ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍
ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍

തിരഞ്ഞെടുപ്പ് പ്രഖ്യാപനം റദ്ദാക്കണം; അയോഗ്യനാക്കിയ ലക്ഷദ്വീപ് എം പി സുപ്രീംകോടതിയില്‍

എന്‍സിപി ദേശീയ സെക്രട്ടറി ശരത് പവാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചത്
Updated on
1 min read

അയോഗ്യനാക്കിയ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണമന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. അടുത്തമാസം 27ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു പ്രഖ്യാപനം. മണ്ഡലത്തില്‍ ഏതെങ്കിലും തരത്തില്‍ ഒഴിവുണ്ടായാല്‍ ആറ് മാസത്തിനകമാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാല്‍ ഫൈസലിനെ അയോഗ്യനാക്കിയപ്പോള്‍ അസാധാരണ വേഗത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായത്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഉടന്‍ അയോഗ്യനാകുമെന്ന സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് അയോഗ്യത കല്‍പ്പിച്ചത്. ഹൈക്കോടതിയിലെ അപ്പീലില്‍ വാദം പൂര്‍ത്തിയാകാതിരിക്കെ തിരക്ക് പിടിച്ച് ഇത്തരം നടപടി സ്വീകരിച്ചതിന്റെ നിയമപ്രശ്‌നമാണ് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുന്നത്. ലക്ഷദ്വീപിലെ എന്‍സിപി എം പിയായിരുന്നു മുഹമ്മദ് ഫൈസല്‍.

ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തീയതി അസാധാരണ വേഗത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്

എന്‍സിപി ദേശീയ സെക്രട്ടറി ശരത് പവാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്‍സിപി ദേശീയ സെക്രട്ടറിമാരിലൊരാളായ ഫൈസല്‍ 2004 മുതല്‍ ലക്ഷദ്വീപിലെ എം പിയാണ്. കോണ്‍ഗ്രസ് കുത്തകയായിരുന്ന ദ്വീപില്‍ എന്‍സിപി സാന്നിധ്യമുറപ്പിച്ചത് ഫൈസലിലൂടെയായിരുന്നു. ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തീയതി അസാധാരണ വേഗത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് രണ്ടിനായിരിക്കും വോട്ടെണ്ണല്‍ നടക്കുക. വധശ്രമകേസില്‍ ലക്ഷദ്വീപ് ജില്ലാ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചതിനെ തുടര്‍ന്ന് മുഹമ്മദ് ഫൈസലിപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയില്‍ നാളെയും വാദം നടക്കും.

എന്‍സിപി ദേശീയ സെക്രട്ടറിമാരിലൊരാളായ ഫൈസല്‍ 2004 മുതല്‍ ലക്ഷദ്വീപിലെ എം പിയായിരുന്നു

മുഹമ്മദ് ഫൈസലുമായി ബന്ധപ്പെട്ട കേസിന്റെ രേഖകള്‍ കവരത്തി കോടതിയില്‍ നിന്നും നാളെ ഹൈക്കോടതിയിലെത്തിക്കും. തങ്ങള്‍ നല്‍കിയ കൗണ്ടര്‍ കേസ് പരിഗണിക്കാതെയാണ് ശിക്ഷ വിധിച്ചത് എന്നാണ് മുഹമ്മദ് ഫൈസലടക്കമുള്ള പ്രതികള്‍ ഹൈക്കോടതിയെ അറിയിച്ചത്. സംഭവത്തെ തുടര്‍ന്ന് അവരും എതിര്‍ കേസ് നല്‍കിയിരുന്നു. അക്രമ സംഭവങ്ങളില്‍ കൗണ്ടര്‍ കേസുണ്ടെങ്കില്‍ അതുകൂടി പരിഗണിച്ച് വിധി പറയണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. അപ്പീലില്‍ കൂടുതല്‍ നിയമ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ അവസരം വേണമെന്ന മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകന്റെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതി നാളെ കേസ് വീണ്ടും പരിഗണിക്കുന്നത്.

logo
The Fourth
www.thefourthnews.in