ഡല്‍ഹിയില്‍ അതിശൈത്യം; മൂന്നു മണിക്കൂറിലധികം വൈകുന്ന വിമാനങ്ങൾ റദ്ദാക്കിയേക്കും, മാർഗനിർദേശം പുറപ്പെടുവിച്ച് ഡിജിസിഎ
ഡൽഹിയിൽ മൂടൽ മഞ്ഞ് മൂലം വ്യോമയാന ഗതാഗതം പ്രതിസന്ധിയിലായ സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ബോർഡ് ചെയ്യാൻ പറ്റാതിരിക്കുക, വിമാനങ്ങളുടെ കാലതാമസം, വിമാനങ്ങളുടെ റദ്ദാക്കൽ തുടങ്ങിയ സാഹചര്യങ്ങളിൽ കമ്പനികൾ യാത്രക്കാർക്ക് നൽകേണ്ട സൗകര്യങ്ങളാണ് മാർഗനിർദേശങ്ങളിൽ പറയുന്നത്. മൂന്നു മണിക്കൂറിനപ്പുറം വൈകാൻ സാധ്യതയുള്ളതോ വൈകുന്നതോ ആയ വിമാനങ്ങൾ എയർലൈനുകൾ റദ്ദാക്കിയേക്കും എന്ന് സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജിയറിൽ (എസ്ഒപി) ഡിജിസിഎ പറയുന്നു. എല്ലാ എയർലൈനുകളും ഉടൻ തന്നെ എസ്ഒപി പാലിക്കണമെന്ന് ഡിജിസിഎ അറിയിച്ചിട്ടുണ്ട്.
എന്നിരുന്നാലും, എയർലൈനുകളുടെ നിയന്ത്രണത്തിന് അതീതമായ അസാധാരണ സാഹചര്യങ്ങളുടെ കാര്യത്തിൽ, ഈ നിയമങ്ങളിലെ വ്യവസ്ഥകൾ ബാധകമല്ല. വിമാനക്കമ്പനികൾ തങ്ങളുടെ സർവീസുകളുടെ കാലതാമസത്തെക്കുറിച്ചുള്ള കൃത്യമായ തത്സമയ വിവരങ്ങൾ പ്രസിദ്ധീകരിക്കേണ്ടതുണ്ടെന്നും എസ്ഒപിയിൽ പറഞ്ഞിട്ടുണ്ട്. എയർലൈനിന്റെ ബന്ധപ്പെട്ട വെബ്‌സൈറ്റിലോ ബാധിതരായ യാത്രക്കാർക്ക് മെസേജ്, വാട്സാപ്പ്, ഇമെയിൽ എന്നിവ വഴിയോ മുൻകൂറായി വിവരം അറിയിക്കണം.
വിമാനത്താവളങ്ങളില്‍ കാത്തിരിക്കുന്ന യാത്രക്കാർക്ക് ഫ്ലൈറ്റ് കാലതാമസത്തെക്കുറിച്ചുള്ള അപ്‌ഡേറ്റ് ചെയ്ത വിവരങ്ങൾ പ്രദർശിപ്പിക്കണം. ഒപ്പം വിമാനത്തിന്റെ കാലതാമസത്തെക്കുറിച്ച് യാത്രക്കാരോട് ഉചിതമായ രീതിയിൽ ആശയവിനിമയം നടത്താനും തുടർച്ചയായി മാർഗനിർദേശം നൽകാനും എയർപോർട്ടുകളിലെ എയർലൈൻ സ്റ്റാഫിന് ബോധവൽക്കരണം നൽകണം.
കഴിഞ്ഞ ദിവസം വിമാനങ്ങൾ കൂട്ടത്തോടെ വൈകിയത് ഡൽഹി വിമാനത്താവളത്തിന്റെ സുഗമമായ നടത്തിപ്പിനെ ബാധിച്ചിരുന്നു. വിമാനം വൈകുന്നമെന്ന അറിയിപ്പ് പങ്കുവച്ച പൈലറ്റിനെ യാത്രക്കാരൻ മർദിച്ച ഒരു സംഭവം ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് പൈലറ്റിനെ മര്‍ദിച്ചത്.
മൂടൽ മഞ്ഞ് കാരണം ഡൽഹി കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ എക്‌സിലൂടെ വ്യക്തമാക്കിയിരുന്നു. വിമാനയാത്രയിലെ പ്രതികൂല കാലാവസ്ഥയുടെ ആഘാതം ലഘൂകരിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുകയാണെന്ന് അദ്ദേഹം യാത്രക്കാർക്ക് ഉറപ്പ് നൽകിയിരുന്നു.
വെല്ലുവിളി നിറഞ്ഞ ഇത്തരം സന്ദർഭങ്ങളില്‍ വിമാനത്തിലെ അനിയന്ത്രിതമായ പെരുമാറ്റങ്ങൾ അനുവദിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം പെരുമാറ്റങ്ങളെ നിയമ വ്യവസ്ഥകൾക്കനുസരിച്ച് നേരിടുമെന്നും സിന്ധ്യ വ്യക്തമാക്കി. യാത്രക്കാരുമായുള്ള ആശയവിനിമയം സുഗമമാക്കാൻ വിമാനക്കമ്പനികൾക്കായി ഡിജിസിഎ ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) പുറപ്പെടുവിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.