ഡിജിറ്റല്‍ ഡിവൈഡ്;
ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് ഉപയോഗത്തിലും അസമത്വം

ഡിജിറ്റല്‍ ഡിവൈഡ്; ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് ഉപയോഗത്തിലും അസമത്വം

സാങ്കേതികമായി ഓരോ വര്‍ഷവും 13 ശതമാനം വളര്‍ച്ച കൈവരിക്കുമ്പോഴും നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളില്‍ 33 ശതമാനം മാത്രമാണ് ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍
Updated on
1 min read

ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ അസമത്വം നിലനില്‍ക്കുന്നതായി പഠനം. ഗ്രാമ-നഗര വ്യത്യാസവും സ്ത്രീ പുരുഷ അസമത്വവും ഇന്‍റര്‍നെറ്റ് ഉപയോഗത്തിലും നിലനില്‍ക്കുന്നതായി കണ്ടെത്തല്‍. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ മൂന്നില്‍ ഒന്നും സ്ത്രീകളാണെന്നാണ് ഓക്‌സ്ഫാം ഇന്ത്യ എന്ന എന്‍ജിഒ നടത്തിയ പഠനം വ്യക്തമാക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉണ്ടാകാനുള്ള സാധ്യത 15 ശതമാനം കുറവാണെന്നും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ മൊബൈല്‍ ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള സാധ്യത 33 ശതമാനം കുറവാണെന്നും പഠനം പറയുന്നു.

ഏഷ്യ-പസഫിക്കില്‍, 40.4 ശതമാനം ലിംഗ വ്യത്യാസം നിലനില്‍ക്കുന്ന ഇന്ത്യയാണ് ഏറ്റവും മോശം അവസ്ഥയിലുള്ളതെന്നും പഠനം പറയുന്നു. ഗ്രാമ-നഗര ഡിജിറ്റല്‍ വിഭജനവും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സാങ്കേതികമായി ഓരോ വര്‍ഷവും 13 ശതമാനം വളര്‍ച്ച കൈവരിക്കുമ്പോഴും നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളില്‍ 33 ശതമാനം മാത്രമാണ് ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍. അതേസമയം നഗരങ്ങളില്‍ 67 ശതമാനം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരായുണ്ട്.

സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗം കൂടുതലായുള്ള മഹാരാഷ്ട്രയിലും ഗോവയിലും കേരളത്തിലുമാണെന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമിയുടെ ഹൗസ്ഹോള്‍ഡ് സര്‍വേയില്‍ വ്യക്തമാക്കിയത്. ഏറ്റവും കുറവ് ഇന്റര്‍നെറ്റ് ഉപയോഗം ബിഹാറിലും ഛത്തീസ്ഗഡിലും ജാര്‍ഖണ്ഡിലുമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. 2018 ജനുവരി മുതല്‍ 2021 ഡിസംബര്‍ വരെ നടത്തിയ പഠനത്തിലാണ് വിലയിരുത്തല്‍.

2017-2018 ല്‍ എന്‍എസ്എസ് നടത്തിയ പഠനമനുസരിച്ച് വിദ്യാര്‍ത്ഥികളില്‍ 9 ശതമാനം പേര്‍ക്ക് മാത്രമേ ഇന്റര്‍നെറ്റ് സംവിധാനമുള്ള കമ്പ്യൂട്ടര്‍ സ്വന്തമായുള്ളൂ , എന്‍റോള്‍ ചെയ്ത വിദ്യാര്‍ത്ഥികളില്‍ 25 ശതമാനം പേര്‍ക്ക് മാത്രമേ ഏതെങ്കിലും തരത്തിലുള്ള ഉപകരണങ്ങളിലൂടെ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാവുന്നുള്ളൂ. കോവിഡ് ലോക്ഡൗണ്‍ സൃഷ്ടിച്ച ഡിജിറ്റല്‍ മുന്നേറ്റത്തിന്റെ ഫലമായി 2021ല്‍ ഏറ്റവും കൂടുതല്‍ തത്സമയ ഡിജിറ്റല്‍ ഇടപാടുകള്‍ ഇന്ത്യയില്‍ നടന്നുവെന്നും പഠനം വ്യക്തമാക്കി. 48.6 ബില്യണ്‍ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ ആണ് ആ കാലയളവില്‍ ഇന്ത്യയില്‍ നടന്നത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 40 ശതമാനത്തേക്കാള്‍, സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന 60% ആളുകള്‍ നാലിരട്ടി ഇടപാടുകള്‍ നടത്തുന്നു. ഔദ്യോഗിക സാമ്പത്തിക സേവനങ്ങള്‍ ഉപയോഗിക്കുന്നവരില്‍ ഒബിസി, എസ്‌സി വിഭാഗക്കാരേക്കാള്‍ കുറവാണ് എസ്ടി വിഭാഗക്കാരെന്നും പഠനം വ്യാക്തമാക്കുന്നു. എസ്സി, എസ്ടി വിഭാഗങ്ങളെ അപേക്ഷിച്ച് ജനറല്‍, ഒബിസി വിഭാഗങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ ആക്സസ് ചെയ്യാനുള്ള അവസരങ്ങള്‍ കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു.

ഓണ്‍ലൈന്‍ സേവനങ്ങള്‍, ടെലികമ്മ്യൂണിക്കേഷന്‍ കണക്ടിവിറ്റി, മനുഷ്യശേഷി എന്നീ ഇ-ഗവണ്‍മെന്റിന്റെ മൂന്ന് പ്രധാന മാനദണ്ഡങ്ങള്‍ വച്ചുള്ള യുഎന്നിന്റെ ഇ-പങ്കാളിത്ത സൂചിക അനുസരിച്ച് 193 രാജ്യങ്ങളില്‍ ഇന്ത്യ 105-ാം സ്ഥാനത്താണ്. 2018-നും 2021-നും ഇടയില്‍ ജനറല്‍ വിഭാഗവും എസ്ടി വിഭാഗവും തമ്മിലുള്ള വ്യത്യാസം ഏഴ് മുതല്‍ എട്ട് ശതമാനം വരെയാണ്.

logo
The Fourth
www.thefourthnews.in