മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; വോട്ട് രേഖപ്പെടുത്തി കമൽനാഥും ശിവരാജ് സിങ് ചൗഹാനും
മധ്യപ്രദേശിലും ഛത്തീസ്ഗഢിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടിങില്‍ പ്രമുഖ നേതാക്കള്‍ വിവിധ ബൂത്തുകളില്‍ വോട്ടുകള്‍ രേഖപ്പെടുത്തി.
മധ്യപ്രദേശിൽ 230 മണ്ഡലങ്ങളിലേക്കും ഛത്തീസ്ഗഡിൽ രണ്ടാം ഘട്ടത്തിൽ 70 മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശിൽ കോൺഗ്രസ് നേതാവ് കമൽനാഥും, മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാനും വോട്ടുകൾ രേഖപ്പെടുത്തി.രാവിലെ ഏഴിനാരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറുമണിവരെ തുടരും.
മുഖ്യമന്ത്രി ഭുപേഷ് ബഗേ , ഉപമുഖ്യമന്ത്രി ടി എസ് സിങ് ദേവ് , എട്ടു മന്ത്രിമാർ , നാല് എംപി മാർ എന്നിവർ ചത്തീസ്ഗഢിൽ രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. ആദ്യഘട്ടത്തിൽ 78 ശതമാനം വോട്ടുകളാണ് ചത്തീസ്ഗഢിൽ പോൾ ചെയ്തത്.
മധ്യപ്രദേശിൽ ബിജെപിയും ചത്തീസ്ഗഢിൽ കോൺഗ്രസും ഭരണം നിലനി്ർത്താനാണ് ശ്രമിക്കുന്നത്. ഡിസംബർ 3 നാണ് ഇരുസംസ്ഥാനങ്ങളും ഉൾപ്പെടെ വോട്ടെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടുകൾ എണ്ണുന്നത്.
നിരവധി ആരോപണ പ്രത്യാരോപണങ്ങളും വികസന വാഗ്ദാനങ്ങളുമാണ് കോൺഗ്രസും ബിജെപിയും ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയത്. ഭരണം നേടിയെടുക്കുകയെന്നതല്ലാതെ മറ്റൊരു ലക്ഷ്യവും ഇരുപാർട്ടികൾക്കുമില്ല. പ്രചാരണം അവസാനിച്ച് പോളിങ് ബൂത്തിലേക്ക് മധ്യപ്രദേശ് എത്തുമ്പോൾ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപിയും കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
230 പേരുള്ള നിയമസഭയിൽ 116 സീറ്റുകളുടെ കേവല ഭൂരിപക്ഷം നേടിയാലാണ് ഭരണത്തിൽ ഏറാൻ സാധിക്കുക. 2018ലെ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ 114 സീറ്റുകൾ നേടിയ കോൺഗ്രസ് എസ്പിയുടെയും ബിഎസ്പിയുടെയും സ്വതന്ത്രരുടെയും സഹായത്തോടെ സർക്കാർ രൂപീകരിച്ചു. എന്നാൽ 15 മാസങ്ങൾക്ക് ശേഷം 2020 മാർച്ചിൽ കൂറുമാറിയ 22 എംഎൽഎമാരെ ഉപയോഗിച്ച് ബിജെപിയുടെ ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രിയായി അധികാരത്തിലേറുകയായിരുന്നു. .
അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു തിരഞ്ഞെടുപ്പ് എത്തിയപ്പോൾ ശിവരാജ് സിങ് ചൗഹാൻ v/s കമൽനാഥ് എന്നതിന് പകരം മോദി v/s കമൽനാഥ് എന്ന രീതിയാലാണ് മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചത്. മധ്യപ്രദേശിന്റെ മനസിൽ മോദി, മോദിയുടെ മനസിൽ മധ്യപ്രദേശ് എന്ന മുദ്രാവാക്യം (മോദി കേ മൻ മേ എംപി, എംപി കേ മൻ മേ മോദി) ഉയർത്തികൊണ്ടായിരുന്നു ബിജെപിയുടെ പ്രചാരണം. കോൺഗ്രസ് വരും സന്തോഷം ലഭിക്കും (കോൺഗ്രസ് ആയേഗി, ഖുഷാലി ലയേഗി) എന്നതായിരുന്നു കോൺഗ്രസിന്റെ പ്രചാരണ മുദ്രാവാക്യം.
ഛത്തീസ്ഗഢിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾക്കിടെയാണ് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നത്. മഹാദേവ് ആപ്പുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയർന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവരാണ് ബിജെപിക്ക് വേണ്ടി ഛത്തീസ്ഗഢിൽ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ എന്നിവർ കോൺഗ്രസിന് വേണ്ടിയും പ്രചാരണം ഏറ്റെടുത്തു.
മഹാദേവ് ആപ്പ് അഴിമതി ബിജെപി ഉയർത്തിയപ്പോൾ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ ഭീഷണിപ്പെടുത്തുന്ന സ്ഥിരം ബിജെപി നമ്പർ മാത്രമാണ് ഇതെന്നായിരുന്നു മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഇതിനെ വിശേഷിപ്പിച്ചത്.