ഇലക്ടറൽ ബോണ്ട്: പേരുകൾ വെളിപ്പെടുത്താതെ ബിജെപിയും കോണ്‍ഗ്രസും, രാഷ്ട്രീയപാർട്ടികൾ നല്‍കിയ വിവരങ്ങൾ പുറത്ത്
ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പരസ്യമാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തിന് പിന്നാലെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച പണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2019 ഏപ്രില്‍ 12 മുതല്‍ 2023 നംവബര്‍ 2 വരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച ഇലക്ട്രല്‍ ബോണ്ടുകളുടെ കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണ് പുറത്ത് വിട്ടത്. ലഭിച്ച ബോണ്ടുകളുടെ കണക്കുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുദ്രവച്ച കവറില്‍ സുപ്രീം കോടതിയ്ക്ക് കൈമാറിയിരുന്നു ഇതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്. പുറത്തുവന്ന വിവരങ്ങളില്‍ ഭൂരിഭാഗവും 2019 ഏപ്രില്‍ 12 ന് മുന്‍പുള്ളവയാണ്.
ഏറ്റവുമധികം തുക സംഭാവനയായി സ്വീകരിച്ചത് നേരത്തെ എസ്ബിഐ പുറത്ത് വിട്ട കണക്കിലുള്ളതുപോലെ ബിജെപി തന്നെയാണ്. എസ്ബിഐയുടെ കണക്കുകളിൽ നിന്ന് വ്യത്യസ്തമായി ഏതൊക്കെ കമ്പനികളും വ്യവസായികളും ഏതൊക്കെ പാർട്ടികൾക്ക് സംഭാവന നൽകി എന്നുകൂടി ഇപ്പോൾ വെളിപ്പെടുകയാണ്. എന്നാൽ ബിജെപിയും കോണ്‍ഗ്രസും പണം നൽകിയവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താതെയാണ് വിവരങ്ങൾ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ലോട്ടറി രാജാവെന്നു വിളിക്കപ്പെടുന്ന സാന്റിയാഗോ മാർട്ടിനിൽ നിന്നും 509 കോടി രൂപ തമിഴ്‌നാട്ടിൽ ഭരണത്തിലിരിക്കുന്ന ഡിഎംകെ സ്വീകരിച്ചു എന്നും വ്യക്തമാണ്. ഡിഎംകെയ്ക്ക് ആകെ ലഭിച്ച തുക 656.5 കോടി രൂപയാണ്. അതിന്റെ സിംഹഭാഗവും സാന്റിയാഗോ മാർട്ടിൻ നൽകിയതാണ്.
എഐഎഡിഎംകെയ്ക്ക് പണം നൽകിയവരിൽ പ്രമുഖർ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്‌സ് ആണ്. ഒരുകോടി രൂപയുടെ ആറ് ബോണ്ടുകളിലായി 6 കോടി രൂപയാണ് ചെന്നൈ സൂപ്പർ കിങ്‌സ് നൽകിയത്. തൃണമൂൽ കോൺഗ്രസ് പേരുവിവരങ്ങൾ ഉൾപ്പെടാത്ത കണക്കാണ് നൽകിയത്.
മായാവതിയുടെ ബഹുജൻ സമാജ്‍വാദി പാർട്ടി (ബിഎസ്പി), സിപിഐ, സിപിഎം, മുസ്ലിം ലീഗ് എന്നീ പാർട്ടികൾ ഇലക്ട്‌റൽ ബോണ്ടുകൾ സ്വീകരിച്ചിട്ടില്ല എന്നാണ് മുദ്രവച്ച കവറിൽ അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് ഓൾ ഇന്ത്യ കമ്മറ്റി പുറത്ത് വിട്ട കണക്കുകൾക്ക് പുറത്ത് കോൺഗ്രസിന്റെ ഗോവ ഘടകവും തങ്ങൾക്കു ലഭിച്ച ബോണ്ടിന്റെ വിവരങ്ങൾ കമ്മീഷന് നൽകി. വിഎം സാല്ഗോക്കർ കമ്പനിയാണ് ഗോവയിലെ കോൺഗ്രസിന് 30 ലക്ഷം രൂപ നൽകിയിട്ടുള്ളത്.
ബിജെപിയുടെ ത്രിപുര ഘടകവും, പശ്ചിമ ബംഗാളിലെ എൻസിപിയും തങ്ങൾക്ക് ബോണ്ടുകളൊന്നും ലഭിച്ചിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തി. തെലങ്കാനയിൽ ബിആർഎസിന് 230.65 കോടി രൂപയാണ് ബോണ്ടുകളിൽ നിന്ന് 2018-2019 കാലത്ത് ലഭിച്ചത്. കർണാടകയിൽ ജനത ദൾ സെക്കുലറിന് (ജെഡിഎസ്) എംബസി ഗ്രൂപ്പിൽ നിന്നും ഇൻഫോസിസിൽ നിന്നും, ബയോകോണിൽ നിന്നും ബോണ്ടുകൾ ലഭിച്ചിട്ടുണ്ട്.
രാഷ്ട്രീയ പാർട്ടികൾക്ക് വിവരങ്ങളൊന്നും വെളിപ്പെടുത്താതെ സംഭാവന നൽകാവുന്ന തരത്തിൽ 2019ൽ കേന്ദ്ര സർക്കാർ ആരംഭിച്ച സംവിധാനമാണ് ഇലക്ട്‌റൽ ബോണ്ട്. ഇത് അഴിമതിക്ക് വഴിവെക്കുമെന്ന് കാണിച്ച് കഴിഞ്ഞ മാസമാണ് സുപ്രീംകോടതി ഈ സംവിധാനം എടുത്ത് മാറ്റുന്നത്. എസ്ബിഐക്കാണ് ഇലക്ട്‌റൽ ബോണ്ടുകൾ വിൽക്കാനുള്ള അനുമതി. 2019 ഏപ്രിൽ 12 മുതൽ 2023 നവംബർ 2 വരെ വിറ്റുപോയ ബോണ്ടുകളുടെ വിവരം പുറത്ത് വിടാൻ സുപ്രീം കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് എസ്ബിഐ കണക്കുകൾ പുറത്ത് വിടുന്നത്. ആകെ ലഭിച്ച തുകയുടെ 48 ശതമാനവും ബിജെപിക്കാണ് ലഭിച്ചതെന്ന വിവരങ്ങളാണ് പുറത്ത് വന്നത്.