ആധാർ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കാത്തതിന്റെ കാരണം വ്യക്തമാക്കൽ: നിയമ ഭേദഗതി നിർദേശിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ
ആധാർ കാർഡ് വോട്ടർ ഐഡി കാർഡുമായി ബന്ധിപ്പിക്കാത്തതിന്റെ കാരണം നിർബന്ധമായും വോട്ടർ വ്യക്തമാക്കണമെന്ന വ്യവസ്ഥ ഇല്ലാതാക്കാൻ നിയമങ്ങൾ ഭേദഗതി ചെയ്യാൻ നിർദേശിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. 1950ലെ ജനപ്രാതിനിധ്യ നിയമത്തിലും വോട്ടർ എൻറോൾമെൻ്റ് ഫോമുകളിലും ഭേദഗതി നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേന്ദ്രത്തെ സമീപിച്ചത്. എന്നാൽ ഈ നിർദേശം കേന്ദ്ര നിയമ മന്ത്രാലയം നിരസിച്ചു.
1950ലെ ആർപി നിയമം ഭേദഗതി ചെയ്യാൻ സുപ്രീം കോടതി പ്രത്യേക നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം നിരസിച്ചത്. പകരം വിഷയത്തിൽ കമ്മീഷന്റെ നിലപാട് വ്യക്തമാക്കി കൊണ്ട് കൃത്യമായ മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. ആധാർ വിശദാംശങ്ങൾ നൽകുന്നത് വ്യക്തികേന്ദ്രീകൃത പ്രവൃത്തിയാണെന്നും ആധാർ നമ്പർ ഇല്ലാത്തതിനാൽ ഒരു വോട്ടറുടെയും പേര് ഇല്ലാതാക്കുകയോ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താതിരിക്കുകയോ ചെയ്യരുത് എന്നുമാണ് വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.
ഫോം 6ബി (എൻറോൾ ചെയ്ത വോട്ടർമാരുടെ ആധാർ നമ്പർ ശേഖരിക്കുന്നതിന്), ഫോറം 6 (പുതിയ വോട്ടർ എൻറോൾമെൻ്റിനായി) , മറ്റ് ഫോമുകൾ സംബന്ധിച്ച് നിരാവധി പരാതികളും ഒരു റിട്ട് ഹർജിയും കോടതിയിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് തിരെഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം എത്തുന്നത്. ഈ ഫോമുകളിൽ ആധാർ കാർഡ് നൽകുന്നതിൽ നിന്ന് ഒഴിവാകാൻ വോട്ടർമാർക്ക് രണ്ട് ഓപ്ഷനുകൾ മാത്രമാണ് ഉള്ളത്. ഒന്നുകിൽ ആധാർ നമ്പർ നൽകുക അല്ലെങ്കിൽ "എനിക്ക് ആധാർ നമ്പർ ഇല്ലാത്തതിനാൽ എനിക്ക് ആധാർ നൽകാൻ കഴിയുന്നില്ല" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
അതിനാൽ തങ്ങളുടെ ആധാർ വിശദാംശങ്ങൾ നല്കാൻ ആഗ്രഹിക്കാത്ത വോട്ടർമാർ പോലും ആധാർ കാർഡ് ഇല്ലെന്ന തെറ്റായ പ്രഖ്യാപനം നടത്താൻ നിർബന്ധിതരാകുന്നു. ഇത് 1950 ലെ ആർപി ആക്ട് പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. വോട്ടർപട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ആധാർ നമ്പർ നിർബന്ധമല്ലെന്ന് കഴിഞ്ഞ വർഷം കോടതി വ്യക്തമാക്കിയിരുന്നു. ഇത് ഉൾപ്പെടുത്താനായി വോട്ടർ എൻറോൾമെൻ്റ് ഫോമിൽ വ്യക്തമായ മാറ്റങ്ങൾ വരുത്താൻ സുപ്രീം കോടതി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് 1950ലെ ആർപി നിയമത്തിലും വോട്ടർ എൻറോൾമെൻ്റ് ഫോമിലും കമ്മിഷൻ ഭേദഗതി നിർദേശിച്ചത്.