ഗോ ഫസ്റ്റിന് വീണ്ടും പറക്കാൻ അനുമതി: കർശന ഉപാധികൾ വെച്ച് ഡിജിസിഎ

ഗോ ഫസ്റ്റിന് വീണ്ടും പറക്കാൻ അനുമതി: കർശന ഉപാധികൾ വെച്ച് ഡിജിസിഎ

ഡിജിസിഎ ഫ്ലൈറ്റ് ഷെഡ്യൂൾ അംഗീകരിച്ചുകഴിഞ്ഞാൽ, ഗോ ഫസ്റ്റിന് ടിക്കറ്റ് വിൽപ്പന ആരംഭിക്കാനാകും
Updated on
1 min read

വിമാന സർവ്വീസ് പുനരാരംഭിക്കാനുള്ള ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന്റെ അഭ്യര്‍ഥന അംഗീകരിച്ച്‌ ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഗോ ഫസ്റ്റിന് ഡിജിസിഎ വീണ്ടും പറക്കാനുള്ള അനുമതി നൽകിയത്. വീണ്ടും സർവീസ് ആരംഭിക്കാനായി ജൂൺ 28 ന് കമ്പനി സമർപ്പിച്ച പദ്ധതിക്ക് അംഗീകാരം നൽകിയതായി ഡിജിസിഎ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞു. അതേസമയം ഡൽഹി ഹൈക്കോടതിയിലും നാഷണൽ കമ്പനി ലോ ട്രിബ്യൂണലിനും (എൻസിഎൽടി) മുമ്പാകെയുള്ള റിട്ട് ഹർജികളുടെ ഫലത്തിന് വിധേയമായിരിക്കും അനുമതിയെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കി.

ഗോ ഫസ്റ്റിന് വീണ്ടും പറക്കാൻ അനുമതി: കർശന ഉപാധികൾ വെച്ച് ഡിജിസിഎ
ഗോ ഫസ്റ്റ് എയര്‍ലൈനിന് 10 ലക്ഷം പിഴ: നടപടി 55 യാത്രക്കാരെ മറന്ന് വിമാനം പറന്നുയര്‍ന്നതില്‍

എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കുന്നതിന് ആവശ്യമായ എല്ലാ റെഗുലേറ്ററി ചട്ടങ്ങളും പാലിക്കുമെന്ന വ്യവസ്ഥയിൽ ഫ്ലൈറ്റ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഗോ ഫസ്റ്റിന് അനുമതിയുണ്ടെന്ന് ഡിജിസിഎ അറിയിച്ചു. ഒപ്പം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിമാനങ്ങളുടെ നിലവിലുള്ള 'ആകാശഗമനയോഗ്യത' അല്ലെങ്കിൽ ഫിറ്റ്നസ് പരിശോധിച്ച് ഉറപ്പുവരുത്തണം.

ഗോ ഫസ്റ്റിന് വീണ്ടും പറക്കാൻ അനുമതി: കർശന ഉപാധികൾ വെച്ച് ഡിജിസിഎ
ഗോ ഫസ്റ്റ് എയർലൈൻസിന്റെ പാപ്പരത്വ ഹർജി അംഗീകരിച്ച് എൻ‌സി‌എൽ‌ടി; ജീവനക്കാരെ പിരിച്ചുവിടരുതെന്ന് നിർദേശം

പ്രതിദിനം 114 വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള പദ്ധതിയാണ് ഇപ്പോൾ ഗോ ഫസ്റ്റിനുള്ളത്. ഇടക്കാല ധനസഹായത്തിന്റെ ലഭ്യതയും ഫ്ലൈറ്റ് ഷെഡ്യൂളിന് ഡിജിസിഎയുടെ അംഗീകാരവും ലഭിച്ചതിന് ശേഷം മാത്രമേ ഷെഡ്യൂൾ ചെയ്ത ഫ്ലൈറ്റ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ കമ്പനിക്ക് സാധിക്കുകയുള്ളു. ഡിജിസിഎ ഫ്ലൈറ്റ് ഷെഡ്യൂൾ അംഗീകരിച്ചുകഴിഞ്ഞാൽ, ഗോ ഫസ്റ്റിന് ടിക്കറ്റ് വിൽപ്പന ആരംഭിക്കാനാകും. ആകാശഗമനയോഗ്യതയുള്ള വിമാനങ്ങൾ, യോഗ്യതയുള്ള പൈലറ്റുമാർ, ക്യാബിൻ ക്രൂ, എഎംഇകൾ, ഫ്ലൈറ്റ് ഡെസ്പാച്ചർമാർ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഫ്ലൈറ്റ് ഷെഡ്യൂൾ സമർപ്പിക്കാൻ റെസലൂഷൻ പ്രൊഫഷണലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ റെസലൂഷൻ പ്രൊഫഷണൽ (ആർപി) സമർപ്പിച്ച പുനരാരംഭിക്കൽ പ്ലാനിനെ സ്വാധീനിക്കുന്ന കമ്പനിയിലെ ഏതൊരു മാറ്റവും ഉടൻ തന്നെ DGCA-യെ അറിയിക്കേണ്ടതാണ്. നിലവിൽ ജൂലൈ 23 വരെയുള്ള എല്ലാ സർവീസുകളും ഗോ ഫസ്റ്റ് റദ്ദാക്കിയിരിക്കുകയാണ്.

ഗോ ഫസ്റ്റിന് വീണ്ടും പറക്കാൻ അനുമതി: കർശന ഉപാധികൾ വെച്ച് ഡിജിസിഎ
ഗോ ഫസ്റ്റിന്റെ പാപ്പരത്വം അംഗീകരിച്ചതിനെതിരെ മൂന്ന് ഹർജികൾ; വിധി മേയ് 22ന്

നിലവിൽ ആരംഭിക്കുന്ന പ്രവർത്തനങ്ങൾ വിജയിക്കുകയാണെങ്കിൽ കമ്പനി അധിക പൈലറ്റുമാരെ റിക്രൂട്ട് ചെയ്യുമെന്നും ഫ്ലൈറ്റുകളുടെ എണ്ണം ക്രമേണ വർദ്ധിപ്പിക്കുമെന്നും റെസല്യൂഷൻ പ്രൊഫഷണൽ ശൈലേന്ദ്ര അജ്മേര വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മൂന്നു മാസമായി ഗോ ഫസ്റ്റിന്റെ സർവ്വീസുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in