വിമാനത്തിൽ സഹയാത്രികൻ ദേഹത്ത് മൂത്രമൊഴിച്ചു; പരാതിയുമായി വയോധിക

വിമാനത്തിൽ സഹയാത്രികൻ ദേഹത്ത് മൂത്രമൊഴിച്ചു; പരാതിയുമായി വയോധിക

നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം
Updated on
1 min read

എയര്‍ ഇന്ത്യയില്‍ വിമാനയാത്രക്കാരന്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയതായി പരാതി. നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യയിലെ ബിസിനസ് ക്ലാസിലാണ് സംഭവം. മദ്യപിച്ചെത്തിയ ഇയാള്‍ യാത്രക്കാരിക്ക് നേരെ മൂത്രമൊഴിക്കുകയായിരുന്നു. സംഭവത്തില്‍ വയോധിക പോലീസില്‍ പരാതി നല്‍കി.

ഉച്ചഭക്ഷണത്തിന് ശേഷം ലൈറ്റുകൾ ഓഫാക്കിയതിനു പിന്നാലെ ഒരു യാത്രക്കാരന്‍ സീറ്റിനടുത്തേക്ക് നടന്നു വന്നു. അയാള്‍ നന്നായി മദ്യപിച്ചിരുന്നു. തുടര്‍ന്ന് അയാള്‍ ദേഹത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു. മറ്റൊരു യാത്രക്കാരന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അയാള്‍ അവിടെ നിന്നും പോയത്. വസ്ത്രങ്ങളും, ബാഗും, ഷൂസുമെല്ലാം പൂര്‍ണ്ണമായും മൂത്രത്താൽ നനഞ്ഞു. പിന്നാലെ, ക്യാബിൻ ക്രൂവില്‍ ഉണ്ടായിരുന്ന ഒരു യുവതിയാണ് തനിക്ക് പകരം വസ്ത്രങ്ങളും ചെരിപ്പും നല്‍കിയത്.

എന്നാല്‍, ഫ്ലെെറ്റിനുള്ളില്‍ നിന്നും ഇത്തരമൊരു ദുരനുഭവമുണ്ടായിട്ടും ഫ്ലെെറ്റിലെ ക്രൂ പ്രശ്നത്തെ വേണ്ടവിധം കെെകാര്യം ചെയ്തില്ലെന്നും, തനിക്കു വേണ്ടി താന്‍ മാത്രമാണ് സംസാരിച്ചതെന്നും യാത്രക്കാരി പരാതിയില്‍ വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ വിശദീകരണവുമായി എയര്‍ ഇന്ത്യ രംഗത്തെത്തി. ഒരു യാത്രക്കാരന് വിലക്കേര്‍പ്പെടുത്താനുള്ള അധികാരം സര്‍ക്കാരിന്റെ പരിധിയിലാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, അതിനായി കാത്തിരിക്കുകയാണെന്നും എഎന്‍ഐയോട് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരനായ ആള്‍ക്കെതിരെ കേസെടുക്കുമന്നും, ഇയാള്‍ക്കെതിരെ വിമാനയാത്ര വിലക്ക് ഏര്‍പ്പെടുത്താന്‍ ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചതായും എയര്‍ ഇന്ത്യയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

logo
The Fourth
www.thefourthnews.in