വീണ്ടും നായ ബിസ്‌ക്റ്റ് വിവാദം; രാഹുലും ഹിമന്തയും തമ്മില്‍ത്തുടരുന്ന 'ഡോഗ് ഫൈറ്റ്'
ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസം. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമ്മിലുള്ള വാക്പോരാണ് പ്രധാന ചർച്ചാവിഷയം. ഭാരത് ജോഡോ ന്യായ് യാത്ര അസമിലേക്ക് കടന്നതു മുതൽ ഇരുവരും തമ്മിൽ പ്രശ്നം മുറുകിയിരുന്നു. പിന്നാലെ കേസുകളും നിയമനടപടികളുമായി ഇരുവരും തമ്മിലുള്ള തർക്കം മൂർധന്യത്തിലെത്തിയിരുന്നു. പ്രവർത്തകരെ പ്രകോപിപ്പിച്ചുവെന്നാരോപിച്ച് രാഹുലിനെതിരെ കേസെടുത്തു. തുടർന്ന് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് അസം ഭരിക്കുന്നതെന്നും അവരുടെ ഭാര്യയും മക്കളുമുൾപ്പടെ അഴിമതിയിൽ പങ്കാളികളാണെന്നുള്ള ആരോപണങ്ങൾ രാഹുൽ തന്റെ പ്രസംഗങ്ങളിൽ ആവർത്തിച്ചു പറഞ്ഞു.
ഇപ്പോഴിതാ ഹിമന്ത ബിശ്വ ശർമ്മയും രാഹുൽ ഗാന്ധിയും തമ്മിൽ നായയെ ചുറ്റിപറ്റി തുടങ്ങിയ പോരാട്ടത്തിന് പുതിയ അദ്ധ്യായം. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്രയ്ക്കിടയിൽ നിന്നുള്ള ഒരു ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള വാക്‌പോര് വീണ്ടും മുറുകിയത്. ഭാരത് ന്യായ് യാത്രയ്ക്കിടെ രാഹുൽ ഗാന്ധി ഒരു നായയ്ക്ക് നൽകിയ ബിസ്ക്കറ്റ് അത് കഴിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് തൊട്ടടുത്ത് നിന്ന ഉടമയ്ക്ക് കൈമാറുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണെന്ന രഹുലിന്റെ ആരോപണം വ്യക്തിപരമായി എടുത്ത ഹിമന്ത രാഹുലിനെ ആഞ്ഞടിക്കാൻ ഉപയോഗിച്ചതും ഇതേ ദൃശ്യങ്ങൾ തന്നെ.
ബിജെപി നേതാക്കൾ ഉൾപ്പടെ ദൃശ്യങ്ങൾ പങ്കുവെച്ചതോടെ വിമർശനങ്ങൾ ഉയർന്നു. പിന്നാലെ രാഹുൽ ഗാന്ധി തന്നെ വിശദീകരണവുമായി രംഗത്തെത്തി. ആൾക്കൂട്ടത്തിനിടയിൽ നായ പരിഭ്രാന്തനായതിനാൽ ബിസ്കറ്റ് കഴിക്കാൻ വിസമ്മതിച്ചു, അതിനാൽ നായയുടെ ഉടമസ്ഥന് അത് നൽകി, അയാളുടെ കൈയിൽ നിന്നും നായ ആ ബിസ്ക്കറ്റ് കഴിച്ചു. അതിലെന്താണ് പ്രശ്നമെന്ന് മനസിലാകുന്നില്ലെന്നാണ് രാഹുൽ പ്രതികരിച്ചത്.
മുഖസ്‌തുതിരൂപമായി മാറിയ 'പട്ടിബിസ്‌ക്കറ്റ്'
വീഡിയോ വൈറലായതിന് പിന്നാലെ ബിജെപി നേതാക്കൾ മുൻകാല സംഭവങ്ങൾ വിവരിച്ചതോടെ വിനീതമായ ബിസ്‌ക്കറ്റ് സഹതാപത്തിൻ്റെ പ്രതീകമായി മാറി.
രാഹുലിൻ്റെ ന്യായ് യാത്രയിൽ നിന്നുള്ള ദൃശ്യങ്ങളുടെയും എട്ട് വർഷം പഴക്കമുള്ള ഹിമന്ത ബിശ്വ ശർമ്മയും രാഹുൽ ഗാന്ധിയും തമ്മിൽ നായയെ ചുറ്റിപറ്റി തുടങ്ങിയ പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിൽ വിമർശനങ്ങളും അനുകൂല പോസ്റ്റുകളും പ്രചരിക്കുന്നതോടെ മുഖസ്‌തുതിരൂപമായി മാറിക്കഴിഞ്ഞിരിക്കുകയാണ് 'പട്ടിബിസ്കറ്റ്'. കുടുംബത്തിലെ അടിമകളെയും നായ്ക്കളെയും പരിഗണിക്കുന്ന പോലെയാണ് രാഹുൽ മറ്റുള്ള മനുഷ്യരെ പരിഗണിക്കുന്നതെന്നും ആത്മാഭിമാനമുള്ള ആർക്കും കോൺഗ്രസിൽ തുടരാൻ കഴിയാത്തതിനുള്ള കാരണമാണിതെന്നും തുടങ്ങിയ വിമർശങ്ങളും ഇതിനു പിന്നാലെ ഉയർന്നു.
ഹിമന്തയുടെയും രാഹുലിൻ്റെയും 'ഡോഗ്‌ഫൈറ്റ്'
2016ലാണ് സംഭവം. പാർട്ടി നേതാക്കളായ സിപി ജോഷി, തരുൺ ഗൊഗോയ്, അസം സംസ്ഥാന അധ്യക്ഷൻ അഞ്ജൻ ദത്ത എന്നിവർക്കൊപ്പം കോൺഗ്രസിന്റെ ഭാഗമായിരുന്ന ഹിമന്ത ചില സുപ്രധാന പാർട്ടി വിഷയങ്ങൾ ചർച്ച ചെയ്യാൻ ന്യൂഡൽഹിയിലുള്ള രാഹുൽ ഗാന്ധിയുടെ വസതിയിലെത്തി. കോൺഗ്രസിൻ്റെ അസം ഘടകം കടുത്ത ആഭ്യന്തര കലഹത്തിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അത്. അന്ന് അതിഥികൾക്ക് വിളമ്പി വെച്ച പ്ലേറ്റിൽ നിന്നും രാഹുലിന്റെ വളർത്തുനായ ബിസ്‌ക്കറ്റ് കഴിച്ചു, തുടർന്ന് ആ പ്ലേറ്റ് മാറ്റാൻ പോലും ആവശ്യപ്പെടാതെ സംസ്ഥാന കോൺഗ്രസിലെ നീറുന്ന പ്രശ്‌നങ്ങൾ താൻ ഉന്നയിച്ചപ്പോൾ രാഹുൽ വളർത്തുനായയ്ക്കു ബിസ്‌കറ്റ് കൊടുക്കുന്നതിൽ ശ്രദ്ധിക്കുകയായിരുന്നുവെന്നു ഹിമന്ത പല തവണ അഭിമുഖനങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇതാണ് രാഹുൽ ഗാന്ധിയും ഹിമന്ത ബിശ്വ ശർമയും തമ്മിലുള്ള 'നായ തർക്കത്തിന്റെ' തുടക്കം.
2016ലെ അസം നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് കോൺഗ്രസിനെ പിളർത്തി ബിജെപിയിലെത്തിയ നേതാവാണ് ഹിമന്ത ശർമ്മ. 2014ലെ തിരഞ്ഞെടുപ്പിനുശേഷം ബിജെപിയിലേക്കു മാറുകയായിരുന്നു. 2021ൽ രണ്ടാംവട്ടം ബിജെപി അധികാരത്തിലെത്തിയപ്പോൾ അസം മുഖ്യമന്ത്രയായി.