അഞ്ചു സംസ്ഥാനങ്ങളില്‍ വനിതാ എംഎല്‍എമാര്‍ എത്ര?; സ്ത്രീമുന്നേറ്റം പ്രചാരണത്തില്‍ മാത്രമോ?
വനിതാ സംവരണ ബില്‍ പാസാക്കിയതിന് ശേഷമുള്ള സുപ്രധാന തിരഞ്ഞെടുപ്പായിരുന്നു അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്നത്. കോണ്‍ഗ്രസും ബിജെപിയും അഞ്ചു സംസ്ഥാനങ്ങളിലും വനിതാ പ്രാതിനിധ്യം വലിയ പ്രചാരണ വിഷയമാക്കി മാറ്റിയിരുന്നു. സ്ത്രീ സുരക്ഷയും വനിതാ സൗഹൃദ പദ്ധതികളും ഇരു പാര്‍ട്ടികളും യഥേഷ്ടം പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് ബാക്കിയില്‍ വനിതകള്‍ക്ക് എന്തുകിട്ടി? അഞ്ച് സംസ്ഥാനങ്ങളിലെ വനിതാ പ്രതിനിധ്യം വര്‍ധിച്ചിട്ടുണ്ടോ?
2018-നെ അപേക്ഷിച്ച് അഞ്ച് സംസ്ഥാനങ്ങളിലും സ്ത്രീ പ്രതിനിധികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. 2018-ല്‍ ഒരൊറ്റ വനിതാ എംഎല്‍എ പോലും ഇല്ലായിരുന്ന മിസോറാമില്‍ ഇത്തവണ മൂന്നു വനിതാ പ്രതിനിധികളുണ്ട്. രാജസ്ഥാനില്‍ പക്ഷേ സ്ത്രീ പ്രാതിനിധ്യത്തില്‍ കുറവ് സംഭവിച്ചു. മധ്യപ്രദേശില്‍ ഏറ്റവും കൂടുതല്‍ വനിതാ എംഎല്‍എമാരുള്ളത് ബിജെപിയിലാണ്. സ്ത്രീസുരക്ഷ പ്രധാന തിരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയമായിരുന്നു ഇവിടെ.
മധ്യപ്രദേശ്
ബിജെപി 163 സീറ്റുമായി ഭരണത്തുടര്‍ച്ച നേടിയ മധ്യപ്രദേശില്‍, 27 വനിതകള്‍ മാത്രമാണ് നിയസമഭയിലെത്തിയത്. 21പേരും ബിജെപിയില്‍ നിന്നുള്ളവരാണ്. 2018-ല്‍ 20 വനിതാ പ്രതിനിധികളാണ് ഉണ്ടായിരുന്നത്. 57 വനിതകളാണ് നിയമസഭയിലേക്ക് മത്സരിച്ചത്. 27 വനിതകള്‍ക്കാണ് ബിജെപി ടിക്കറ്റ് നല്‍കിയത്. ഇതില്‍ 21പേരെയും ജയിപ്പിക്കാന്‍ ബിജെപിക്കായി. 2018-ലും ബിജെപി 27 വനിതകളെ സ്ഥാനാര്‍ത്ഥികളാക്കിയിരുന്നു. ഇതില്‍ 14പേര്‍ മാത്രമാണ് അന്ന് ജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാക്കിയത് 30 സ്ത്രീകളെയാണ്. 2018-ലും 30 വനിതകള്‍ക്ക് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയിരുന്നു. ഇതില്‍ ഒന്‍പത് പേര്‍ അന്ന് ജയിച്ചപ്പോള്‍, ഇത്തവണ ആറായി ചുരുങ്ങി.
2018-ല്‍ ക്രിമിനല്‍ കേസുള്ള 94 എംഎല്‍എമാരുണ്ടായിരുന്നത് ഇത്തവണ 90 ആയി കുറഞ്ഞു. 31 വയസ്സുകാരനായ കോണ്‍ഗ്രസിന്റെ അഭിജീത് ഷായാണ് ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ. ബിജെപിയുടെ 80-കാരനായ നാഗേന്ദ്ര സിങ് ആണ് ഏറ്റവും പ്രായം കൂടിയ എംഎല്‍എ. ബിരുദധാരികളായ ജനപ്രതിനിധികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 2018ല്‍ ബിരുദധാരികളായ എംഎല്‍എമാര്‍ 64 ശതമാനമായിരുന്നു. ഇത്തവണ 70 ശതമാനമായി ഉയര്‍ന്നു. ബിജെപിയുടെ രത്തന്‍ സിറ്റി എംഎല്‍എ ചേതന്യ കശ്യപാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള എംഎല്‍എ. 296.08 കോടിയുടെ ആസ്തിയാണ് കശ്യപിനുള്ളത്.
രാജസ്ഥാന്‍
കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞ് 115 സീറ്റുമായി ബിജെപി അധികാരം പിടിച്ച രാജസ്ഥാനില്‍, വനിതാ പ്രതിനിധികളുടെ എണ്ണം താഴേക്ക് പോയി. 2018ല്‍ 23 പേരാണ് വനിതാ എംഎല്‍മാരായി സഭയിലെത്തിയതെങ്കില്‍, ഇത്തവണ 20 ആയി കുറഞ്ഞു. 50 വനിതാ സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ രാജസ്ഥാനില്‍ ആകെയുണ്ടായിരുന്നത്. ഇതില്‍ 28 പേര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരുന്നു. 20 പേര്‍ക്കാണ് ബിജെപി ടിക്കറ്റ് നല്‍കിയത്. രണ്ടു പേര്‍ സ്വതന്ത്രരായും മത്സരിച്ചു. ഒന്‍പത് വീതം വനിതകളാണ് ഇരു പാര്‍ട്ടികളില്‍ നിന്നും ജയിച്ച് നിയമസഭയിലെത്തിയത്. സ്വതന്ത്രരായി മത്സരിച്ച രണ്ടുപേരും വിജയം കണ്ടു.
ബിജെപിയുടെ സിദ്ധി കുമാരിയാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള എംഎല്‍എ. 102.28 കോടിയുടെ ആസ്തിയാണ് ബികനേര്‍ ഈസ്റ്റിലെ എംഎല്‍എയായ സിദ്ധി കുമാരിക്കുള്ളത്. ഷിയോയില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എയായ രവീന്ദ്ര സിങ് ഭട്ടിയാണ് (25) ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ. കോണ്‍ഗ്രസിന്റെ കിഷന്‍ഘര്‍ ബാസ് എംഎല്‍എ ദീപ്ചന്ദ് ഖേരിയ (83) ആണ് ഏറ്റവും പ്രായം കൂടിയ ജനപ്രതിനിധി.
രാജസ്ഥാന്‍ നിയമസഭയിലെ മൂന്നിലൊന്ന് എംഎല്‍എമാരും ക്രിമിനല്‍ കേസുകള്‍ നേരിടുന്നുണ്ട്. 61പേര്‍ക്ക് എതിരെയാണ് ക്രിമിനല്‍ കേസുകളുള്ളത്. 35പേര്‍ ബിജെപിയും 20പേര്‍ കോണ്‍ഗ്രസും. 69 ശതമാനം പേരാണ് ബിരുദധാരികള്‍. 64 ശതമാനമായിരുന്നു കഴിഞ്ഞ ടേമിലെ കണക്ക്.
ഛത്തീസ്ഗഡ്
കോണ്‍ഗ്രസ് അതികായന്‍ ഭൂപേഷ് ബാഗേലിനെ തറപറ്റിച്ച് ബിജെപി അധികാരം പിടിച്ച ഛത്തീസ്ഗഡില്‍ വനിതാ എംഎല്‍എമാരെ നിയമസഭയിലെത്തിച്ചതില്‍ മുന്നില്‍ കോണ്‍ഗ്രസാണ്. 11 പേരാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇത്തവണ നിയമസഭയിലെത്തിയത്. പതിനഞ്ചു വനിതകള്‍ക്കാണ് കോണ്‍ഗ്രസ് മത്സരിക്കാന്‍ സീറ്റ് നല്‍കിയത്.
21 ശതമാനമാണ് വനിതാ പ്രതിനിധികള്‍ സഭയിലുള്ളത്. 2018-ല്‍ വനിതാ എംഎല്‍എമാരുടെ എണ്ണം 13 ആയിരുന്നു. ഏറ്റവും കൂടുതല്‍ വനിതകള്‍ മത്സര രംഗത്തുണ്ടായിരുന്ന സംസ്ഥാനം ഛത്തീസ്ഗഡാണ്. 155 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. 15 വനിതകള്‍ക്കാണ് ബിജെപി ടിക്കറ്റ് നല്‍കിയത്. എട്ട് വനിതകളാണ് ബിജെപിയില്‍ നിന്ന് ഇത്തവണ നിയമസഭയിലെത്തിയത്.
പണ്ഡാരിയ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഭാവന ബോഹാരയാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള നിയമസഭാംഗം. 33.86 കോടിയാണ് ഭാവനയുടെ ആസ്തി. കഴിഞ്ഞ നിയമസഭയില്‍ ബിരുദധാരികളായ എംഎല്‍എമാര്‍ 66 ശതമാനം ആയിരുന്നെങ്കില്‍ ഇത്തവണ 60 ശതമാനമാണ്. 31കാരിയായ കോണ്‍ഗ്രസിന്റെ കവിത പ്രാണ്‍ ആണ് ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ. 75 വയസ്സ് പ്രായമുള്ള ബിജെപിയുടെ ദോമന്‍ലാല കൊര്‍സേവാദയാണ് ഏറ്റവും പ്രായം കൂടിയ എംഎല്‍എ.
കഴിഞ്ഞ നിയമസഭയില്‍ 24 പേരായിരുന്നു ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ജനപ്രതിനിധികള്‍. എന്നാല്‍ ഇത്തവണ ഇത് 17 ആയി കുറഞ്ഞു. ബിജെപി എംഎല്‍മാരാണ് കൂടുതലും ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍. 12 ബിജെപി എംഎല്‍എമാരാണ് ക്രിമിനല്‍ കേസില്‍ പ്രതികളായുള്ളത്. അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും ക്രിമിനല്‍ കേസുകള്‍ നേരിടുന്നുണ്ട്.
തെലങ്കാന
അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ ആകെ കിട്ടിയ തെലങ്കാനയില്‍ 6 വനിതാ എംഎല്‍എമാരാണ് പാര്‍ട്ടിക്കുള്ളത്. ബിആര്‍എസിന് നാല് വനിതാ പ്രതിനിധികളാണുള്ളത്. 221 വനിതകളാണ് ഇത്തവണ തെലങ്കാന നിയമസഭയിലേക്ക് മത്സരിച്ചത്. ഇതില്‍ പത്തുപേര്‍ മാത്രമാണ് ജയിച്ചത്.
61 ശതമാനം എംഎല്‍എമാരും ബിരുദമുള്ളവരാണ്. കഴിഞ്ഞ ടേമില്‍ 58 ശതമാനമായിരുന്നു ബിരുദധാരികളായ പ്രതിനിധികളുടെ ശമാനം. കോണ്‍ഗ്രസിന്റെ പല്‍കുര്‍തിയില്‍ നിന്നുള്ള 26കാരിയായ യശ്വസിനി മമിദലയാണ് ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ. ബിആര്‍എസിന്റെ 74കാരനായ ബന്‍സ്വാദ എംഎല്‍എ ശ്രീനിവാസ റെഡ്ഡിയാണ് ഏറ്റവും പ്രായം കൂടിയ ജനപ്രതിനിധി.
സഭയിലെ മൂന്നില്‍ രണ്ട് എംഎല്‍എമാരും ക്രിമിനല്‍ കേസുകള്‍ നേരിടുന്നുണ്ട്. 73 പേര്‍ക്ക് എതിരെയാണ് 2018ല്‍ ക്രിമിനല്‍ കേസ് ഉണ്ടായിരുന്നത്. ഇത്തവണ 82 പേര്‍ക്ക് എതിരെ കേസുണ്ട്. 51 പേരും കോണ്‍ഗ്രസില്‍ നിന്നാണ്. ഒന്‍പത് പേര്‍ ബിആര്‍എസില്‍ നിന്നും ഏഴുപേര്‍ ബിജെപിയില്‍ നിന്നും ഐഎംഎമ്മില്‍ നിന്നുള്ള നാല് പേരും ക്രിമിനല്‍ കേസ് നേരിടുന്നുണ്ട്. കോണ്‍ഗ്രസിന്റെ ചെന്നൂര്‍ എംഎല്‍എ വിവേകാനന്ദ് ആണ് ഏറ്റവും കോടീശ്വരനായ എംഎല്‍എ. 606 കോടിയുടെ ആസ്തിയാണ് വിവേകാനന്ദിനുള്ളത്.
മിസോറാം
കോണ്‍ഗ്രസിനേയും മിസോ നാഷണല്‍ ഫ്രണ്ടിനെയും തറപറ്റിച്ച് സോറം പീപ്പിള്‍സ് മൂവ്‌മെന്റ് (സെഡ്‌പിഎം) അധികാരം പിടിച്ച മിസോറാമില്‍ മൂന്നു വനിതാ എംഎല്‍എമാരുണ്ട്. 2018-ല്‍ മിസോറാം നിയമസഭയില്‍ ഒരു വനിതാ പ്രതിനിധിപോലും ഇല്ലായിരുന്നു. രണ്ടുപേര്‍ സെഡ്പിഎമ്മില്‍ നിന്നും ഒരാള്‍ എംഎന്‍എഫില്‍ നിന്നുമാണ്. 16 വനിതാ സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സരിച്ചത്.
സെഡ്‌പിഎമ്മിന്റെ ചംപി നോര്‍ത്ത് എംഎല്‍എ എച്ച് ഗിന്‍സലാലയാണ് ഏറ്റവും ആസ്തിയുള്ള എംഎല്‍എ. 36.2 കോടിയാണ് ഗിന്‍സലാലയുടെ ആസ്തി. സെഡ്പിഎമ്മില്‍ നിന്നുതന്നെയാണ് ഏറ്റവും പ്രായം കൂടിയ എംഎല്‍എയും പ്രായം കുറഞ്ഞ എംഎല്‍എയുമുള്ളത്. 73 കാരനായ മുഖ്യമന്ത്രി ലാല്‍ദുഹോമയാണ് ഏറ്റവും പ്രായം കൂടിയ എംഎല്‍എ. റേഡിയോ ജോക്കിയായിരുന്ന ബറില്‍ വന്നേസാഗിയാണ് (31) ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ.