ഡി കെ ശിവകുമാറിന് ആശ്വാസം, അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേണത്തിനുള്ള സ്റ്റേ തുടരും
അനധികൃത സ്വത്ത് സമ്പാദന കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെതിരായ അന്വേഷണത്തില്‍ സിബിഐക്ക് തിരിച്ചടി. കേസിൽ സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ നല്‍കിയ ഹൈക്കോടതി വിധി റദ്ദ് ചെയ്യാണമെന്ന സിബിഐ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. അഴിമതിക്കേസുമായി ബന്ധപ്പെട്ട് ശിവകുമാറിനെതിരായ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന് ഇടക്കാല സ്റ്റേ ഏർപ്പെടുത്തിയ കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. ഹര്‍ജിയില്‍ സുപ്രീം കോടതി ഡികെ ശിവകുമാറിന്റെ വിശദീകരണം തേടി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി.
ഖനന, റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ സംബന്ധിച്ചാണ് കേസ്
ഖനന, റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ സംബന്ധിച്ചാണ് കേസ്. നേരത്തെ, ജൂണിലും സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ നീക്കാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. സിബിഐക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവാണ് സുപ്രീം കോടതിയിൽ ഹാജരായത്.
2017ൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ശിവകുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് ഫയൽ ചെയ്തത്. 2019 സെപ്റ്റംബറിൽ ബിഎസ് യെദ്യൂരപ്പ സർക്കാരിൽ നിന്ന് അനുമതി ലഭിച്ചതിനെത്തുടർന്നാണ് 74 കോടി രൂപയുടെ അനധികൃത സ്വത്ത് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചത്. 2020 ഒക്ടോബറിൽ അഴിമതി നിരോധന നിയമപ്രകാരം അന്നത്തെ കോൺഗ്രസ് എംഎൽഎ ആയിരുന്ന ഡികെ ശിവകുമാറിനെതിരെ സിബിഐ കേസെടുത്തു.
തുടർന്ന് തനിക്കെതിരായ നടപടികളെ ചോദ്യം ചെയ്തുകൊണ്ട് ശിവകുമാർ കർണാടക ഹൈക്കോടതിയെ സമീപിച്ചു. ഈ വർഷം ഏപ്രിലിൽ സിംഗിൾ ബെഞ്ച് അദ്ദേഹത്തിന്റെ ഹർജി തള്ളി. ഏപ്രിലിലാണ്, കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് കെ നടരാജൻ ശിവകുമാറിന്റെ ഹർജി തള്ളിയത്. അതോടെ ശിവ കുമാർ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ അപ്പീൽ സമർപ്പിച്ചു. ജൂൺ 12 നാണ് കേസിൽ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ നൽകിയത്. ഈ സ്റ്റേക്കെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും ഹർജി കോടതി ജൂലൈയിൽ തള്ളി.
ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ, ജസ്റ്റിസ് എംജി എസ് കമൽ എന്നിവരടങ്ങിയ ബെഞ്ചാണ് ശിവകുമാറിന്റെ അപ്പീൽ ഇപ്പോൾ പരിഗണിക്കുന്നത്. ജൂണിൽ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് കർണാടക ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തിരുന്നു.