മണിപ്പൂര്‍ സംഘര്‍ഷം: 47000 പേരെ മാറ്റിപ്പാർപ്പിച്ചു, നൂറുകണക്കിന് ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍
മണിപ്പൂരിൽ കലാപത്തെ തുടർന്ന് 47,000 ത്തോളം ആളുകളെ ഒഴിപ്പിച്ചതായി ഔദ്യോഗിക റിപ്പോർട്ട്. നൂറുകണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തു. നിരവധി പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുകയാണ്. ദുരിത ബാധിതര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് ഉറപ്പ് നല്‍കി.
വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ക്രമീകരണങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള ക്രമീകരണങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വീടുകൾ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ''അക്രമം മൂലം കുടിയിറക്കപ്പെട്ടവർക്കായി ഏകദേശം 4000 വീടുകൾ നിര്‍മിക്കാനാണ് പദ്ധതി. ബ്ലൂ പ്രിന്റിന് അന്തിമ രൂപമായിട്ടില്ല. രണ്ട് മുറികളുളള വീട് നിര്‍മിക്കാനാണ് നിലവില്‍ പദ്ധതിയിടുന്നത്''-മുഖ്യമന്ത്രി പറഞ്ഞു. അക്രമം തുടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ വിദ്യാഭ്യാസം പുനഃസ്ഥാപിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചുരാചന്ദ്പൂരിൽ നിന്ന് കുടിയിറക്കപ്പെട്ടവരെയും ഇംഫാലിലെ ക്യാമ്പുകളിൽ കഴിയുന്നവരെയും ഇംഫാലിലെ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും അയയ്‌ക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആധാര്‍ കാര്‍ഡുകള്‍ പുനവിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്തു
വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചവരെല്ലാം ഇപ്പോൾ ക്യാമ്പുകളിലാണ്. ഇവരില്‍ പലര്‍ക്കും ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകളെല്ലാം നഷ്ടപ്പെട്ടു. കേന്ദ്ര-സംസ്ഥാന ഗുണഭോക്തൃ പദ്ധതികളിൽ ഭൂരിഭാഗവും ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, ആധാർ കാർഡുകൾ പുനർവിതരണം ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ ഉണ്ടാക്കാൻ തിങ്കളാഴ്ച സംസ്ഥാന സർക്കാർ നിർദേശം നല്‍കി. ആധാർ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ സർക്കാർ ക്യാമ്പുകളിൽ തന്നെ ഒരുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അതിനിടെ കഴിഞ്ഞ ദിവസം മേയ്തി, കുകി സമുദായങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 22കാരൻ കൊല്ലപ്പെട്ടു. ചുരാചന്ദ്പൂർ ജില്ലയിലെ ലാംകയിൽ മണിപ്പൂർ ഗവർണർ സന്ദർശനം നടത്താനിരിക്കെയാണ് സംഘർഷമുണ്ടായത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള ചർച്ചകള്‍ക്ക് ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും സംഘർഷമുണ്ടായത്. നേരത്തെ സർക്കാർ രൂപീകരിച്ച സമാധാന സമിതിയിൽ അതൃപ്തി പ്രകടിപ്പിച്ച് കുകി വിഭാഗം രംഗത്തെത്തിയിരുന്നു.
അതേസമയം സംസ്ഥാനത്തെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് മണിപ്പൂർ സർക്കാർ സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം ജൂൺ 15 വരെ നീട്ടിയിരുന്നു. അക്രമം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിന്യസിച്ച അര്‍ദ്ധസൈനിക സേനയുടെ സാന്നിധ്യവും സംസ്ഥാനത്തുണ്ട്.