മദ്യനയക്കേസിൽ കുരുക്ക് മുറുക്കി ഇഡി; സിസോദിയയുടെ സ്വത്തുവകകൾ കണ്ടുകെട്ടി
ഡൽഹി മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയുടെയും കേസിലെ മറ്റ് പ്രതികളുടെയും പേരില്‍വരുന്ന 52 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അമൻദീപ് സിംഗ് ധാൽ, രാജേഷ് ജോഷി, ഗൗതം മൽഹോത്ര തുടങ്ങിയവരുടെ സ്വത്തുക്കൾ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. സിസോദിയയുടെയും ഭാര്യ സീമയുടെയും സ്വത്തുക്കളും അവരുടെ ബാങ്ക് അക്കൗണ്ടുകളിലെ 11 ലക്ഷം രൂപയും കണ്ടുകെട്ടിയതായി വൃത്തങ്ങൾ അറിയിച്ചു.
ഡൽഹിയിലെ വ്യവസായി ദിനേശ് അറോറയെ അറസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകമാണ് കേസുമായി ബന്ധപ്പെട്ട പ്രതികളുടെ സ്വത്തുവകകൾ ഇഡി കണ്ടുകെട്ടിയത്. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സാക്ഷിയാണ് ദിനേശ് അറോറ. സാധാരണ നിലയിൽ ഒരു ഏജൻസി സാക്ഷിപട്ടികയിൽ ചേർത്ത ആളെ മറ്റൊരു ഏജൻസി അറസ്റ്റ് ചെയ്യുക പതിവില്ല. സിസോദിയക്ക് രണ്ടുകോടി 20 ലക്ഷം രൂപയുടെ കള്ളപ്പണം എത്തിച്ചത് ദിനേശ് അറോറ വഴിയാണെന്നാണ് ഇഡിയുടെ കുറ്റപത്രത്തിൽ ആരോപിക്കുന്നത്. ഡൽഹി മുൻ ഉപമുഖ്യമന്ത്രി സിസോദിയയുമായി ഏറെ അടുപ്പമുള്ള ആളാണ് ദിനേശ് അറോറ.
ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട ഇഡി കേസൽ സിസോദിയ അടക്കം 13 പേർ അഴിമതി ആരോപണങ്ങൾ നേരിടുന്നു. സിസോദിയക്കെതിരെ അടക്കം 5 കുറ്റപത്രങ്ങളാണ് ഇഡി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. അഴിമതി ആരോപണത്തിൽ, കഴിഞ്ഞ വർഷമാണ് ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ, ഡൽഹി സർക്കാർ പഴയ മദ്യനയത്തിലേക്ക് മടങ്ങിയിരുന്നു. അതേസമയം, പുതിയ നയം തുടർന്നിരുന്നെങ്കിൽ കോടിക്കണക്കിന് രൂപയുടെ വരുമാനം സംസ്ഥാനത്തിന് ലഭിക്കുമെന്നായിരുന്നു അരവിന്ദ് കെജ്രിവാൾ സർക്കാരിന്റെ അവകാശം. ഇത് നഷ്ടപ്പെടുത്തിയതിന് ആം ആദ്മി സർക്കാർ ലെഫ്റ്റനന്റ് ഗവർണറെ കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, എക്‌സൈസ് വകുപ്പിലെ അഴിമതി മറച്ചുവെക്കാനാണ് ഡൽഹി സർക്കാർ പഴയ മദ്യവിൽപ്പന നയത്തിലേക്ക് തിരിച്ചുവന്നതെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഇടനിലക്കാരെയും വ്യാപാരികളെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് ഡൽഹി മദ്യനയം തങ്ങൾക്കനുകൂലമാക്കുന്ന വ്യവസായികളുടെയും രാഷ്ട്രീയക്കാരുടെയും "സൗത്ത് ലോബി"യുടെ സ്വാധീനത്തിലാണ് സിബിഐ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.