ഡാറ്റ സംരക്ഷണ ബില്ലിൽ ഓൺലൈൻ സെൻസർഷിപ്പിന് കേന്ദ്രത്തെ പ്രാപ്തമാക്കുന്ന വകുപ്പുകൾ?
ഓൺലൈൻ സെൻസർഷിപ്പിന് കേന്ദ്രസർക്കാരിനെ കൂടുതൽ പ്രാപ്തമാക്കുന്ന വകുപ്പുകൾ ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലിൽ ഉൾപ്പെട്ടിട്ടുള്ളതായി റിപ്പോർട്ട്. സഭയിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിന്റെ അന്തിമ രൂപത്തിൽ സ്ഥാപനങ്ങളെ സമൂഹമാധ്യമങ്ങളില്‍ നിന്ന് ബ്ലോക്ക് ചെയ്യാൻ കേന്ദ്രസർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകൾ ഉണ്ടെന്നാണ് വിവരം. 'ദി ഇന്ത്യൻ എക്സ്പ്രസാണ്' വാർത്ത റിപ്പോർട്ട് ചെയ്തത്.
സ്വകാര്യത നിയമനിർമാണത്തിനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമമായ 2023 ലെ കരട് ഡിപിഡിപി ബിൽ വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും. രണ്ടാമത്തെ തവണയാണ് ഒരു സ്വകാര്യത ബിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെക് വിപണിയിലൊന്നായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ് ഈ ബിൽ. നവംബറിൽ പുറത്തുവിട്ട കരട് ബില്ലിൽ വലുതായി മാറ്റങ്ങളൊന്നും വരുത്താതെയാണ് സഭയിൽ അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്തെ പൗരന്മാരുടെ ഡിജിറ്റൽ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവരുന്ന ഡിപിഡിപി ബില്ലിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. കേന്ദ്രസർക്കാരിന് കൂടുതൽ അധികാരം നൽകുന്നതാണ് ബില്ലെന്നാണ് പ്രധാന ആക്ഷേപം. ബില്ലിലെ വകുപ്പുകൾ പ്രകാരം, ഡാറ്റ പ്രൊട്ടക്ഷൻ ബോർഡിൻറെ നിയന്ത്രണം കേന്ദ്ര സർക്കാരിന് നൽകുന്നു. കൂടാതെ കേന്ദ്രത്തിന്റെ ആവശ്യാനുസരണം ഏതൊരു സ്ഥാപനത്തെയും സർക്കാരിന് വിവരങ്ങൾ നൽകാൻ ബാധ്യസ്ഥരാക്കുന്ന വകുപ്പുകൾക്ക് നേരെയും വിമർശനം ഉയർന്നിരുന്നു.
ക്രമസമാധാനം, ദേശസുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള ബന്ധം എന്നിവയെ ബാധിക്കുന്ന സാഹചര്യങ്ങളിൽ സർക്കാരിന്റെ കീഴിലുള്ള ഏത് സ്ഥാപനത്തെയും ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്രത്തിന് കഴിയും. ബില്ലിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലുമൊരു സ്ഥാപനത്തിന് രണ്ടുതവണയിൽ കൂടുതൽ പിഴയടക്കേണ്ടി വന്നാൽ കേന്ദ്ര സർക്കാരിന് അവരെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഒഴിവാക്കാനാകും. ഐടി ആക്ട്, 2000ത്തിന്റെ സെക്ഷൻ 69 (എ) പ്രകാരം നിലനിൽക്കുന്ന ഓൺലൈൻ സെൻസർഷിപ്പിന് കൂടുതൽ കരുത്തുപകരുന്നതാണ് ഈ നിയമങ്ങൾ. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിന് സ്ഥാപനങ്ങൾക്ക് കർശനമായ മാനദണ്ഡങ്ങൾ വയ്ക്കുമ്പോൾ തന്നെയാണ് സർക്കാരിനും ചില സ്വകാര്യ സ്ഥാപനങ്ങൾക്കും "നിയമപരമായ ഉപയോഗങ്ങൾക്ക്" ഇളവ് നൽകുന്നത്.
ദേശീയ സുരക്ഷാ കാരണങ്ങളുണ്ടെങ്കിൽ പൗരന്മാരുടെ സമ്മതം തേടാതെയും സബ്‌സിഡികൾ, ആനുകൂല്യങ്ങൾ, സർട്ടിഫിക്കറ്റുകൾ, ലൈസൻസ് അല്ലെങ്കിൽ പെർമിറ്റ് തുടങ്ങിയ മറ്റ് സേവനങ്ങൾക്കും കേന്ദ്രത്തിന് പൗരന്മാരുടെ ഡാറ്റ പരിശോധിക്കാൻ കഴിയും. രക്ഷാകർതൃ സമ്മതമില്ലാതെ ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 18 വയസിന് താഴെ നിശ്ചയിക്കാനുള്ള അധികാരവും ബിൽ കേന്ദ്രസർക്കാരിന് നൽകുന്നുണ്ട്. ഏതൊക്കെ പ്ലാറ്റ്‌ഫോമുകൾക്ക് പൗരന്മാരുടെ വിവരങ്ങൾ ശേഖരിക്കാനാകുമെന്ന കാര്യം നിശ്‌ചയിക്കാനും സർക്കാരിനാണ് അധികാരം. 'മുഖ്യ ഡാറ്റ ഫിഡൂഷ്യറികൾ' എന്ന ഗണത്തിൽപ്പെടുത്തിയാകും ഇവരെ പരിഗണിക്കുക. ഫേസ്ബുക്, യൂട്യൂബ്, വാട്സ്ആപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളെ ഈ വിഭാഗത്തിന് കീഴിലാകും ഉൾപ്പെടുത്തുക. തന്റെ സ്വകാര്യ വിവരങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെടാനുള്ള പൗരന്റെ അവകാശം ദേശസുരക്ഷ മുൻനിർത്തി റദ്ദ് ചെയ്യുന്ന വകുപ്പുകളും ബില്ലിലുണ്ടെന്നാണ് കരുതപ്പെടുന്നത്.