ഡി വൈ ചന്ദ്രചൂഢ്
ഡി വൈ ചന്ദ്രചൂഢ്

ജില്ലാ ജഡ്ജിമാര്‍ കീഴുദ്യോഗസ്ഥരല്ല; ജുഡീഷ്യറിയിലെ കോളോണിയല്‍ ചിന്താഗതി മാറണം: ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

ഹൈക്കോടതി ജഡ്ജിമാര്‍ ഭക്ഷണം കഴിക്കുമ്പോള്‍ ജില്ലാ ജഡ്ജിമാര്‍ എഴുന്നേറ്റ് നില്‍ക്കണമെന്നത് പലയിടത്തും ഒരു കീഴ്‌വഴക്കമാണ്
Updated on
1 min read

ജുഡീഷ്യറിയിലെ കൊളോണിയല്‍ ചിന്താഗതി മാറണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഹൈക്കോടതി ജസ്റ്റിസുമാര്‍ക്കും ജില്ലാ ജഡ്ജിമാര്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന കീഴ്‌വഴക്കങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസിന്റ പ്രസ്താവന. ജില്ലാ ജഡ്ജിമാരോടുള്ള കീഴുദ്യോഗസ്ഥര്‍ എന്ന വികാരം മാറ്റേണ്ടതുണ്ട്. കാരണം അവര്‍ കീഴുദ്യോഗസ്ഥരല്ല. അവരെല്ലാം ജുഡീഷ്യറിയുടെ ഭാഗമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചന്ദ്രചൂഡ്.

ജില്ലാ ജഡ്ജിമാര്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ഭക്ഷണം വിളമ്പി നല്‍കുന്ന സാഹചര്യങ്ങളുമുണ്ട്.

ജുഡീഷ്യറിയില്‍ ഒരു കീഴുദ്യോഗസ്ഥ സംസ്‌കാരം നാം വളര്‍ത്തിയെടുത്തിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ജില്ലാ ജുഡീഷ്യറിയെ നാം സബോര്‍ഡിനേറ്റ് ജുഡീഷ്യറിയെന്നാണ് വിളിക്കുന്നത്. ജില്ലാ ജഡ്ജിമാരെ സബോര്‍ഡിനേറ്റ് ജഡ്ജിമാരെന്ന് വിളിക്കാതിരിക്കാനുള്ള മനപൂര്‍വമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കാരണം അവര്‍ കീഴുദ്യോഗസ്ഥരല്ല. അവരെല്ലാം ജുഡീഷ്യറിയുടെ ഭാഗമാണ്.

ഹൈക്കോടതി ജഡ്ജിമാര്‍ ഭക്ഷണം കഴിക്കുമ്പോള്‍ ജില്ലാ ജഡ്ജിമാര്‍ എഴുന്നേറ്റ് നില്‍ക്കണമെന്നത് പലയിടത്തും ഒരു കീഴ്‌വഴക്കമാണ്. ജില്ലാ ജഡ്ജിമാര്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ഭക്ഷണം വിളമ്പി നല്‍കുന്ന സാഹചര്യങ്ങളുമുണ്ട്. താന്‍ ജില്ലാ കോടതി സന്ദര്‍ശിക്കുമ്പോഴൊക്കെ, ജില്ലാ ജഡ്ജിമാര്‍ ഒപ്പം ഭക്ഷണം കഴിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ തനിക്കും വേണ്ടെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് ജില്ലകളിലൂടെ സഞ്ചരിക്കുമ്പോള്‍, ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ ജില്ലാ അതിര്‍ത്തികളില്‍ വരി നില്‍ക്കുന്നതും കാണാറുണ്ട്

ഹൈക്കോടതി ജഡ്ജിമാര്‍ വിളിക്കുന്ന യോഗങ്ങളില്‍ ജില്ലാ ജഡ്ജിമാര്‍ ഇരിക്കാന്‍ ധൈര്യപ്പെടാറില്ല. ചീഫ് ജസ്റ്റിസ് ജില്ലകളിലൂടെ സഞ്ചരിക്കുമ്പോള്‍, ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ ജില്ലാ അതിര്‍ത്തികളില്‍ വരി നില്‍ക്കുന്നതും കാണാറുണ്ട്. ഇതെല്ലാം നമ്മുടെ കൊളോണിയല്‍ ചിന്താഗതിയാണ് വെളിവാക്കുന്നത്. ഇത്തരം കീഴ്‌വഴക്കങ്ങള്‍ മാറണം. കൂടുതല്‍ ആധുനികമായ, തുല്യതയുള്ള ജുഡീഷ്യറിയിലേക്ക് നാം മാറണം. ചെറുപ്പക്കാരായ ജഡ്ജിമാര്‍ സമത്വത്തിന്റെ ചുവടുപിടിച്ചാണ് മുന്നോട്ട് പോകുന്നത്. ഇന്ത്യ എവിടേക്കാണ് പോകുന്നത് എന്നാണ് അത് ചൂണ്ടിക്കാണിക്കുന്നത്. യുവാക്കള്‍ വിദ്യാസമ്പന്നരും, ആത്മവിശ്വാസമുള്ളവരും, അഭിലാഷമുള്ളവരും, മൂല്യബോധമുള്ളവരുമാണ് -ചന്ദ്രചൂഡ് പറഞ്ഞു.

ഉയര്‍ന്ന കോടതിയിലെ ജഡ്ജിമാര്‍ എന്ന നിലയില്‍ ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാര്‍ ജില്ലാ ജുഡീഷ്യറിയെ എങ്ങനെ കാണുന്നു എന്ന രീതിയും മാറ്റേണ്ടതുണ്ട്. ജുഡീഷ്യല്‍ ഓഫീസര്‍മാരുമായി ഇടപഴകുമ്പോള്‍, സമത്വത്തിന്റെ തത്വം മുന്‍ നിര്‍ത്തിയാണ് ഇടപെടുന്നതെന്ന് ഉറപ്പുവരുത്തണം. നിയമനിര്‍മാണ മേഖലയില്‍ ആധുനികത കൊണ്ട് വരണമെങ്കില്‍ ജില്ലാ ജഡ്ജിമാരെ പരിഗണിക്കുന്ന രീതിക്ക് മാറ്റം കൊണ്ടുവരേണ്ടതുണ്ട്. ജില്ലാ ജുഡീഷ്യറിയുടെ മുഖച്ഛായയാണ് ആദ്യം മാറ്റേണ്ടതെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in