ഭീഷണികൾക്കിടയിലും അചഞ്ചലൻ; ടൈം മാഗസിന്റെ 'അടുത്ത തലമുറ' നേതാക്കളുടെ പട്ടികയില്‍ ഇടം നേടി ധ്രുവ്
ടൈം മാഗസിന്റെ അടുത്ത തലമുറ നേതാക്കളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും ഇടം നേടി യൂട്യൂബറും വ്‌ളോഗറുമായ ധ്രുവ് രതി. സാമൂഹ്യ പ്രവര്‍ത്തകനും ഫാക്ട് ചെക്കറും കൂടിയായ ധ്രുവിന് യൂട്യൂബില്‍ 13 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരുണ്ട്. 2 ലക്ഷം കോടി ആളുകളാണ് ധ്രുവിന്റെ പ്രേക്ഷകരായി വീഡിയോകള്‍ കാണുന്നത്.
വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളും സെല്ലുലാര്‍ ഡാറ്റകളും ഇന്ത്യയിലെ ഇന്റര്‍നെറ്റ് കുതിച്ചുചാട്ടത്തിലേക്ക് കാരണമായ 2014ലാണ് ധ്രുവ് യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. ഹരിയാനയിലെ ചെറിയ ഗ്രാമത്തില്‍ ജനിച്ച് ജര്‍മനിയില്‍ മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ് പഠിച്ച, യൂട്യൂബ് എഡ്യുക്കേറ്റര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന 28കാരനായ ധ്രുവ് ഹിന്ദിയില്‍ ഫാക്ട് ചെക്കിങ്ങ് വിഷയങ്ങള്‍ മുന്‍നിര്‍ത്തി വീഡിയോകള്‍ ചെയ്യാറുണ്ട്. ധ്രുവിന്റെ വീഡിയോകളെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാണ്.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് എങ്ങനെ ഉപയോഗിക്കണമെന്ന പരിശീലനം ലഭിച്ചിട്ടില്ലെന്നും വാട്‌സ്ആപ്പിലും യൂട്യൂബിലും കാണുന്നത് അന്ധമായി വിശ്വസിക്കുമെന്നും ധ്രുവ് ടൈമിനോട് പറയുന്നു. കാര്യങ്ങള്‍ കഴിയുന്നത്ര ലളിതമായി അവതരിപ്പിക്കുകയും സങ്കീര്‍ണണായ പ്രശ്‌നങ്ങളെ ലളിതമായ വാക്കുകളില്‍ തകര്‍ക്കുകയും ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കാണുന്ന യൂട്യൂബ് ചാനലിലൊന്നാണ് ധ്രുവിന്റേത്. വിവാദമായ 'ദി കേരള സ്‌റ്റോറി' എന്ന സിനിമ, ഇസ്‌ലാമോഫോബിക് ഗൂഢാലോചന സിദ്ധാന്തം തെറ്റായി പ്രചരിപ്പിച്ച് ഒരു ഹിന്ദു- ദേശീയ സര്‍ക്കാരിന്റെ ആഖ്യാനമാണ് മുന്നോട്ട് വെക്കുന്നതെന്ന് വാദിക്കാന്‍ 23 മിനുറ്റ് വീഡിയോയിലൂടെ അദ്ദേഹത്തിന് സാധിച്ചു. സര്‍ക്കാരിന്റെ തന്നെ ഡാറ്റയും അന്താരാഷ്ട്ര സ്രോതസ്സുകളും ഉപയോഗിച്ച് കൊണ്ട് എതിര്‍ വാദങ്ങള്‍ ഉന്നയിച്ച ധ്രുവിന് പല അനന്തരഫലങ്ങളും ഇതുമൂലം അനുഭവിക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ പങ്കാളിക്ക് നേരിടേണ്ട ബലാത്സംഗ ഭീഷണി വരെ ഇതില്‍പ്പെടും. ഒരു വീഡിയോയിലൂടെ ഇന്ത്യന്‍ അധീനതയിലുള്ള കശ്മീരിന്റെ വികലമായ മാപ്പ് ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ ധ്രുവിന്റെ വീഡിയോ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ബ്ലോക്കും ചെയ്തിരുന്നു.
എന്നാല്‍ ഇത്തരം വെല്ലുവിളികള്‍ക്കിടയിലും ധ്രുവ് അചഞ്ചലമായി തുടരുകയാണ്. ''ഞാന്‍ എന്റെ ജീവിതത്തില്‍ ശരിക്കും വിലമതിക്കുന്ന മൂല്യങ്ങളായ സഹിഷ്ണുത, സഹവര്‍ത്തിത്വം, പരസ്പരം അഭിപ്രായങ്ങള്‍ സ്വീകരിക്കല്‍ എന്നിവ അവര്‍ പഠിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍ വീഡിയോ ചെയ്യുന്നത്''- എന്നാണ് ധ്രുവിന്റെ വിശദീകരണം. നിസാരമായ കാര്യം ചെയ്യുന്നതിലൂടെ ഇത്രയും ശ്രദ്ധയാകര്‍ഷിക്കാന്‍ സാധിക്കുമെന്ന് താന്‍ ആശ്ചര്യപ്പെടുന്നുണ്ടെന്ന് പറഞ്ഞ ധ്രുവ് ആരും അത് ചെയ്യാന്‍ ധൈര്യപ്പെടാത്തത് കൊണ്ടാകാമിതെന്നും കൂട്ടിച്ചേര്‍ത്തു.
ആദ്യസമയത്ത് യാത്രാ വീഡിയോകള്‍ പങ്കുവെച്ച് തുടങ്ങിയ ധ്രുവ് പിന്നീട് സാമൂഹ്യ-രാഷ്ട്രീയ പ്രധാനമുള്ള വീഡിയോകള്‍ക്ക് പ്രാധാന്യം നല്‍കി. ഗൗരവമുള്ള വീഡിയോകള്‍ക്ക് പുറമേ തന്റെ ചാനലില്‍ പീ ന്യൂസ് എന്ന പേരില്‍ ഒരു ആക്ഷേപ ഹാസ്യ പരിപാടിയും ധ്രുവ് നടത്തുന്നുണ്ട്.
'ഇന്ത്യന്‍ മാധ്യമത്തിലെ ഫാക്ട് ചെക്കിങ്ങ് ബുദ്ധിമുട്ടാണ്; എന്നാല്‍ ധ്രുവ് രതി അതിന് വേണ്ടി യൂട്യൂബ് ഉപയോഗിക്കുന്നു' എന്ന തലക്കെട്ടോട് കൂടിയാണ് ടൈം ധ്രുവിനെ പരിചയപ്പെടുത്തിയത്. ടൈം മാഗസിന്റെ 2023ലെ അടുത്ത തലമുറ നേതാക്കളില്‍ ഉള്‍പ്പെടാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നും ഇന്ത്യയെ അന്താരാഷ്ട്ര തലത്തില്‍ പ്രതിനിധീകരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും ധ്രുവും എക്‌സിലൂടെ പങ്കുവെച്ചു.