അനധികൃത ക്വാറി ലൈസൻസ്; തമിഴ്നാട് മന്ത്രി കെ പൊൻമുടി ഇഡി കസ്റ്റഡിയിൽ

അനധികൃത ക്വാറി ലൈസൻസ്; തമിഴ്നാട് മന്ത്രി കെ പൊൻമുടി ഇഡി കസ്റ്റഡിയിൽ

2006ൽ മന്ത്രിയായിരിക്കെ മകൻ ഗൗതം സിങ്കമണിക്കും സുഹൃത്തുക്കൾക്കും ചട്ടങ്ങൾ മറികടന്ന് ക്വാറി ലൈസൻസ് നൽകിയ കേസിലാണ് നടപടി
Updated on
1 min read

തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. 13 മണിക്കൂർ നീണ്ടുനിന്ന റെയ്ഡിന് പിന്നാലെ കെ പൊന്മുടിയെ കസ്റ്റഡിയിലെടുത്തത്. മന്ത്രിയെ കസ്റ്റഡിയിലെടുത്ത് കാറിൽ ഇഡി ഓഫീസിലേക്ക് കൊണ്ടുപോയി.

2006ൽ മന്ത്രിയായിരിക്കെ മകൻ ഗൗതം സിങ്കമണിക്കും സുഹൃത്തുക്കൾക്കും ചട്ടങ്ങൾ മറികടന്ന് ക്വാറി ലൈസൻസ് നൽകിയ കേസിലാണ് നടപടി. ക്വാറി ലൈസൻസ് അനുവദിച്ചത് വഴി 28 കോടി രൂപ നഷ്ടം സംഭവിച്ചെന്ന് കണ്ടെത്തിയിരുന്നു. പ്രതിപക്ഷ ഐക്യം ബിജെപിയെ അലോസരപ്പെടുത്തിയെന്നും റെയ്ഡുകൾ ഭീഷണിപ്പെടുത്തൽ തന്ത്രങ്ങളാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചു.

ഇന്ന് രാവിലെ മന്ത്രിയുടെ വില്ലുപുരത്തെ വസതിയിൽ ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയായിരുന്നു. മകൻ ഗൗതം സിങ്കമണിയുടെയും വസതിയിലും പരിശോധന നടത്തുന്നുണ്ട്. റെയ്ഡിൽ പൊന്‍മുടിയുടെ വസതികളിൽ നിന്ന് കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു. രാവിലെ ഏഴ് മണിയോടെയാണ് പൊൻമുടിയുടെ ഔദ്യോഗിക വസതിയിലും വില്ലുപുരത്തുള്ള അദ്ദേഹത്തിന്റെ വസതിയിലും മറ്റ് സ്ഥലങ്ങളിലും റെയ്ഡ് ആരംഭിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസിലും ഭൂമി കയ്യേറ്റ കേസിലും പൊൻമുടിയെ അടുത്തിടെ കോടതി വെറുതെവിട്ടിരുന്നു.

പ്രതിപക്ഷ യോഗത്തിനായി മുഖ്യമന്ത്രി സ്റ്റാലിന്‍ ബെംഗളൂരുവിലേക്ക് പോകുന്നതിന് തൊട്ടുമുന്‍പാണ്, പൊൻമുടിക്കെതിരെ ഇഡി പരിശോധന നടന്നത്. കേസിനെ നിയമപരമായി നേരിടുമെന്നും റെയ്ഡ് പ്രതിപക്ഷ സമ്മേളനത്തെ വഴിതിരിച്ചുവിടാനുള്ള തന്ത്രമാണെന്നും സ്റ്റാലിൻ പറഞ്ഞു. ''അടുത്തിടെ പൊൻമുടിക്കെതിരെയുള്ള 2 കേസുകൾ തള്ളിയിരുന്നു. ഈ കേസിനെ നിയമപരമായി തന്നെ നേരിടും. പ്രതിപക്ഷ യോഗത്തെ വഴിതിരിച്ചുവിടാനുള്ള തന്ത്രമാണ് ഈ റെയ്ഡ്. ഡിഎംകെയ്ക്കായി ഗവര്‍ണര്‍ തുടങ്ങി വച്ച തിരഞ്ഞെടുപ്പ് പ്രചാരണം ഇ‍ഡിയും ഏറ്റെടുത്തിരിക്കുകയാണ്. ഇത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കി''- സ്റ്റാലിൻ പറഞ്ഞു.

മന്ത്രി സെന്തിൽ ബാലാജിക്ക് ശേഷം രണ്ട് മാസത്തിനുള്ളിൽ ഇഡി റഡാറിന് കീഴിൽ വരുന്ന സ്റ്റാലിൻ മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിയാണ് പൊൻമുടി.

logo
The Fourth
www.thefourthnews.in