യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇ-പാസ് നിര്‍ബന്ധമാക്കി
ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് തയാറെടുക്കുന്നവര്‍ക്ക് തിരിച്ചടിയായി മദ്രാസ് ഹൈക്കോടതി ഉത്തരവ്. മേയ് ഏഴു മുതല്‍ ജൂണ്‍ 30 വരെ ഈ മേഖലയിലേക്കുള്ള വാഹനഗതാഗതത്തിന് കോടതി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇ-പാസ് ഇല്ലാതെ ഈ മേഖലകളിലേക്ക് വാഹനങ്ങള്‍ കടത്തിവിടരുതെന്ന് കോടതി നിര്‍ദേശിച്ചു. പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ പേരിലാണ് കോടതി നടപടി.
ഇവിടേക്ക് എത്തുന്ന വാഹനങ്ങളുടെ നമ്പരും മോഡലും വിനോദ സഞ്ചാരികളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് കൃത്യമായി മനസിലാക്കാന്‍ വേണ്ടിയാണ് ഇ-പാസ് നിര്‍ബന്ധമാക്കുന്നത്. കോവിഡ് കാലത്ത് നീലഗിരി, ഡിണ്ടിഗല്‍ ജില്ലാ ഭരണകൂടങ്ങള്‍ നടപ്പാക്കിയ ഇ-പാസ് സംവിധാനം ഈ കാലയളവില്‍ നിര്‍ബന്ധമായി നടപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ എന്‍ സതീഷ്‌കുമാര്‍, ഭരത ചക്രവര്‍ത്തി നഎന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. നീലഗിരി, ഡിണ്ടിഗല്‍ ജില്ലാ പരിധിക്കുള്ളില്‍ താമസിക്കുന്നവര്‍ക്ക് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്നതിന് പാസ് നിര്‍ബന്ധമല്ലെന്നും കോടതി വ്യക്തമാക്കി. പാസ് എടുക്കുന്നവര്‍ക്ക് അപേക്ഷയ്‌ക്കൊപ്പം ടോള്‍ ചാര്‍ജും ഓണ്‍ലൈനായി അടയ്ക്കാനുള്ള സൗകര്യം ഒരുക്കണമെന്നും കോടതി വ്യക്തമാക്കി. അതിലൂടെ ചെക്‌പോസ്റ്റുകളിലെ തിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നും ബെഞ്ച് നിരീക്ഷിച്ചു.
ടൂറിസ്റ്റ് സീസണുകളില്‍ പ്രതിദിനം 20,000 വിനോദ സഞ്ചാരികള്‍ വരെ നീലഗിരിക്കുന്നുകള്‍ സന്ദര്‍ശിക്കാനെത്തുന്നുണ്ടെന്നും ഇത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും നീലഗിരി-ഡിണ്ടിഗല്‍ കളക്ടര്‍മാര്‍ കോടതിയെ അറിയിച്ചിരുന്നു. സഞ്ചാരികളുടെയും വാഹനങ്ങളുടെയും എണ്ണം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും കളക്ടര്‍മാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഇ-പാസ് നിര്‍ബന്ധമാക്കാന്‍ കോടതി ഉത്തരവിട്ടത്.