ജിഗ്നേഷ് മേവാനി
ജിഗ്നേഷ് മേവാനി

'എന്നെ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല' ; കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ജിഗ്നേഷ് മേവാനി

കോണ്‍ഗ്രസ് താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും വടക്കന്‍ ഗുജറാത്തിലെ ചില മണ്ഡലങ്ങളില്‍ മാത്രമാണ് ജിഗ്നേഷ് മേവാനി പൊതുയോഗങ്ങളില്‍ പ്രസംഗിച്ചത്
Updated on
1 min read

ഗുജറാത്തില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് ജിഗ്നേഷ് മേവാനി. ഗുജറാത്തില്‍ കോണ്‍ഗ്രസ് തന്നെ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്നാണ് വഡ്ഗാമില്‍ നിന്ന് രണ്ടാംതവണയും വിജയിച്ച കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ മേവാനി കുറ്റപ്പെടുത്തുന്നത്. ജനങ്ങളേയും, പ്രത്യേകിച്ച് പിന്നോക്കവിഭാഗത്തേയും ചേര്‍ത്ത് നിര്‍ത്താന്‍ തനിക്ക് സാധിക്കുമായിരുന്നെന്ന ആത്മവിശ്വാസം മേവാനി പ്രകടിപ്പിച്ചു. ജനപ്രിയനും കടുത്ത ബിജെപി വിമര്‍ശകനുമായിരുന്നിട്ടും തന്നെ സംസ്ഥാനത്തുടനീളം പ്രസംഗിക്കാന്‍ അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്നുമാണ് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ജിഗ്നേഷ് മേവാനി ചോദിക്കുന്നത്.

എന്നെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കാമായിരുന്നുവെന്ന് തോന്നുന്നു; ഞാന്‍ നോമിനേഷന്‍ സമര്‍പ്പിച്ചതിന് ശേഷമല്ല, വളരെ നേരത്തെ തന്നെ.
ജിഗ്നേഷ് മേവാനി

കോണ്‍ഗ്രസ് താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും വടക്കന്‍ ഗുജറാത്തിലെ ചില മണ്ഡലങ്ങളില്‍ മാത്രമാണ് ജിഗ്നേഷ് മേവാനി പൊതുയോഗങ്ങളില്‍ പ്രസംഗിച്ചത്. ഇവയില്‍ മിക്കതും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം സംഘടിപ്പിച്ച പൊതുയോഗങ്ങളായിരുന്നു. സ്വന്തം മണ്ഡലത്തില്‍ മാത്രം ചുരുങ്ങിപ്പോയി താനെന്ന് മേവാനി പറയുന്നു. 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് മാത്രം സംസാരിച്ച് പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് വ്യത്യസ്തമായിരുന്നു മേവാനിയുടെ പ്രസംഗങ്ങള്‍. ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ക്ക് നല്‍കിയ ശിക്ഷാ ഇളവിനെ കുറിച്ചും മോദി സര്‍ക്കാരിന്റെ ന്യൂനപക്ഷ - പിന്നോക്ക വിരുദ്ധ നിലപാടുകള്‍ക്കെതിരെയും അദ്ദേഹം നിരന്തരം സംസാരിച്ചിരുന്നു.

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേലും നേരത്തെ പാര്‍ട്ടി തന്നെ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്ന വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതേ സാഹചര്യത്തിലാണോ പരാമര്‍ശമെന്ന ചോദ്യത്തിന് പാര്‍ട്ടിയെ ആ രീതിയില്‍ കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന മറുപടിയാണ് നല്‍കിയത്. പിന്നോക്ക വിഭാഗം നേതാവും ജനകീയനുമായിരുന്ന ജിഗ്നേഷ് മോവിനയെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്നതില്‍ പ്രധാനിയായിരുന്നു പട്ടേല്‍ പ്രക്ഷോഭത്തിലൂടെ കോണ്‍ഗ്രസിന്റെ മുഖമായി മാറിയ ഹാര്‍ദിക് പട്ടേല്‍. ഈ വര്‍ഷം ആദ്യം കോണ്‍ഗ്രസ് വിട്ട ഹാര്‍ദിക്, ബിജെപി ബാനറിലാണ് ഇത്തവണ ഗുജറാത്ത് നിയമസഭയിലെത്തിയത്.

പിന്നോക്ക സമുദായ സീറ്റായ വാഡ്ഗാമില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച മണിഭായ് വഗേലയെയാണ് ഇത്തവണ മേവാനി പരാജയപ്പെടുത്തിയത്. 2017ല്‍ മേവാനിക്ക് വാഡ്ഗാം സീറ്റ് കൊടുത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട നേതാവാണ് മണിഭായ് വഗേല. ഗുജറാത്തിലെ കോണ്‍ഗ്രസ് പരാജയത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തി നേരത്തെ മുതിര്‍ന്ന നേതാവ് ജയറാം രമേശും രംഗത്തെത്തിയിരുന്നു.

ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചും മേവാനി രംഗത്തെത്തി. ''എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാമ്പത്തികം മുഖ്യമാണ്. എന്നാല്‍ ബിജെപി ഒരു പാര്‍ട്ടിക്കപ്പുറത്തേക്ക് ഒരു കോര്‍പ്പറേറ്റ് സ്ഥാപനമായി വളര്‍ന്നു വരികയാണ്''- മേവാനി കുറ്റപ്പെടുത്തി. എന്നാല്‍ മോര്‍ബിയില്‍ പോലും വിജയം നേടിയ ബിജെപിയുടെ വിജയത്തിന്റെ കാരണത്തെ കുറിച്ച് അറിയില്ലെന്നും മേവാനി പറഞ്ഞു. കോണ്‍ഗ്രസ് ആഴത്തിലുള്ള ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും ജിഗ്നേഷ് മേവാനി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in