മൂന്നാമൂഴം ചന്ദ്രശേഖറാവുവിന് അന്യമോ? തെലങ്കാനയില്‍ 'കര്‍ണാടക' പ്രതീക്ഷിച്ച് കോണ്‍ഗ്രസ്
2018 ല്‍ 88 സീറ്റുകളുമായിട്ടാണ് കെ സി ആര്‍ എന്ന കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തില്‍ രണ്ടാം തവണയും അന്ന് ടി ആര്‍ എസ് എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഭാരത് രാഷ്ട്ര സമിതി പാര്‍ട്ടി തെലങ്കാനയില്‍ അധികാരത്തില്‍ ഏറിയത്. സംസ്ഥാന രൂപീകരണത്തിലേക്ക് നയിച്ച സമരങ്ങളുടെ മുന്നണി പോരാളിയെന്ന പ്രഭാവലയം ചന്ദ്രശേഖര റാവുവിന് ഉണ്ടായിരുന്നു. എന്നാല്‍ കാലം മാറി, സംസ്ഥാനം വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്നു. കര്‍ണാടക കഴിഞ്ഞാല്‍ തെക്കെ ഇന്ത്യയില്‍ സ്വാധീനമുള്ള പ്രദേശമെന്ന നിലയില്‍ വളരെ ഗൗരവത്തോടെയാണ് ബിജെപി തെലങ്കാനയെ കാണുന്നത്. എന്നാല്‍ ശക്തമായ ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് അലയടിക്കുന്നുണ്ടെന്നും കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ഈ തിരഞ്ഞെടുപ്പ് കാരണമാകുമെന്നുമുള്ള വാദങ്ങളുമുണ്ട്.
2014 ബി ആര്‍ എസ് 34. 3 ശതമാനം വോട്ടുകള്‍ നേടി 63 സീറ്റുകളുമായിട്ടായിരുന്നു ഭരണത്തില്‍ ഏറിയത്. കോണ്‍ഗ്രസ് 25.2 ശതമാനം വേട്ട് നേടി 21 സീറ്റും ബി ജെ പി 7.1 ശതമാനം വോട്ടുമായി 5 സീറ്റുകളുമായിരുന്നു നേടിയത്. 2018 ല്‍ എത്തുമ്പോള്‍ 46.9 ശതമാനം വോട്ടുകള്‍ നേടി 88 സീറ്റുകള്‍ ബി ആര്‍ എസ് നേടി. കോണ്‍ഗ്രസ് 28.4 വോട്ടുകളുമായി 19 സീറ്റും ബി ജെ പി 6.98 ശതമാനം വോട്ടുകളുമായി 1 സീറ്റുമാണ് നേടിയത്.
കണക്കുകളും സര്‍വേകളും സൂചിപ്പിക്കുന്നത് കെ ചന്ദ്രശേഖര റാവുവിന് മുന്നാം തവണയും മുഖ്യമന്ത്രി സീറ്റിലിരിക്കുക അത്ര എളുപ്പമായിരിക്കില്ല എന്നാണ്
കെ സി ആറിനെ സംബന്ധിച്ചിടത്തോളം നിയമസഭയിലേക്കുള്ള ഈ തിരഞ്ഞെടുപ്പ് അഭിമാനപോരാട്ടം കൂടിയാണ്. പ്രാദേശിക പാര്‍ട്ടിയായിരുന്ന തെലുങ്കാന രാഷ്ട്ര സമിതിയെ ദേശീയ പാര്‍ട്ടിയായി അവതരിപ്പിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിലെ പ്രകടനമാണ് മുന്നോട്ടേക്കുള്ള പാര്‍ട്ടിയുടെ ഭാവി നിര്‍ണയിക്കുക. എന്നാല്‍ കണക്കുകളും സര്‍വേകളും സൂചിപ്പിക്കുന്നത് കെ ചന്ദ്രശേഖര റാവുവിന് മൂന്നാം തവണയും മുഖ്യമന്ത്രി സീറ്റിലിരിക്കുക അത്ര എളുപ്പമായിരിക്കില്ല എന്നാണ്.
ഒക്ടോബര്‍ 24 -25 തീയതികളിലായി പുറത്തുവിട്ട എബിപി - സീ വോട്ടര്‍ സര്‍വേ പ്രകാരം തെലങ്കാനയില്‍ തൂക്കുമന്ത്രി സഭയ്ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. ബി ആര്‍ എസിനെക്കാള്‍ കോണ്‍ഗ്രസിനാണ് സംസ്ഥാനത്തില്‍ ഭരണത്തിനുള്ള സാധ്യതയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 119 അംഗങ്ങളുള്ള സംസ്ഥാന നിയമസഭയില്‍ 60 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
2023ലേക്ക് എത്തുമ്പോള്‍ അന്ന് കിട്ടിയ സീറ്റുകളില്‍ പകുതിയോളം ബി ആര്‍ എസിന് നഷ്ടമാകുമെന്നാണ് എബിപി - സീ വോട്ടര്‍ സര്‍വേ വ്യക്തമാക്കുന്നത്. 43 മുതല്‍ 55 സീറ്റുകള്‍ വരെയാണ് ബി ആര്‍ എസിന് സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 48 മുതല്‍ 60 സീറ്റുകളും ബി ജെ പിക്ക് 5 മുതല്‍ 11 സീറ്റുകളുമാണ് പ്രവചിക്കപ്പെടുന്നത്. അതായത് 2018 ല്‍ നിന്ന് 10 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ് അധികം നേടുമ്പോള്‍ ബി ആര്‍ എസിന്റെ 9.4 ശതമാനം വോട്ടുകള്‍ നഷ്ടമാകുമെന്നര്‍ത്ഥം.
അഴിമതിയാരോപണവും കുടുംബാധിപത്യവും മുതല്‍ ജാതി സമവാക്യങ്ങള്‍ വരെ ബി ആര്‍ എസിന്റെ തകര്‍ച്ചയ്ക്ക് കണക്കാക്കപ്പെടുന്നുണ്ട്.
കെസിആറിലും തുടര്‍ന്ന് മകനിലേക്കും മകളിലേക്കും മറ്റും കുടുംബാഗങ്ങളിലേക്കും മാത്രമാണ് തെലങ്കാനയിലെ അധികാരവും ബിആര്‍എസ് പാര്‍ട്ടിയുടെ നേതൃത്വവും എത്തുന്നതെന്നാണ് പാര്‍ട്ടിയില്‍ നിന്ന തന്നെ ഉയരുന്ന പ്രധാനവിമര്‍ശനങ്ങള്‍. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പൊതുവേദികളില്‍ നിന്ന വിട്ടുനിന്നിരുന്ന ചന്ദ്രശേഖരറാവുവിന് പകരമായി മകനും ബിആര്‍എസ് നേതാവും മന്ത്രിയുമായ കെ ടി രാമറാവുവായിരുന്നു പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. പ്രതിപക്ഷ കക്ഷികളടക്കം ഇക്കാര്യത്തില്‍ വിമര്‍ശനവുമായി എത്തിയിരുന്നു. മകനെ പാര്‍ട്ടിയുടെയും അടുത്ത മുഖ്യമന്തി കസേരയിലും ഇരുത്താനാണ് കെ ചന്ദ്രശേഖര റാവു ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ഇതിന് പുറമെ കെ സി ആറിന്റെ മകള്‍ കവിത ചന്ദ്രശേഖരറാവു എം എല്‍ എയാണ്. പാര്‍ട്ടിയില്‍ കെസിആറും മകന്‍ കെടിആറും കഴിഞ്ഞാല്‍ ഏറ്റവും പ്രബലന്‍ കെസിആറിന്റെ സഹോദരിയുടെ മകന്‍ ടി.ഹരീഷ് റാവുവാണ്. തെലങ്കാനയിലെ ധനം, ആരോഗ്യം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രികൂടിയാണ് ഹരീഷ്. പാര്‍ട്ടിയില്‍ ഹരീഷും കെടിആറും തമ്മില്‍ അധികാരത്തിനുള്ള ശീതസമരം നടക്കുന്നുണ്ടെന്നും സംസാരങ്ങളുണ്ട്.
ഇതിന് പുറമെ കെസിആറിന്റെ ഭാര്യ ശോഭയുടെ സഹോദരിയുടെ മകന്‍ ജോഗിനപ്പള്ളി സന്തോഷ് കുമാര്‍ രാജ്യസഭാംഗമാണ്. അനന്തരവന്‍ കല്‍വകുന്ത്‌ല വംശിധര്‍ റാവുവിനെയാണ് ബിആര്‍എസ് മഹാരാഷ്ട്ര സംസ്ഥാന ഘടകത്തിന്റെ ചുമതല എല്‍പ്പിച്ചിരിക്കുന്നത്. കെ സി ആറിന്റെ മൂത്ത സഹോദരന്‍ കല്‍വകുന്ത്‌ല രംഗ റാവുവിന്റെ മകനാണ് വംശിധര്‍ റാവു.
കെസിആര്‍ തന്റെ കുടുംബത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിമാത്രമാണ് പ്രവര്‍ത്തിച്ചതെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തെലങ്കാനയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചിരുന്നു. ബിആര്‍എസിനെ വലയ്ക്കുന്ന മറ്റൊരു കാര്യം ആഴിമതിയാരോപണങ്ങളാണ്. ഡല്‍ഹി മദ്യലൈസന്‍സ് കേസില്‍ ഗുരുതരമായ ആരോപണമാണ് കെസിആറിന്റെ മകള്‍ കവിതയ്‌ക്കെതിരെ വന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ലെന്നും പാര്‍ട്ടിക്കെതിരെ ഉയരുന്ന പ്രധാന ആരോപണമാണ്.
തകരുന്ന മുന്നണി സമവാക്യങ്ങളും ജാതി സമവാക്യങ്ങളും
ബിജെപിയുമായി ബി ആര്‍ എസ് പ്രത്യക്ഷത്തില്‍ മുന്നണി ബന്ധമില്ലെങ്കിലും പരസ്പരധാരണയിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നത് 2018 ലെയും 2019 ലെയും തിരഞ്ഞെടുപ്പുകളാണ്.
2018 ല്‍ 88 സീറ്റുകളുമായിട്ടാണ് അന്നത്തെ ടി ആര്‍ എസ് പാര്‍ട്ടി തെലങ്കാനയില്‍ അധികാരത്തില്‍ എത്തുന്നത്. അന്ന് 46.9 ശതമാനം വോട്ടുകളായിരുന്നു പാര്‍ട്ടി നേടിയത്. ഒരു സീറ്റില്‍ മാത്രമായിരുന്നു ബി ജെ പിക്ക് സംസ്ഥാനത്ത് നേടാനായത്. 6.98 ശതമാനം വോട്ടുകളായിരുന്നു അന്ന് ബി ജെ പി നേടിയത്. എന്നാല്‍ ആറുമാസങ്ങള്‍ക്കുള്ളില്‍ ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 17 സീറ്റുകളില്‍ 9 സീറ്റുകള്‍ മാത്രമാണ് ടി ആര്‍ എസ് നേടിയത്. 41.7 ശതമാനമായി വോട്ടിംഗ് കുറയുകയും ചെയതു. അതേസമയം ബി ജെ പി 4 സീറ്റുകള്‍ സ്വന്തമാക്കി. 19.65 ശതമാനമായിരുന്നു അന്നവര്‍ക്ക് ലഭിച്ച വോട്ടിംഗ് ശതമാനം.
ഇത് ടി ആര്‍ എസും - ബി ജെ പിയും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്. എന്നാല്‍ 2019 ല്‍ നിന്ന 2023 ല്‍ എത്തുമ്പോള്‍ ബിആര്‍എസിനെതിരെ ഒറ്റയ്ക്ക് പോരാടി നേട്ടമുണ്ടാക്കാനാണ് ബി ജെ പി തീരുമാനം. ബി ആര്‍ എസ് എന്‍ ഡി എയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ താന്‍ അത് തള്ളുകയായിരുന്നെന്നുമാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തെലങ്കാനയില്‍ പ്രസംഗിച്ചത്.
ഇതിന് പുറമെ കെസിആറുമായി ബന്ധമുണ്ടായിരുന്ന ഇടതുപാര്‍ട്ടികളും നിലവില്‍ നിരാശയിലാണ്. കഴിഞ്ഞ ജൂണില്‍ ബിആര്‍എസിനെ പിന്തുണയ്ക്കാന്‍ സിപിഎമ്മും സിപിഐയും തീരുമാനിച്ചിരുന്നു. മുനുഗോട് നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും നേരത്തെ ബിആര്‍എസുമായി സംഖ്യമുണ്ടാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിആര്‍എസിന്റെ തീരുമാനം.
ഓഗസ്റ്റ് 21 ന് 115 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ബിആര്‍എസ്, തങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഏഴ് സീറ്റുകളുള്ള ഉവൈസിയുടെ എഐഎംഐഎം യുമായുള്ള സൗഹൃദ ബന്ധം തുടരുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ 3 മുസ്ലിങ്ങള്‍ മാത്രമാണ് ബിആര്‍എസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്ളത്.
നേരത്തെ ഒന്നാം കെസിആര്‍ സര്‍ക്കാരില്‍ ഒരു മുസ്ലീം നേതാവിനെ ഉപമുഖ്യമന്ത്രിയായി നിയമിക്കുകയും സമുദായത്തിന് 12% സംവരണം നല്‍കുകയും ചെയ്തിരുന്നെങ്കിലും രണ്ടാം കെസിആര്‍ സര്‍ക്കാരില്‍ ഈ സമീപനം ഉണ്ടായിരുന്നില്ല. വിദ്യഭ്യാസ മേഖലയില്‍ ചില പദ്ധതികള്‍ നടപ്പാക്കിയെങ്കിലും മുസ്ലിം സമുദായം കടുത്ത നിരാശയിലായിരുന്നു.
സ്ഥാനാര്‍ത്ഥിപട്ടികയില്‍ പിന്നാക്ക വിഭാഗം നിരാശയിലാണ്. സംസ്ഥാനത്ത് 52 ശതമാനത്തോളം പിന്നാക്ക വിഭാഗമാണെങ്കിലും സീറ്റ് വിഹിതത്തില്‍ ഇത് പ്രതിഫലിച്ചിട്ടില്ല. ഇതിന് പുറമെ ജനസംഖ്യാ വിഹിതം 7 ശതമാനത്തില്‍ താഴെ മാത്രമുള്ള റെഡ്ഡി സമുദായത്തിന് 39 സീറ്റുകള്‍ ലഭിച്ചതും പിന്നാക്കവിഭാങ്ങള്‍ക്കിടയില്‍ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പ്രാതിനിധ്യത്തില്‍ അവഗണന നേരിട്ട മുദിരാജു, കുറുമ സമുദായങ്ങളും പാര്‍ട്ടി നിലപാടില്‍ അതൃപ്തരാണ്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിആര്‍എസിലെ മുതിര്‍ന്ന നേതാവ് മൈനമ്പള്ളി ഹനുമന്ത് റാവു പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയും കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തിരുന്നു. തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ മുന്നേറ്റം തെലങ്കാനയിലും ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇടതുപാര്‍ട്ടികളുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഖമ്മം മണ്ഡലത്തില്‍ സിപിഎം ആവശ്യപ്പെട്ടതാണ് ഇപ്പോഴും സഖ്യത്തിന് വിലങ്ങു തടിയായി നില്‍ക്കുന്നത്.
അഞ്ച് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഇത്തവണ ഭരണവിരുദ്ധ വികാരം കൂടുതല്‍ പ്രകടമാണ് മുമ്പ് രണ്ട് വര്‍ഷങ്ങളിലും തെലങ്കാന രൂപീകരണം മുന്‍നിര്‍ത്തിയായിരുന്നു ബിആര്‍എസ് വോട്ടുപിടിച്ചതെങ്കില്‍ ഇത്തവണ അത് വിലപോകില്ല. 2023 ലെ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിആര്‍എസ് എന്ന പാര്‍ട്ടിയുടെയും മുന്നാം മുന്നണിയുടെയും ഭാവി എന്താകുമെന്ന് കണ്ടറിഞ്ഞുകാണാം.