ആർജെഡിക്കു പിന്നാലെ ജെഎംഎമ്മും കോൺഗ്രസിനു നേരെ; ഝാർഖണ്ഡിൽ സീറ്റ് വിഭജനത്തിൽ തർക്കം

ആർജെഡിക്കു പിന്നാലെ ജെഎംഎമ്മും കോൺഗ്രസിനു നേരെ; ഝാർഖണ്ഡിൽ സീറ്റ് വിഭജനത്തിൽ തർക്കം

ആകെയുള്ള 81 സീറ്റിൽ 70 എണ്ണം കോൺഗ്രസും ജെഎംഎമ്മും പരസ്പരം പിന്തുണയ്ക്കുമെന്നാണ് ധാരണ
Updated on
2 min read

ഝാർഖണ്ഡിൽ സീറ്റ് വിഭജനത്തിൽ തർക്കം. ആർജെഡിക്കു പിന്നാലെ മുറുമുറുപ്പുമായി ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം)യും. കോൺഗ്രസ് മുന്നോട്ടുവച്ച സീറ്റ് വിഭജന സമവാക്യങ്ങൾ പാടെ തള്ളി ആർജെഡി നേരത്തെ രംഗത്തെത്തിയിരുന്നു.

ആർജെഡിയും തങ്ങളും തമ്മിൽ സീറ്റ് ധാരണയുണ്ടാക്കുമെന്നായിരന്നു കോൺഗ്രസ് നേരത്തെ നൽകിയ ഉറപ്പ്. ഇതു ലംഘിച്ച് ജെഎംഎം വിഹിതത്തിൽനിന്ന് ആർജെഡിക്ക് സീറ്റ് നൽകണമെന്ന നിർദേശത്തിലാണ് ജെഎംഎം എതിർപ്പുയർത്തിയിരിക്കുന്നത്.

ആകെയുള്ള 81 സീറ്റിൽ 70 എണ്ണത്തിൽ കോൺഗ്രസ്സും ജെഎംഎമ്മും പരസ്പരം പിന്തുണയ്ക്കുമെന്നായിരുന്നു ആദ്യ ധാരണ. അതിൽ കോൺഗ്രസിൻ്റെ വിഹിതത്തിൽനിന്നാണ് ആർജെഡിക്ക് സീറ്റ് നൽകാൻ തീരുമാനിച്ചത്. എന്നാൽ 12-13 സീറ്റുകളിൽ താഴെയായി തങ്ങളുടെ വിഹിതം കുറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ആർജെഡി ഇപ്പോൾ പറയുന്നത്.

സീറ്റ് വിഭജനത്തിൽ ഏകകണ്ഠമായ നിലപാടാണുള്ളതെന്ന് പറഞ്ഞ ആർജെഡി രാജ്യസഭാ എംപി മനോജ് ഝാ തങ്ങൾ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറയുന്നു. 18 മുതൽ 20 മണ്ഡലങ്ങളിൽ തങ്ങൾക്കു കൃത്യമായ സ്വാധീനമുണ്ടെന്നാണ് ആജെഡിയുടെ അവകാശവാദം.

ബിജെപിയെ തോൽപ്പിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനുവേണ്ടി എന്ത് നീക്കുപോക്കിനും തയ്യാറാണെന്നു പറയുന്ന മനോജ് ഝാ, ഇനി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുന്ന സാഹചര്യമുണ്ടായാലും 60-62 സീറ്റിൽ പ്രതിപക്ഷ മുന്നണിക്കു പിന്തുണ നൽകുമെന്നും അറിയിച്ചു.

കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ചയിൽ ജെഎംഎം നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ തൃപ്തനല്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായി നടത്തിയ ചർച്ചയിലാണ് ആർജെഡിക്കു കൂടുതൽ സീറ്റുകൾ ജെഎംഎമ്മിന്റെ വിഹിതത്തിൽനിന്ന് നൽകണമെന്ന നിർദേശം വന്നത്. അതിൽ ഹേമന്ത് സോറൻ അസ്വസ്ഥനാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ആർജെഡിക്കു പിന്നാലെ ജെഎംഎമ്മും കോൺഗ്രസിനു നേരെ; ഝാർഖണ്ഡിൽ സീറ്റ് വിഭജനത്തിൽ തർക്കം
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: 99 സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കി ബിജെപി

50 സീറ്റിൽ ജെഎംഎം മത്സരിക്കുമെന്നാണ് നിലവിൽ അറിയുന്നത്. അതിൽ 41 എണ്ണത്തിലാണ് കോൺഗ്രസുമായി ധാരണയുള്ളത്. ബാക്കിയുള്ള 29 സീറ്റിൽ കോൺഗ്രസിന് ജെഎംഎമ്മിന്റെ പിന്തുണ ലഭിക്കും. തങ്ങളുടെ സീറ്റു വിഹിതത്തിൽനിന്ന് ഒരു പങ്ക് ആർജെഡിക്ക് നൽകാമെന്നായിരുന്നു കോൺഗ്രസിന്റെ വാഗ്ദാനം. തങ്ങൾക്കു ലഭിച്ച സീറ്റുകളുടെ എണ്ണം കുറവാണെന്ന പരാതിയുമായി ആർജെഡി രംഗത്തെത്തിയതോടെ ജെഎംഎമ്മുമായി ധാരണയിലെത്തിയ 41 സീറ്റിൽനിന്ന് ചിലമണ്ഡലങ്ങൾ നൽകണമെന്ന ആവശ്യം കോൺഗ്രസ് മുന്നോട്ടുവയ്ക്കുകയായിരുന്നു.

എന്നാൽ, ആർജെഡി സംസ്ഥാനത്തെ പ്രധാനകക്ഷിയല്ലെന്നതാണ് ജെഎംഎമ്മിന്റെ പക്ഷം. വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളാണ് തങ്ങളുടേതെന്നും അത് നഷ്ടപ്പെടുത്താൻ തയ്യാറല്ലെന്നും പറയുന്ന ജെഎംഎം, ആർജെഡിയെ കൂടെക്കൂട്ടണമെന്ന് കോൺഗ്രസിന് ആഗ്രഹമുണ്ടെങ്കിൽ അത് അവരുടെ സ്വന്തം വിഹിതത്തിൽനിന്ന് സീറ്റ് നൽകണമെന്നതാണ് നിലപാടാണ് മുന്നോട്ടുവെക്കുന്നത്.

ആർജെഡിയും കോൺഗ്രസും തമ്മിൽ ദേശീയതലത്തിൽ ബന്ധമുള്ളതാണ്, അവർക്ക് ധാരണകളാവാം. തങ്ങളെ പോലൊരു പ്രാദേശിക പാർട്ടിയുമായി ആർജെഡി ഇടപെടേണ്ടതില്ലെന്ന പൊതുപ്രസ്താവനയുമായിപോലും ചില ജെഎംഎം നേതാക്കൾ രംഗത്തെത്തുന്നുണ്ട്. 2020 ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ എസ് ടി സംവരണ സീറ്റായ കട്ടോറിയ ഉൾപ്പെടെ മൂന്നു സീറ്റ് ജെഎംഎം ആവശ്യപ്പെട്ടിട്ട് ആർജെഡി നൽകാൻ കൂട്ടാക്കിയിരുന്നില്ല.

കോൺഗ്രസ് വിട്ട് ബിജെപിയിൽ പോവുകയും പിന്നീട് ജെഎംഎമ്മിൽ എത്തുകയും ചെയ്ത നിരവധി നേതാക്കൾക്ക് അവർ സീറ്റ് നൽകുന്നുവെന്നത് കോൺഗ്രസിനെ ചൊടിപ്പിക്കുന്നമുണ്ട്. അതിൽ പ്രധാനപ്പെട്ട നേതാവാണ് അനന്ത പ്രതാപ് ഡിയോ. മുൻപ് കോൺഗ്രസ് എംഎൽഎയായിരുന്ന അദ്ദേഹം പിന്നീട് ബിജെപിയിൽ പോയി. ഇപ്പോൾ ജെഎംഎമ്മിലെത്തി. ഭവനാഥ്പൂർ സീറ്റിലേക്ക് ജെഎംഎം പരിഗണിക്കുന്നത് ഇദ്ദേഹത്തെയാണെന്നാണ് ഇപ്പോൾ അറിയുന്നത്.

ആർജെഡിക്കു പിന്നാലെ ജെഎംഎമ്മും കോൺഗ്രസിനു നേരെ; ഝാർഖണ്ഡിൽ സീറ്റ് വിഭജനത്തിൽ തർക്കം
ഗൗരി ലങ്കേഷ് വധക്കേസ്: പ്രതിക്ക് പാർട്ടി ചുമതല നൽകി ശിവസേന, മാലയിട്ട് സ്വീകരിക്കുന്ന ഹിന്ദുത്വ സംഘങ്ങള്‍; തീവ്രവലതുപക്ഷങ്ങള്‍ നല്‍കുന്ന സന്ദേശമെന്ത്?

റാഞ്ചി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട സീറ്റുകളിൽ ഇത്തവണ ജെഎംഎമ്മിനു പിന്തുണ നൽകുക മാത്രമാണ് കോൺഗ്രസ് ചെയ്യുക. കഴിഞ്ഞ തവണ സംസ്ഥാനത്തെ ആറ് ജില്ലകളിൽ കോൺഗ്രസിന് സ്ഥാനാർഥികളുണ്ടായിരുന്നില്ല. ജമുന, ഭവ്നാഥ്പുർ ഉൾപ്പെടെയുള്ള സീറ്റുകൾ അതിൽ ഉൾപ്പെടും. ഇത്തവണ പാർട്ടി മത്സരിക്കാത്ത ജില്ലകളുടെ എണ്ണം എട്ടിലേക്കെത്തി. ഭവ്നാഥ്പുരാണ് അതിൽ ഏറ്റവും നിർണായകമായ ജില്ല.

ബിഹാർ, ഛത്തിസ്‌ഗഡ്, ഉത്തർപ്രദേശ് എന്നിങ്ങനെ മൂന്നു സംസ്ഥാനങ്ങളുമായി അതിർത്തിപങ്കിടുന്ന ഈ ജില്ലയിൽ കോൺഗ്രസിന് ഒരു സ്ഥാനാർഥിപോലുമില്ലെന്നത് വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കാര്യമായി തന്നെ ബാധിക്കുമെന്ന വിലയിരുത്തലുകളുമുണ്ട്.

logo
The Fourth
www.thefourthnews.in