ഗവര്‍ണര്‍ക്കെതിരായ ഭീഷണി; ഡിഎംകെയില്‍ അച്ചടക്ക നടപടി, പാർട്ടി വക്താവിനെ സസ്പെൻഡ് ചെയ്തു
തമിഴ്‌നാട് ഗവർണർ ആർ എൻ രവിയെ പരസ്യമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പാർട്ടി അംഗം ശിവാജി കൃഷ്ണമൂർത്തിയെ സസ്പെൻഡ് ചെയ്ത് ഡിഎംകെ. പാർട്ടി നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ശിവാജി കൃഷ്ണമൂർത്തിയെ ചുമതലകളിൽ നിന്ന് താത്ക്കാലികമായി സസ്പെൻഡ് ചെയ്തതായി ഡിഎംകെ അറിയിച്ചു.
ഭരണകക്ഷിയായ ഡിഎംകെയും ഗവർണറും തമ്മിൽ തർക്കം തുടരുന്നതിനിടെയാണ് ഗവർണർക്ക് നേരെ ഡിഎംകെ നേതാവിന്റെ ഭീഷണി. നയപ്രഖ്യാപന പ്രസംഗത്തില്‍ അംബേദ്കര്‍, പെരിയോര്‍ ഉള്‍പ്പെടെയുള്ളവരെ പരാമര്‍ശിക്കുന്ന ഭാഗം ഒഴിവാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഭീഷണി മുഴക്കിയത്. അംബേദ്കറുടെ പേര് എടുത്തുപറയാൻ കഴിയുന്നില്ലെങ്കിൽ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെടാൻ കശ്മീരിലേക്ക് പോകണമെന്നായിരുന്നു ശിവാജി കൃഷ്ണമൂർത്തിയുടെ മുന്നറിയിപ്പ്.
"തമിഴ്നാട്ടിൽ, ഇന്ത്യയ്ക്ക് ഭരണഘടന നൽകിയ എന്റെ പൂർവ്വപിതാവായ അംബേദ്കറുടെ പേര് ഉച്ചരിക്കാൻ ഈ മനുഷ്യൻ സമ്മതിച്ചില്ലെങ്കിൽ, അയാളെ ചെരിപ്പുകൊണ്ട് അടിക്കാൻ എനിക്ക് അവകാശമുണ്ടോ ഇല്ലയോ? നിങ്ങൾ ഭരണഘടനയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തില്ലേ? അത് എന്റെ മുത്തച്ഛൻ അംബേദ്കർ തന്നെയല്ലേ എഴുതിയത്? അദ്ദേഹത്തിന്റെ പേര് പറയാൻ പറ്റുന്നില്ലെങ്കിൽ നിങ്ങൾ കശ്മീരിലേക്ക് പോകൂ. ഞങ്ങൾ തന്നെ അങ്ങോട്ട് ഒരു തീവ്രവാദിയെ അയയ്ക്കാം. അവൻ നിങ്ങളെ വെടിവെച്ച് കൊല്ലട്ടെ"- ശിവാജി കൃഷ്ണമൂർത്തി പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിനിടെ സർക്കാർ തയ്യാറാക്കിയ പ്രസംഗമല്ല ഗവർണർ വായിച്ചതെന്ന് ആക്ഷേപമുയർന്നിരുന്നു. ബി ആർ അംബേദ്കർ അടക്കമുള്ള നേതാക്കളുടെ പേരാണ് ഒഴിവാക്കിയതെന്നും ആരോപണമുയർന്നിരുന്നു. തുടർന്നാണ് ഗവർണർക്കെതിരെ ഡിഎംകെ വക്താവ് പരസ്യമായി രംഗത്ത് വന്നത്. എന്നാല്‍ പാർട്ടി ഗവർണറെ ബഹുമാനിക്കുന്നുവെന്നും ശിവാജി കൃഷ്ണമൂർത്തിയുടെ പ്രസംഗം വ്യക്തിപരം ആണെന്നുമായിരുന്നു ഡിഎംകെയുടെ പ്രതികരണം.
ഗവർണർക്കെതിരായ ശിവാജി കൃഷ്ണമൂർത്തിയുടെ പരാമർശത്തെ സംസ്ഥാന ബിജെപി നേതാക്കൾ അപലപിക്കുകയും അദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിഷയം ചൂണ്ടിക്കാട്ടി ഗവര്‍ണറുടെ ഓഫീസ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് മുഖ്യമന്ത്രി സ്റ്റാലിന്റെ കീഴിലുള്ള പുതിയ സംസ്കാരമാണെന്ന് ബിജെപി നേതാവ് ഖുശ്ബു സുന്ദർ കുറ്റപ്പെടുത്തി. ഇത്തരം പരാമർശം നടത്തുന്ന ആളുകൾക്ക് പൊതുയിടത്തിൽ ആയിരിക്കാൻ അർഹതയില്ലെന്നും ഖുശ്ബു പറഞ്ഞു.
എഴുതിക്കൊടുത്ത പ്രസംഗമല്ല ഗവര്‍ണര്‍ വായിച്ചതെന്ന് ചൂണ്ടിക്കാട്ടി ഭരണകക്ഷിയായ ഡിഎംകെ രംഗത്തെത്തിയതോടെയാണ് ഗവര്‍ണര്‍ സഭയില്‍ നിന്ന് ഇറങ്ങിപോയത്. ഇതാണ് സർക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റവും പുതിയ തർക്കത്തിന് കാരണണായത്. നയപ്രഖ്യാപന പ്രസംഗത്തിലെ മതേതരത്വവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ഗവര്‍ണര്‍ ആര്‍ എന്‍ രവി സഭയില്‍ വായിച്ചതെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഭാഗത്ത് പെരിയോര്‍, ബി ആര്‍ അംബേദ്കര്‍, കെ കാമരാജ്, സി എന്‍ അണ്ണാദുരൈ , കരുണാനിധി എന്നിവരെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. അതൊന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയില്ല. ഇതോടെ ഭരണഘടനാ വിരുദ്ധമാണ് ഗവര്‍ണറുടെ നടപടിയെന്ന് ചൂണ്ടിക്കാട്ടി സ്റ്റാലിന്‍ സഭയില്‍ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.