സിപിഐ അടക്കം മൂന്ന് പാര്‍ട്ടികളുടെ ദേശീയ പദവി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ;  എഎപി ഇനി ദേശീയ പാർട്ടി

സിപിഐ അടക്കം മൂന്ന് പാര്‍ട്ടികളുടെ ദേശീയ പദവി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ; എഎപി ഇനി ദേശീയ പാർട്ടി

സിപിഐയ്ക്ക് ബംഗാളിലെ സംസ്ഥാന പാർട്ടി പദവിയും നഷ്ടമായി
Updated on
2 min read

രാജ്യത്തെ മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ പദവി റദ്ദാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. സിപിഐ, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയ്ക്കാണ് ദേശീയ പദവി നഷ്ടമായത്. അതേസമയം, ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പദവി നല്‍കിയിട്ടുണ്ട്. സിപിഐയ്ക്ക് ബംഗാളിലെ സംസ്ഥാന പാർട്ടി പദവിയും നഷ്ടമായി. ഇതോടെ കേരളത്തിലും തമിഴ്നാട്ടിലും മണിപ്പൂരിലും മാത്രമായി സിപിഐയ്ക്ക് സംസ്ഥാന പാർട്ടി പദവി.

സിപിഐ അടക്കം മൂന്ന് പാര്‍ട്ടികളുടെ ദേശീയ പദവി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ;  എഎപി ഇനി ദേശീയ പാർട്ടി
എങ്ങനെ ദേശീയ പാർട്ടിയാകാം?

2014 , 2019 പൊതു തിരഞ്ഞെടുപ്പുകളിലെ വോട്ട് വിഹിതം പരിഗണിച്ചാണ് പദവികൾ പുനർനിശ്ചയിച്ചത്. ബിജെപി, കോൺഗ്രസ്, സിപിഎം, ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), എഎപി എന്നിവയാണ് ഇപ്പോൾ ദേശീയ പാർട്ടികള്‍. എൻസിപി മഹാരാഷ്ട്ര നാഗാലാൻഡ് എന്നിവിടങ്ങളിൽ സംസ്ഥാന പാർട്ടി പദവിയാണ്. മണിപ്പൂർ, ഗോവ, മേഘാലയ എന്നിവിടങ്ങളിൽ സംസ്ഥാന പാർട്ടി പവി നഷ്ടമായി. തൃണമൂലാകട്ടെ മേഘാലയയിലും ബംഗാളിലും ത്രിപുരയിലും സംസ്ഥാന പാർട്ടി പദവിയിലുണ്ട്. ഡൽഹിയിലും പഞ്ചാബിലും ഭരിക്കുന്ന എഎപിക്ക് ഗോവയിലും ഗുജറാത്തിലുമടക്കം നിയമസഭാ തിരഞ്ഞെടുപ്പിൽ നടത്തിയ മികച്ച പ്രകടനമാണ് ദേശീയ പാർട്ടി പദവി നൽകിയത്. ഇത്ര കുറഞ്ഞ കാലത്തിൽ ദേശീയ പാർട്ടി പദവി ലഭിക്കുന്നത് അത്ഭുതത്തിൽ കുറഞ്ഞൊന്നുമല്ലെന്ന് പ്രതികരിച്ച അരവിന്ദ് കേജ്രിവാൾ പാർട്ടി പ്രവർത്തകർക്ക് നന്ദി പറഞ്ഞു.

ഉത്തർപ്രദേശിൽ ആർഎൽഡി, ആന്ധ്രാപ്രദേശിൽ ബിആർഎസ്, മണിപ്പൂരിൽ പിഡിഎ, പുതുച്ചേരിയിൽ പിഎംകെ, പശ്ചിമ ബംഗാളിൽ ആർഎസ്പി, മിസോറാമിൽ എംപിസി എന്നീ പാർട്ടികളുടെ സംസ്ഥാന പാർട്ടി പദവികളും തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി. ഇതോടെ ബിആർഎസ് തെലങ്കായിലെ സംസ്ഥാന പാർട്ടി മാത്രമായി.

അതേസമയം നാഗാലാൻഡിലെ ലോക് ജനശക്തി പാർട്ടി (രാം വിലാസ്), മേഘാലയയിലെ വോയ്സ് ഓഫ് പീപ്പിൾ പാർട്ടി, ത്രിപുരയിലെ തിപ്ര മോത എന്നിവയ്ക്ക് സംസ്ഥാന പാർട്ടി പദവി ലഭിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി പാർട്ടികൾക്ക് പദവി വീണ്ടെടുക്കാൻ കഴിയുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

പദവി മാറ്റം തിരഞ്ഞെടുപ്പിൽ ലഭിക്കുന്ന പാർട്ടി ചിഹ്നത്തെ ബാധിക്കും.

ആം ആദ്മി പാർട്ടിയുടെ ദേശീയ പാർട്ടി പദവി സംബന്ധിച്ച് ഏപ്രിൽ 13നകം ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാൻ കർണാടക ഹൈക്കോടതി കഴിഞ്ഞയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെയും മറ്റ് സംസ്ഥാന തിരഞ്ഞെടുപ്പുകളിലെയും മോശം പ്രകടനമാണ് സിപിഐ, തൃണമൂൽ കോൺഗ്രസ്, എൻസിപി പാർട്ടികൾക്ക് തിരിച്ചടിയായത്. എന്തുകൊണ്ട് ദേശീയ പാർട്ടി പദവി റദ്ദാക്കാൻ പാടില്ല എന്നത് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2019 ജൂലൈയിൽ മൂന്ന് പാർട്ടികൾക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ തുടർ നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

1968 ലെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ (സംവരണവും വിഹിതവും) സംബന്ധിച്ച ഉത്തരവ് പ്രകാരം, നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ അംഗീകൃത സംസ്ഥാന പാര്‍ട്ടിയാണെങ്കില്‍ ആ പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി പരിഗണിക്കാം. ലോക്സഭാ തിരഞ്ഞെടുപ്പിലോ നിയമസഭാ തിരഞ്ഞെടുപ്പിലോ നാലോ അതിലധികമോ സംസ്ഥാനങ്ങളിലെ സാധുവായ വോട്ടിന്റെ 6% എങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ നേടുകയും ചെയ്തിരിക്കണം. ഒപ്പം കുറഞ്ഞത് നാല് തിരഞ്ഞെടുക്കപ്പെട്ട എംപിമാരുണ്ടെങ്കില്‍ അല്ലെങ്കില്‍ മൊത്തം ലോക്സഭാ സീറ്റുകളുടെ 2% എങ്കിലും കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളില്‍ വിജയിക്കുകയും വേണം.

logo
The Fourth
www.thefourthnews.in