തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരനെ അറസ്റ്റ് ചെയ്തെന്ന വാർത്ത നിഷേധിച്ച് ഇ ഡി
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ അറസ്റ്റ് ചെയ്തെന്ന വാർത്ത നിഷേധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്. വാർത്ത തെറ്റാണെന്നും അശോക് കുമാറിനെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഇ ഡി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. അശോക് കുമാറിനെ കൊച്ചിയിൽ വച്ച് ഇഡി അറസ്റ്റ് ചെയ്തതായി കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് ഭാഗം വ്യക്തമാക്കി പ്രസ്താവനയിറക്കിയത്.
ജൂണിലും ജൂലൈയിലുമായി നാല് തവണ അശോക് കുമാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നതായി ഇ ഡി പ്രസ്താവനയിൽ പറയുന്നു. എന്നാൽ ഒരിക്കൽ പോലും അദ്ദേഹം ഹാജരായിട്ടില്ല. നിസാരകാരണങ്ങൾ ചൂണ്ടിക്കാട്ടി ഒഴിയുകയായിരുന്നു. സമാനരീതിയിൽ അശോക് കുമാറിന്റെ ഭാര്യ നിർമലയും ഭാര്യാമാതാവ് പി ലക്ഷ്മിയും ഹാജരായിട്ടില്ല. ഇവർക്ക് മൂന്നുപേർക്കും കുറ്റകൃത്യത്തിൽ പങ്കുള്ളതായാണ് തെളിവുകൾ സൂചിപ്പിക്കുന്നതെന്നും പ്രസ്താവനയിൽ ഇ ഡി ചൂണ്ടിക്കാട്ടുന്നു.
സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്ത ഇ ഡി സംഘം തന്നെയാണ് അശോക് കുമാറിനെയും അറസ്റ്റ് ചെയ്തതെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത. നേരത്തെ സെന്തിൽ ബാലാജിയുടെ വീട് റെയ്ഡ് ചെയ്തപ്പോൾ അശോക് കുമാറിന്റെയും വീട് ഇ ഡി റെയ്ഡ് ചെയ്തിരുന്നു. ഈ മാസം പത്തിന് അശോകിന്റെ ഭാര്യ നിർമലയുടെ സ്വത്തുക്കളും ഇ ഡി മരവിപ്പിച്ചു. നിർമലയുടെ പേരിൽ കരൂരിലുള്ള 30 കോടിയിലധികം രൂപ വിലമതിക്കുന്ന 2.49 ഏക്കർ ഭൂമിയുടെ ക്രയവിക്രയമാണ് മരവിപ്പിച്ചത്.
അതേസമയം, സെന്തിൽ ബാലാജിക്കെതിരെ ഇ ഡി ശനിയാഴ്ച കുറ്റപത്രം സമർപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സെന്തിലിനെതിരെ 3000 പേജുള്ള കുറ്റപത്രമാണ് അന്വേഷണ ഏജൻസി സമർപ്പിച്ചത്. കുറ്റപത്രത്തിൽ സെന്തിൽ ബാലാജിയുടെ പേര് മാത്രമാണുള്ളത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ബാലാജി. സ്റ്റാലിൻ മന്ത്രിസഭയിലെ വൈദ്യുതി - എക്സൈസ് വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയെ ജൂണിലാണ് ഇ ഡി അറസ്റ്റ് ചെയ്തത്. ജയലളിത മന്ത്രിസഭയിൽ 2011-15 കാലത്ത് ഗതാഗത മന്ത്രിയായിരിക്കെ ജോലി നൽകുന്നതിന് കോഴ ആവശ്യപ്പെട്ടുവെന്നതായിരുന്നു കേസ്. വാഗ്ദാനം ചെയ്ത ശേഷവും ജോലി ലഭിക്കാതിരുന്ന ചിലർ 2018ൽ നൽകിയ മൂന്ന് പരാതികളുടെ അടിസ്ഥാനത്തിൽ 2021 സെപ്റ്റംബറിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തത്.