ഗ്യാരണ്ടി പദ്ധതികള്‍ക്കായി ഫണ്ട് വകമാറ്റല്‍: കര്‍ണാടക സര്‍ക്കാര്‍ നീക്കത്തില്‍ ഇടപെട്ട് ദേശീയ പട്ടികജാതി കമ്മിഷന്‍
ഗ്യാരണ്ടി സ്‌കീമുകളുടെ നടത്തിപ്പിന് പട്ടികജാതി -പട്ടികവര്‍ഗ വികസന ഫണ്ടില്‍ കയ്യിട്ടു വരാനുള്ള കര്‍ണാടക സര്‍ക്കാര്‍ നീക്കത്തില്‍ ഇടപെട്ട് ദേശീയ പട്ടികജാതി കമ്മിഷന്‍. അഞ്ചിന ഗ്യാരണ്ടികള്‍ നടപ്പിലാക്കുന്നതിനായി പട്ടികജാതി - പട്ടികവര്‍ഗ വിഭാഗത്തിന്റെ വികസനത്തിനായി മാറ്റിവെക്കപ്പെട്ട 39,000 കോടി രൂപയില്‍ 37 ശതമാനം തുക വകമാറ്റാനുള്ള തീരുമാനത്തിലാണ് കമ്മിഷന്റെ ഇടപെടല്‍. സര്‍ക്കാരില്‍നിന്ന് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് കമ്മിഷന്‍.
ഫണ്ട് വകമാറ്റുന്നതിനായി നിയമ ഭേദഗതിക്കൊരുങ്ങുകയായിരുന്നു സിദ്ധരാമയ്യ സര്‍ക്കാര്‍. ഫണ്ട് വകമാറ്റുന്നതു പട്ടികജാതി - പട്ടികവര്‍ഗ വിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി തന്നെയെന്നതാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഗ്യാരണ്ടി സ്‌കീമുകള്‍ പട്ടിക വിഭാഗങ്ങള്‍ക്കായി നടപ്പിലാക്കാന്‍ അവര്‍ക്കുവേണ്ടി നീക്കിവെച്ച തുകതന്നെ എടുക്കുന്നതില്‍ എന്താണ് തെറ്റെന്ന മറുചോദ്യവുമുണ്ട്.
2023 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം തിരിച്ചു പിടിക്കാനായി കോണ്‍ഗ്രസ് വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനമായിരുന്നുഅഞ്ചിന ഗ്യാരണ്ടികള്‍. നികുതിദായകരല്ലാത്ത വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുന്ന ഗൃഹലക്ഷ്മി പദ്ധതി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ ബസ് യാത്ര ഉറപ്പാക്കിയ ശക്തി പദ്ധതി, ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ള കുടുംബങ്ങള്‍ക്ക് 10 കിലോഗ്രാം അരി നല്‍കുന്ന അന്ന ഭാഗ്യ പദ്ധതി, 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുന്ന ഗൃഹ ജ്യോതി പദ്ധതി, ഡിപ്ലോമ - ബിരുദധാരികളായ തൊഴില്‍ രഹിതര്‍ക്ക് 4500 രൂപ പ്രതിമാസം നല്‍കുന്ന യുവനിധി പദ്ധതി എന്നിവയാണ് കര്‍ണാടക സര്‍ക്കാര്‍ നടപ്പിലാക്കിയ അഞ്ച് ഗ്യാരണ്ടികള്‍. ഇതിനായി 45,000 കോടി രൂപയാണ് പ്രതിവര്‍ഷം സംസ്ഥാന ഖജനാവില്‍ നിന്ന് വകയിരുത്തുന്നത്.
ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി പരുങ്ങലിലാക്കി തുടങ്ങിയിട്ടുണ്ട് ഈ ഗ്യാരണ്ടികള്‍. വോട്ടു പിടിക്കാന്‍ വാരിക്കോരി സൗജന്യങ്ങള്‍ പ്രഖ്യാപിച്ച് വെട്ടിലായിരിക്കുകയാണ് കര്‍ണാടക കോണ്‍ഗ്രസും സിദ്ധരാമയ്യ സര്‍ക്കാരും. ഗ്യാരണ്ടി പദ്ധതികള്‍ സര്‍ക്കാര്‍ ഖജനാവിന് ഓട്ട ഇട്ടതോടെ സാമ്പത്തിക ഞെരുക്കത്തിലാണ് സിദ്ധരാമയ്യ സര്‍ക്കാര്‍.
സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗം പറഞ്ഞു തരാന്‍ പണം നല്‍കി അമേരിക്കന്‍ കണ്‍സള്‍ട്ടിങ് കമ്പനിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് അടുത്തിടെയാണ്. നാലുമാസത്തിനകം അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ എന്തൊക്കെ നികുതികള്‍ വര്‍ധിക്കുമെന്ന് കണ്ടുതന്നെ അറിയണം. അവര്‍ മാര്‍ഗം നിര്‍ദേശിക്കുംവരെ പിടിച്ചു നില്‍ക്കാന്‍ കര്‍ണാടകയിലെ ഇന്ധന നികുതി 3 രൂപ 50 പൈസ വര്‍ധിപ്പിച്ചു. തൊട്ടു പിന്നാലെ പാല്‍വില രണ്ടു രൂപ കൂട്ടി. വൈദ്യുതി ബില്‍ യൂണിറ്റിന് 110 പൈസയും കൂട്ടിയിരുന്നു. ഇപ്പോള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവര്‍ക്ക് നല്‍കുന്ന റേഷന്‍ കാര്‍ഡുകളുടെ എണ്ണം പുനഃക്രമീകരിക്കാന്‍ തയ്യാറെടുക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ ആറു കോടി നാല്‍പത്തിഒന്ന് ലക്ഷം വരുന്ന ജനസംഖ്യയില്‍ 4.67 കോടി പേര്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവരെന്ന കണക്ക് കൃത്രിമമാണെന്നു വിശദീകരിക്കുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. നീതി ആയോഗിന്റെ കണക്ക് പ്രകാരം വെറും 5. 67 ശതമാനം ആളുകള്‍ മാത്രമാണ് കര്‍ണാടകയില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ വരുന്നത്.
അനര്‍ഹരായവര്‍ ബിപിഎല്‍ കാര്‍ഡ് സ്വന്തമാക്കി സൗജന്യങ്ങളുടെ പ്രയോക്താക്കളാകുന്നുവെന്നാണ് സര്‍ക്കാര്‍ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കാര്‍ഡ് ഉടമകളുടെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് നിലവിലെ റേഷന്‍ കാര്‍ഡുകള്‍ മരവിപ്പിച്ച് പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് നീക്കം. ഇതോടെ ഗ്യാരണ്ടി പദ്ധതികള്‍ വഴിയുള്ള ഖജനാവ് ചോര്‍ച്ച കുറച്ചൊക്കെ അടയ്ക്കാനാകുമെന്നാണ് കണക്ക് കൂട്ടല്‍. ക്ഷേമ പെന്‍ഷനുകളുടെ കാര്യത്തിലും കത്രിക വെക്കാന്‍ പോകുകയാണ് സിദ്ധരാമയ്യ. 75 ലക്ഷം പേരാണ് നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്നത്. മരിച്ചു പോയവരുടെ പേരില്‍ കുറെയേറെ പേര്‍ പെന്‍ഷന്‍ വാങ്ങുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്.
ഭരണം പിടിക്കാനുള്ള ആര്‍ത്തി മൂത്ത കോണ്‍ഗ്രസ് വാറന്റി ഇല്ലാത്ത ഗ്യാരന്റി നല്‍കി കര്‍ണാടകയെ പാപ്പരാക്കിയെന്നാണ് പ്രതിപക്ഷ ആക്ഷേപം. ജനങ്ങളെ പിഴിഞ്ഞ് ഖജനാവ് നിറയ്ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സമരമുഖത്താണ് ബിജെപിയും ജെഡിഎസും.