മോശം പെരുമാറ്റമുള്ള യാത്രക്കാരെ നിയന്ത്രിക്കണം; ഇല്ലെങ്കില്‍ ജീവനക്കാര്‍ക്കെതിരെ നടപടി- ഡിജിസിഎ മാര്‍ഗരേഖ
മോശമായി പെരുമാറുന്ന യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനത്തില്‍ യാത്രക്കാര്‍ പ്രശ്‌നമുണ്ടാക്കുമ്പോള്‍ ജീവനക്കാര്‍ ഇടപെടേണ്ട രീതികളെക്കുറിച്ച് പരാമര്‍ശിക്കുന്ന മാര്‍ഗരേഖ ഡിജിസിഎ പുറത്തിറക്കി. പൈലറ്റുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുണ്ട്. വിമാനത്തിലെ ജീവനക്കാരുടെയാകെ സുരക്ഷാ ചുമതല പൈലറ്റിനായിരിക്കും. അനുചിതമായി പെരുമാറുന്ന യാത്രക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടാൽ എയർലൈൻ ജീവനക്കാർ നടപടി നേരിടേണ്ടിവരുമെന്നും ഡിജിസിഎ വ്യക്തമാക്കുന്നു.
എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായ അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം. ജീവനക്കാരുടെ നിലപാട് വ്യോമയാന മേഖലയുടെ പ്രതിച്ഛായ തകര്‍ത്തെന്ന് ഡിജിസിഎ ചൂണ്ടിക്കാട്ടുന്നു. '' അടുത്ത കാലത്തായി വിമാനത്തില്‍ യാത്രക്കാരുടെ അനുചിതമായ പെരുമാറ്റം ആവര്‍ത്തിക്കുന്നു. അതിനെതിരെ ഉചിതമായി നടപടികള്‍ സ്വീകരിക്കുന്നതില്‍ ജീവനക്കാര്‍ പരാജയപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ വിമാനക്കമ്പനികളുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു. ബാധകമായ നിയന്ത്രണങ്ങള്‍ പാലിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കും'' - ഡിജിസിഎ അറിയിച്ചു.
അതിനിടെ എയര്‍ ഇന്ത്യ യാത്രക്കാരിയായ വയോധികയുടെ ദേഹത്ത് മൂത്രമൊഴിച്ച ശങ്കർ മിശ്രയെ ജോലിയില്‍ നിന്ന് പുറത്താക്കി. കാലിഫോര്‍ണിയ ആസ്ഥാനമായ വെല്‍സ് ഫാര്‍ഗോ കമ്പനിയാണ് നടപടിയെടുത്തത്. അന്വേഷണത്തോട് സഹകരിക്കുമെന്ന് വെല്‍സ് ഫാര്‍ഗോ കമ്പനി അറിയിച്ചു.
നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയയാണ് ശങ്കര്‍ മിശ്ര വിമാനത്തിലുണ്ടായ വയോധികയോട് അപമര്യാദയായി പെരുമാറിയത്. എയര്‍ ഇന്ത്യയുടെ ബിസിനസ് ക്ലാസിലായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഇയാള്‍ വയോധികയുടെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു. എയര്‍ ഇന്ത്യക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് വയോധിക ആരോപിച്ചിരുന്നു. ഫ്ലെെറ്റിനുള്ളില്‍ നിന്നും ഇത്തരമൊരു ദുരനുഭവമുണ്ടായിട്ടും ക്രൂ, പ്രശ്നത്തെ വേണ്ടവിധം കെെകാര്യം ചെയ്തില്ലെന്നും തനിക്കു വേണ്ടി ആരും സംസാരിച്ചില്ലെന്നും യാത്രക്കാരി ആരോപിച്ചിരുന്നു. ജനുവരി നാലിനാണ് വിഷയം ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ പരാതി നല്‍കിയത്.
എയര്‍ ഇന്ത്യയ്ക്ക് അയച്ച കത്തില്‍ പരാതിക്കാരി തന്റെ ഭയപ്പെടുത്തുന്ന അനുഭവം വിശദമായി പരാമര്‍ശിച്ചിരുന്നു. തന്റെ സീറ്റ്, വസ്ത്രങ്ങള്‍, ബാഗ്, ഷൂ എന്നിവ മൂത്രത്തില്‍ നനഞ്ഞതായി ജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍ ഫ്ലൈറ്റ് സ്റ്റാഫ് അത് തൊടാന്‍ വിസമ്മതിച്ചു. സീറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ സീറ്റുകളൊന്നും ഇല്ലെന്നായിരുന്നു മറുപടി. ഫസ്റ്റ് ക്ലാസില്‍ സീറ്റ് ഒഴിവുണ്ടായിരുന്നു. എന്നാല്‍ അത് നല്‍കരുതെന്ന് പൈലറ്റ് വിലക്കിയതായി ക്രൂ അറിയിച്ചെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. പിന്നീട് ബാഗിലും ഷൂസിലും അണുനാശിനി തളിക്കുകയും ഒരു സെറ്റ് പൈജാമയും സോക്സും നല്‍കുകയും ചെയ്തെന്ന് അവര്‍ പറയുന്നു. യാത്രക്കാരുടെ സുരക്ഷയും അന്തസ്സും സംരക്ഷിക്കുന്നതില്‍ വിമാനത്തിലെ ജീവനക്കാര്‍ പരാജയപ്പെട്ടുവെന്നും അവര്‍ ആരോപിച്ചിരുന്നു.