ഐഎൻഎക്സ് മീഡിയ കേസ്: കാർത്തി ചിദംബരത്തിന് തിരിച്ചടി, 11.04 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇ ഡി
ഐഎൻഎക്സ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എം പി കാർത്തി ചിദംബരത്തിന്റെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 11.04 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കർണാടകയിലെ കുടക് ജില്ലയിലെ സ്വത്തുക്കൾ ഉൾപ്പെടെയാണ് കണ്ടുകെട്ടിയത്. യുപിഎ സർക്കാരിന്റെ കാലത്ത് പി ചിദംബരം ധനമന്ത്രിയായിരിക്കെ മാധ്യമ സ്ഥാപനത്തിലേക്ക് നിയമവിരുദ്ധമായി വിദേശ നിക്ഷേപം സ്വീകരിച്ചു എന്നതാണ് കേസ്. കാര്‍ത്തിക്കെതിരെ കള്ളപ്പണ നിരോധന നിയമത്തിലെ സുപ്രധാന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം തമിഴ്നാട്ടിലെ ശിവഗംഗ ലോക്സഭാ സീറ്റില്‍ നിന്നുള്ള സിറ്റിങ് എംപിയാണ്. നേരത്തെ ഐഎൻഎക്സ് കേസില്‍ സിബിഐയും ഇ ഡിയും കാർത്തിയെ അറസ്റ്റ് ചെയ്തിരുന്നു. 2007ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ഐഎന്‍എക്സ് മീഡിയ എന്ന കമ്പനി ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചെന്നാണ് കേസ്.
ഇന്ദ്രാണി മുഖർജി, പീറ്റർ മുഖർജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ ചട്ടപ്രകാരം 4.62 കോടി രൂപ മാത്രമേ വിദേശനിക്ഷേപം നേടാനാകൂ. ഈ ഇടപാട് നടക്കാൻ ചിദംബരം വഴിവിട്ട സഹായം നൽകുകയും ധനവകുപ്പിൽ നിന്ന് ക്ലിയറൻസ് നൽകുകയും ചെയ്തിരുന്നുവെന്നുമായിരുന്നു കേസ്. കൂടാതെ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയത് വഴി ചിദംബരത്തിന് സാമ്പത്തിക നേട്ടമുണ്ടായെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. എന്നാൽ ആരോപണങ്ങളെല്ലാം ചിദംബരം നിഷേധിച്ചിരുന്നു.
ഷെല്‍ കമ്പനികളിലൂടെയാണ് ഈ പണം ലഭിച്ചിരുന്നതെന്നും കമ്പനികളെല്ലാം കാര്‍ത്തി ചിദംബരത്തിന്റെ പേരിലായിരുന്നുവെന്നും ഇ ഡി പറഞ്ഞു. എന്നാൽ തനിക്കും കുടുംബത്തിനുമെതിരെ രാഷ്ട്രീയ പകപോക്കലാണ് ബിജെപിയും കേന്ദ്ര സർക്കാരും നടത്തുന്നതെന്ന് കാർത്തി ചിദംബരം പ്രതികരിച്ചു.