പരിശോധിക്കണമെന്ന് ഹർജിക്കാർ കോടതിയോട് ആവശ്യപ്പെടുന്നു.
കേസിന്റെ നിലവിലെ സ്ഥിതി
പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജി ആകെ ഒരു തവണയാണ് കോടതി പരിഗണിച്ചത്. കുടിയേറ്റ ജനസംഖ്യ കൂടുതലുള്ള 13 ജില്ലകളിലെ കളക്ടർമാർക്ക്, പൗരത്വ അപേക്ഷകൾ സ്വീകരിക്കാനുള്ള അധികാരം നൽകികൊണ്ട് കേന്ദ്ര സർക്കാർ 2021 മെയ് 28ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നൽകിയ അപേക്ഷയിലായിരുന്നു വാദം കേട്ടത്. തുടർന്ന് കേന്ദ്ര സർക്കാര്‍ വിശദീകരണം നൽകി. ഇതിന് ശേഷം ഹർജിയില്‍ വാദം കേട്ടിട്ടില്ല.
സർക്കാരിന്റെ നിലപാട്
"2021 മെയ് മാസത്തില്‍ പുറപ്പെടുവിച്ച ഉത്തരവിന് പൗരത്വ നിയമ ഭേദഗതി നിയമവമായി ഒരു ബന്ധവുമില്ല” എന്നായിരുന്നു ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചത്.
വിജ്ഞാപനത്തിനെതിരായ ഹർജിയെ എതിർത്ത സർക്കാർ പൗരത്വ ഭേദഗതിയിൽ ഇടപെടാനുള്ള റിട്ട് ഹർജി ഗൂഢമാണെന്ന് കോടതിയെ അറിയിച്ചു
മുൻകാലങ്ങളിളും കളക്ടർമാർക്കും ആഭ്യന്തര സെക്രട്ടറിമാർക്കും ഇത്തരത്തിലുള്ള അധികാരങ്ങൾ നല്കിയിട്ടുണ്ടെന്ന് സർക്കാർ വാദിച്ചു. 2016-ൽ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ആറ് നിർദ്ദിഷ്ട ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവർക്ക് പൗരത്വം നൽകാനുള്ള അധികാരം നൽകിയിരുന്നു. പൗരത്വ അപേക്ഷകളിൽ അതിവേഗം തീരുമാനം എടുക്കുന്നത് ലക്ഷ്യമിട്ടാണ് ഇങ്ങനെ ചെയ്തതെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
കുടിയേറ്റക്കാർക്ക് ഒരു തരത്തിലുള്ള ഇളവുകളും നൽകുന്നില്ല. രാജ്യത്ത് നിയമപരമായി പ്രവേശിച്ചവർക്ക് മാത്രമേ വിജ്ഞാപനം ബാധകമാകൂ എന്നും സർക്കാർ വാദിച്ചു. വിജ്ഞാപനത്തിനെതിരായ ഹർജിയെ എതിർത്ത സർക്കാർ പൗരത്വ ഭേദഗതിതിയിൽ ഇടപെടാനുള്ള റിട്ട് ഹർജി ഗൂഢമാണെന്നും കോടതിയെ അറിയിച്ചു.