കള്ളപ്പണക്കേസ് പ്രത്യേക കോടതി പരിഗണിച്ചശേഷം കുറ്റാരോപിതരെ അറസ്റ്റ് ചെയ്യാന്‍ ഇ ഡിക്ക് അധികാരമില്ല: സുപ്രീംകോടതി
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസ് പ്രത്യേക കോടതി പരിഗണിച്ചശേഷം കുറ്റാരോപിതരെ അതേ നിയമത്തിലെ 19-ാം വകുപ്പ് ഉപയോഗിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)ന് അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. പ്രതിയെ കസ്റ്റഡിയില്‍ വേണമെങ്കില്‍ ഇ ഡി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
''കള്ളപ്പണ നിരോധന നിയമ(പിഎംഎല്‍എ)ത്തിലെ 44-ാം വകുപ്പ് പ്രകാരമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ നാലാം വകുപ്പില്‍ പറയുന്ന ശിക്ഷാര്‍ഹമായ കുറ്റകൃത്യം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടശേഷം, കുറ്റാരോപിതരെ 19-ാം വകുപ്പ് ഉപയോഗിച്ച് അറസ്റ്റ് അധികാരം വിനിയോഗിക്കാന്‍ ഇ ഡിക്കും ഉദ്യോഗസ്ഥര്‍ക്കും അധികാരമില്ല. സമന്‍സ് ലഭിച്ചതിനെത്തുടര്‍ന്ന് ഹാജരാകുന്ന കുറ്റാരോപിതരെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കസ്റ്റഡിയില്‍ വേണമെങ്കില്‍ ഇ ഡി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി അനുമതി തേടണം. കുറ്റാരോപിതരുടെ കൂടി വാദം കേട്ടശേഷമായിരിക്കണം ഇ ഡിയുടെ ഹര്‍ജിയില്‍ പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിക്കേണ്ടത്. 19-ാം വകുപ്പ് പ്രകാരം പ്രതിയെ മുന്‍പ് അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ അത് അനുവദിക്കാവൂ,'' ജസ്റ്റിസുമാരായ അഭയ് എസ് ഓകയും ഉജ്ജല്‍ ഭുയാനും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
കുറ്റകൃത്യത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെങ്കില്‍ ഇതിനകം സമര്‍പ്പിച്ച പരാതിയില്‍ കുറ്റാരോപിതനായി ചൂണ്ടിക്കാണിക്കാത്തയാളെ ഇ ഡിക്ക് അറസ്റ്റ് ചെയ്യാമെന്നും ബെഞ്ച് വ്യക്തമാക്കി. പഞ്ചാബ് ഹൈക്കോടതി വിധിക്കെതിരെ ടാര്‍സെം ലാല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സമന്‍സ് ലഭിച്ചതിനെത്തുടര്‍ന്ന് കുറ്റാരോപിതന്‍ കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍, കേസില്‍ തുടര്‍ന്ന് ഹാജരാവുമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് സിആര്‍പിസി 88-ാം വകുപ്പ് പ്രകാരം കുറ്റാരോപിതന്‍ സമര്‍പ്പിച്ച ബോണ്ട് കള്ളപ്പണ നിരോധന നിയമത്തിലെ 45-ാം വകുപ്പ് പ്രകാരമുള്ള ജാമ്യനടപടിയായി കണക്കാക്കപ്പെട്ടു.
സമന്‍സ് ലഭിച്ചതിനു പിന്നാലെ അറസ്റ്റ് നടപടികളിലേക്കു കടക്കുമെന്നു കണ്ടാണ് കുറ്റാരോപിതന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. പിഎംഎല്‍എ വകുപ്പ് 45 പ്രകാരമുള്ള രണ്ടാമത്തെ വ്യവസ്ഥ ഹര്‍ജിക്കാരന്‍ പാലിച്ചില്ലെന്ന് നിരീക്ഷിച്ച് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ഇത്തരം കേസുകളില്‍ ഹര്‍ജിക്കാരന്‍ കുറ്റക്കാരനല്ലെന്നു കരുതുന്നതിനു ന്യായമായ കാരണങ്ങളുണ്ടെന്നും ജാമ്യത്തിലായിരിക്കുമ്പോള്‍ കുറ്റങ്ങളൊന്നും ചെയ്യാന്‍ സാധ്യതയില്ലെന്നും ജാമ്യം നല്‍കാനായി കോടതി ബോധ്യപ്പെടേതുണ്ട്. ഇതേത്തുടര്‍ന്നാണ് ഹര്‍ജിക്കാന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
പിഎംഎല്‍എയിലെ 44 (1) (ബി) വകുപ്പ് പ്രകാരമുള്ള പരാതി ഫയല്‍ ചെയ്തുകഴിഞ്ഞാല്‍, അത് സിആര്‍പിസിയിലെ 200 മുതല്‍ 205 വരെയുള്ള വകുപ്പുകളാല്‍ നിയന്ത്രിക്കപ്പെടും. എന്നാല്‍ അത്തരം വ്യവസ്ഥകളൊന്നും പിഎംഎല്‍എയുമായി പൊരുത്തപ്പെടുന്നില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
പരാതി സമര്‍പ്പിക്കുന്നതുവരെ കുറ്റാരോപിതനെ ഇ ഡി അറസ്റ്റ് ചെയ്തില്ലെങ്കില്‍, കേസ് പ്രത്യേക കോടതി പരിഗണിക്കുമ്പോള്‍ സാധാരണ ചട്ടം പോലെ സമന്‍സ് നല്‍കണം. അല്ലാതെ വാറന്റല്ല പുറപ്പെടുവിക്കേണ്ടത്. കുറ്റാരോപിതന്‍ ജാമ്യത്തിലാണെങ്കിലും സമന്‍സ് അയയ്ക്കണം. സമന്‍സ് ലഭിച്ചതനുസരിച്ചാണ് കുറ്റാരോപിതന്‍ പ്രത്യേക കോടതിയില്‍ ഹാജരായതെങ്കില്‍ കസ്റ്റഡിയിലാണെന്നു കരുതാനാകില്ല. അതിനാല്‍ കുറ്റാരോപിതന്‍ ജാമ്യത്തിന് അപേക്ഷിക്കേണ്ടതില്ല. അതേസമയം, സിആര്‍പിസി 88-ാം വകുപ്പ് പ്രകാരം ബോണ്ട് സമര്‍പ്പിക്കാന്‍ പ്രത്യേക കോടതിക്കു നിര്‍ദേശിക്കാം.
സിആര്‍പിസി 88-ാം വകുപ്പ് പ്രകാരം സമര്‍പ്പിക്കുന്ന ബോണ്ട് കേസില്‍ ഹാജരാവാമെന്നുള്ള രേഖാമൂലമുള്ള ഉറപ്പ് മാത്രമാണ്. അതിനാല്‍, ബോണ്ട് സ്വീകരിക്കുന്നതിനുള്ള ഉത്തരവ് ജാമ്യം അനുവദിക്കുന്നതിനു തുല്യമല്ല. അതിനാല്‍ ബോണ്ട് സ്വീകരിക്കുന്നതിന് പിഎംഎല്‍എ 45-ാം വകുപ്പിലെ ഇരട്ട വ്യവസ്ഥകള്‍ പാലിക്കേണ്ട ആവശ്യമില്ല. കുറ്റാരോപിതന്‍ ഹാജരായില്ലെങ്കില്‍ സിആര്‍പിസി 70-ാം വകുപ്പ് പ്രകാരം പ്രത്യേക കോടതിക്ക് വാറന്റ് പുറപ്പെടുവിക്കാം. പ്രത്യേക കോടതി ആദ്യം ജാമ്യം ലഭിക്കാവുന്ന വാറന്റ് പുറപ്പെടുവിക്കണം. ഇതുപ്രകാരം കുറ്റാരോപിതന്‍ ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാം.
സിആര്‍പിസി 88-ാം വകുപ്പ് പ്രകാരം ബോണ്ട് സമര്‍പ്പിക്കുന്നത് പിഎംഎല്‍എ യിലെ 45-ാം വകുപ്പ് നിര്‍ദേശിക്കുന്ന ഇരട്ട വ്യവസ്ഥ പാലിച്ചുകൊണ്ട് ജാമ്യത്തിന് അപേക്ഷിക്കുന്നതിന് തുല്യമാകുമോയെന്നതായിരുന്നു കോടതിക്കു മുന്നിലുള്ള പ്രധാന വിഷയം. സമന്‍സ് പ്രകാരം കോടതിയില്‍ ഹാജരാകുകയും തുടര്‍ന്ന് ഹാജരാകുമെന്നു കാണിച്ച് സിആര്‍പിസി 88-ാം വകുപ്പ് പ്രകാരം ബോണ്ട് സമര്‍പ്പിക്കുകയും ചെയ്താല്‍, ആ ബോണ്ട് പിഎംഎല്‍എയിലെ 45-ാം വകുപ്പ് പ്രകാരമുള്ള ഇരട്ട വ്യവസ്ഥകള്‍ അനുസരിച്ചുള്ള ജാമ്യമായി കണക്കാക്കരുതെന്നു ഹര്‍ജിക്കാരന്‍ വാദിച്ചു.
എന്നാല്‍, കുറ്റാരോപിതന്റെ സാന്നിധ്യം ഉറപ്പാക്കുന്നതിനുള്ള ബോണ്ടിനായി 88-ാം വകുപ്പ് പ്രകാരമുള്ള അധികാരം കോടതി പ്രയോഗിക്കുമ്പോഴെല്ലാം അത് ജാമ്യം സംബന്ധിച്ചും പിഎംഎല്‍എ 45 പ്രകാരമുള്ള ഇരട്ട വ്യവസ്ഥകളുടെ കാര്യത്തിലും ബാധകമാണെന്ന് ഇ ഡി വാദിച്ചു. ബാധകമാകും അതായത്, ഇരട്ട വ്യവസ്ഥകള്‍ പാലിച്ചാല്‍ മാത്രമേ ജാമ്യം അനുവദിക്കൂയെന്നായിരുന്നു ഇ ഡിയുടെ നിലപാട്. ഇതാണ് സുപ്രീംകോടതി തള്ളിയത്.