വസ്ത്രം ധരിക്കാനുള്ള അവകാശത്തിൽ ധരിക്കാതിരിക്കാനുള്ള അവകാശവും ഉൾപ്പെടുമോ? ഹിജാബ് വിഷയത്തിൽ സുപ്രീം കോടതി

വസ്ത്രം ധരിക്കാനുള്ള അവകാശത്തിൽ ധരിക്കാതിരിക്കാനുള്ള അവകാശവും ഉൾപ്പെടുമോ? ഹിജാബ് വിഷയത്തിൽ സുപ്രീം കോടതി

രുദ്രാക്ഷം ധരിച്ചും വിദ്യാർഥികൾ സ്‌കൂളിലെത്താറുണ്ടെന്ന വാദത്തിനു വസ്ത്രമുയർത്തി നോക്കി രുദ്രാക്ഷമുണ്ടോയെന്ന് ആരും പരിശോധിക്കില്ലെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ മറുപടി
Updated on
1 min read

വസ്ത്രം ധരിക്കാനുള്ള അവകാശത്തിൽ വസ്ത്രമഴിക്കാനുള്ള അവകാശവും ഉൾപ്പെടുമോയെന്ന് സുപ്രീം കോടതി. കർണാടകയിലെ ചില സ്‌കൂളുകളിലും കോളേജുകളിലും മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് വിലക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാൻ അവകാശമുണ്ടെന്ന വാദത്തിനിടെയാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഈ ചോദ്യമുന്നയിച്ചത്. ഹിജാബ് വിലക്ക് ഭരണഘടനയുടെ 19, 21, 25 വകുപ്പ് പ്രകാരമുള്ള വിദ്യാർത്ഥികളുടെ മൗലികാവകാശങ്ങൾ ഹനിക്കുന്നതാണെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകനായ ദേവദത്ത് കമ്മത്ത് വാദിച്ചു. ഒരു മത വിഭാ​ഗത്തിലുള്ള വിദ്യാർഥികൾ മാത്രം മതം പ്രകടമാക്കാതിരിക്കലല്ല മതേതരത്വം. മത ചിഹ്നങ്ങളായ കുരിശും രുദ്രാക്ഷവും ധരിച്ച് ധാരാളം വിദ്യാർഥികൾ സ്കൂളുകളിലും കോളേജുകളിലും എത്താറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുരിശും രുദ്രാക്ഷവുമെല്ലാം വസ്ത്രത്തിനു പുറത്തു ധരിക്കുന്നതാണ്. വസ്ത്രമുയർത്തി നോക്കി കുരിശും രുദ്രാക്ഷവും ധരിച്ചിട്ടുണ്ടോയെന്ന് ആരും പരിശോധിക്കില്ലെന്നും ജസ്റ്റിസ് ​ഹേമന്ത് ഗുപ്ത മറുപടി നല്‍കി. എന്നാൽ വിദ്യാലയങ്ങളിൽ ആരും വസ്ത്രമഴിക്കാറില്ലെന്ന് പറഞ്ഞ അഭിഭാഷകന്‍ 19 പ്രകാരം അധിക വസ്ത്രമായ ഹിജാബ് ധരിക്കുന്നത് വിലക്കാനാകുമോ എന്നതാണ് ചോദ്യമെന്നും പറഞ്ഞു.

ഇന്ത്യ മതേതരത്വ മൂല്യങ്ങളെ മുറുകെ പിടിക്കുന്ന ​രാജ്യമായതിനാലാണ് വിദ്യാലയങ്ങളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് വാദിക്കുന്നത്. ആർട്ടിക്കിൾ 19, 21, 25 അനുസരിച്ചുള്ള വിദ്യാർഥികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നതിനാല്‍ ഈ വിഷയം ഭരണഘടനാ ബെഞ്ചിനു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താൻ യൂണിഫോമിനെതിരല്ല. യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കരുതെന്ന സർക്കാർ നിലപാടിനെ മാത്രമാണ് എതിർക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിജാബ് ധരിക്കാൻ അനുമതി നൽകണമോ വേണ്ടയോ എന്ന് കോളേജ് വികസന സമിതികൾ തീരുമാനിക്കട്ടെ എന്നായിരുന്നു സർക്കാർ ഉത്തരവ്. എന്നാൽ കോടതി ഇത്തരത്തിലൊരു നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ കോളേജ് വികസന സമിതികൾക്കും ഹിജാബ് നിരോധിക്കുക എന്നുത്തരവിടുകയല്ലാതെ മറ്റു മാർ​ഗമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു മത വിഭാ​ഗത്തിലുള്ള വിദ്യാർഥികൾ മാത്രം മതം പ്രകടമാക്കാതിരിക്കലല്ല മതേതരത്വം
ഹര്‍ജിക്കാരുടെ അഭിഭാഷകന്‍

കേന്ദ്ര ​സർക്കാറിന് കീഴിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളിൽ പോലും യൂണിഫോമിനനുസരിച്ചുള്ള ഹി‍‍‍ജാബ് ധരിക്കാൻ അനുമതിയുണ്ട്. ശിരോ വസ്ത്രമെന്നത് മുഖം മുഴുവൻ മൂടുന്ന വസ്ത്രമായ ബുർഖയിൽ നിന്നും വ്യത്യസ്തമാണ്. ഹർ‍‍ജിക്കാർ കോടതിയിലെത്തിയതു പോലും ഹി‍ജാബ് ധരിച്ചിട്ടാണ്. അത് ആരുടെയെങ്കിലും വികാരം വ‍‍ൃണപ്പെടുത്തിയോ എന്നും യൂണിഫോമിന്ർറെ നിറത്തിലുള്ള ശിരോവസ്ത്രം ധരിച്ചാൽ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.


എന്നാൽ ഇത് മൗലികാവകാശങ്ങളുടെ ലംഘനമല്ലെന്നും മതാനുഷ്ഠാനങ്ങൾ പാലിക്കാനുള്ള അവകാശങ്ങൾ എല്ലാവർക്കുമുണ്ടെങ്കിലും യൂണിഫോം നിർബന്ധമായ സ്കൂളിൽ എങ്ങനെയാണ് ആ അവകാശങ്ങൾ ഉന്നയിക്കാനാവുക എന്നുമായിരുന്നു കോടതി ചോദിച്ചത്. കേസിൽ നാളെയും കോടതി വാദം കേൾക്കൽ തുടരും.

logo
The Fourth
www.thefourthnews.in