'(അ)യോഗ്യനാക്കപ്പെട്ട എംപി': ട്വിറ്റർ പ്രൊഫൈലിൽ ബയോ മാറ്റി രാഹുൽ ഗാന്ധി

'(അ)യോഗ്യനാക്കപ്പെട്ട എംപി': ട്വിറ്റർ പ്രൊഫൈലിൽ ബയോ മാറ്റി രാഹുൽ ഗാന്ധി

പാർലമെന്റ് അംഗം എന്നതിന് പകരമായി (അ)യോഗ്യനാക്കപ്പെട്ട എംപി(Dis'Qualified MP) എന്നാണ് രാഹുൽ ട്വിറ്റർ, ഫേസ്ബുക്ക് പ്രൊഫൈൽ ബയോയിൽ ചേർത്തിരിക്കുന്നത്
Updated on
1 min read

ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പ്രൊഫൈൽ ബയോ മാറ്റി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റ് അംഗം എന്നതിന് പകരമായി (അ)യോഗ്യനാക്കപ്പെട്ട എംപി(Dis'Qualified MP) എന്നാണ് രാഹുൽ ട്വിറ്റർ, ഫേസ്ബുക്ക് പ്രൊഫൈൽ ബയോയിൽ ചേർത്തിരിക്കുന്നത്. രാഹുലിനെ അയോഗ്യനാക്കിയ നടപടി ഒരു പ്രചരണ ആയുധമാക്കി മാറ്റാനാണ് രാഹുലിന്റെയും കോൺഗ്രസിന്റെയും നീക്കമെന്നാണ് പുതിയ മാറ്റം നൽകുന്ന സൂചനയെന്നാണ് വിലയിരുത്തൽ.

ക്രിമിനൽ മാനനഷ്ടക്കേസിൽ രണ്ട് വർഷത്തേക്ക് സൂറത്ത് കോടതി ശിക്ഷ വിധിച്ചതിനെ തുടർന്ന് രാഹുലിന്റെ പാർലമെന്റ് അംഗത്വം വെള്ളിയാഴ്ചയാണ് ലോക്സഭാ സെക്രട്ടേറിയറ്റ് റദ്ദാക്കിയത്. എന്നാൽ എംപി സ്ഥാനം റദ്ദാക്കിയത് കൊണ്ട് തന്നെ തളർത്താൻ ആകില്ലെന്നും ജനങ്ങൾക്കിടയിൽ പ്രവർത്തനം തുടരുക തന്നെ ചെയ്യുമെന്നും കഴിഞ്ഞ ദിവസം രാഹുൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നലെയാണ് തന്റെ അയോഗ്യതയെ പരിഹസിക്കും വിധമുള്ള മാറ്റം രാഹുൽ ട്വിറ്റർ പ്രൊഫൈലിൽ വരുത്തിയത്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ കർണാടകയിൽ നടത്തിയ രാഷ്ട്രീയ പ്രസംഗത്തെ ആധാരമാക്കിയാണ് രാഹുലിനെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് ചുമത്തിയത്. 'എന്തുകൊണ്ട് എല്ലാ കള്ളന്മാരുടെയും പേര് മോദി എന്നായി' എന്നായിരുന്നു രാഹുലിന്റെ പരാമർശം. ഇത് മോദി സമൂഹത്തെ മുഴുവൻ അപകീർത്തിപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനൽ മാനനഷ്ടക്കേസിലെ പരമാവധി ശിക്ഷയായ രണ്ട് വർഷത്തേക്ക് രാഹുൽ ഗാന്ധിയെ സൂറത്ത് കോടതി ശിക്ഷിച്ചത്. രാജ്യത്തെ പ്രതിപക്ഷ നേതാക്കൾ വിധിക്ക് പിന്നാലെ പ്രതിഷേധവുമായി എത്തിയിരുന്നു.

മോദിക്ക് ഭയമായതിനാലാണ് തന്നെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതെന്നും മാപ്പ് പറയാൻ താൻ സവർക്കറല്ല ഗാന്ധിയാണെന്നുമായിരുന്നു രാഹുൽ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്. അദാനിയെ കുറിച്ചായിരുന്നു തന്‌റെ ആദ്യ ചോദ്യം. അദാനിയുടെ ഷെൽ കമ്പനിയിൽ 20,000 കോടി രൂപ നിക്ഷേപിച്ചത് ആരുടെ പണമെന്ന ചോദ്യത്തിന് മറുപടി ലഭിച്ചില്ല. മോദിയും അദാനിയും തമ്മിലുള്ള ബന്ധമെന്തെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ''രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നു മുൻപ് പലതവണ ഞാൻ പറഞ്ഞു. ഇതിന് ഓരോ ദിവസവും നാം ഉദാഹരണങ്ങൾ കണ്ടുകൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പാർലമെന്റിൽ ഞാൻ ചോദ്യമുയർത്തി. അദാനിയെക്കുറിച്ച് ഒരേയൊരു ചോദ്യമാണ് ഞാൻ ചോദിച്ചത്. ചോദ്യങ്ങളുയർത്തുന്നതും ഇന്ത്യയിലെ ജനാധിപത്യത്തിന് വേണ്ടി പോരാടുന്നതും തുടരും.''-രാഹുൽ പറഞ്ഞു.

logo
The Fourth
www.thefourthnews.in