ഫെമ ലംഘനം: ഷവോമിക്കും മൂന്ന് ബാങ്കുകൾക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഇ ഡി

ഫെമ ലംഘനം: ഷവോമിക്കും മൂന്ന് ബാങ്കുകൾക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഇ ഡി

ഷവോമി ടെക്നോളജി ഇന്ത്യ സിഎഫ്ഒ സമീർ റാവു, മുൻ എംഡി മനു ജെയിൻ, മൂന്ന് ബാങ്കുകൾ എന്നിവർക്കാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്
Updated on
1 min read

ഫെമ ലംഘനത്തെ തുടർന്ന് ചൈനീസ് ഫോൺ കമ്പനിയായ ഷവോമിക്കും മറ്റ് മൂന്ന് ബാങ്കുകൾക്കും നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശ ഫണ്ട് വിനിമയ ചട്ടം ലംഘിച്ച് 5,551 കോടി രൂപയുടെ കളളപ്പണ ഇടപാടുകൾ നടത്തിയതിനാണ് ഇ ഡി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ഷവോമി ടെക്നോളജി ഇന്ത്യ സിഎഫ്ഒ സമീർ റാവു, മുൻ എംഡി മനു ജെയിൻ, മൂന്ന് ബാങ്കുകൾ എന്നിവർക്കാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.

ഷവോമി ഗ്രൂപ്പിൽ നിന്ന് 5,551.27 കോടി രൂപ കഴിഞ്ഞ വർഷം അന്വേഷണ ഏജൻസി പിടിച്ചെടുത്തിരുന്നു. വിദേശത്ത് റോയൽറ്റി അടയ്‌ക്കുന്നതിന് തുല്യമായ തുക വിദേശത്തേക്ക് അയച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തെ തുടർന്നായിരുന്നു നടപടി. ഷവോമി ഗ്രൂപ്പിന്റെ ബാങ്ക് അക്കൗണ്ടുകളിലായിരുന്നു പണമെന്നും അനധികൃതമായി വിദേശത്തേക്ക് പണമയച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ പിടിച്ചെടുത്തതാണെന്നും അന്വേഷണ ഏജൻസി അറിയിച്ചിരുന്നു.

സിറ്റി ബാങ്ക്, എച്ച്എസ്ബിസി, ഡച്ച് ബാങ്ക് എജി എന്നീ സ്ഥാപനങ്ങൾക്കും ഫെമയുടെ സെക്ഷൻ 10(4), 10(5) എന്നിവയുടെ ലംഘനത്തിന് നോട്ടീസ് അയച്ചതായും ഇ ഡി പ്രസ്താവനയിൽ അറിയിച്ചു. വിശദമായ അന്വേഷണത്തിന് ഒടുവിലാണ് ഷവോമിക്കും മറ്റ് സ്ഥാപനങ്ങൾക്കുമെതിരെ ഇ ഡി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. കമ്പനിക്ക് വലിയ തുക തന്നെ പിഴയടയ്‌ക്കേണ്ടി വരുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

24 ശതമാനം മാർക്കറ്റ് ഷെയറുമായി 2021-ൽ ഇന്ത്യയിലെ മുൻനിര സ്‌മാർട്ട്‌ഫോൺ വിൽപ്പനക്കാരായ ഷവോമി, ആദായനികുതി വെട്ടിപ്പിന്റെ പേരിൽ അന്വേഷണം നേരിടുകയാണ്. കഴിഞ്ഞ ഡിസംബറിൽ ആദായനികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് പ്രത്യേക അന്വേഷണ സംഘം കമ്പനിയുടെ ഓഫീസുകൾ റെയ്ഡ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മുൻ ഇന്ത്യൻ മേധാവി മനു കുമാർ ജെയിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in