ഒപിഎസിന് വീണ്ടും തിരിച്ചടി; എടപ്പാടി പളനിസ്വാമിയെ എഐഎഡിഎംകെ ജനറൽ സെക്രട്ടറിയായി അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും
എഐഎഡിഎംകെയുടെ ജനറൽ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ ഔദ്യോഗികമായി അംഗീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇപിഎസ് നയിക്കുന്ന എഐഎഡിഎംകെയ്ക്ക് രണ്ടില ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു. ഒപ്പം പാർട്ടി ഭരണഘടനയിൽ വരുത്തിയ ഭേദഗതികളും അംഗീകരിച്ചു. എടപ്പാടിക്കെതിരെ പനീർസെൽവം നൽകിയ അപേക്ഷ തള്ളിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.
എഐഎഡിഎംകെയിലെ അധികാര തര്‍ക്കം തുടരുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. പദവിയെച്ചൊല്ലി ഇരുവിഭാഗവും തമ്മിലുള്ള കേസുകൾ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും തുടരുകയാണ്. നേരത്തെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസാമിക്ക് തുടരാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പളനിസാമി ജനറൽ സെക്രട്ടറിയാകുന്നതിനെതിരെ പനീർസെൽവം നൽകിയ ഇടക്കാല ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളുകയും ചെയ്തു. ഇപിഎസിനെ ഇടക്കാല ജനറൽ സെക്രട്ടറിയായി തുടരാൻ അനുവദിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് ഫെബ്രുവരിയിൽ സുപ്രീം കോടതി ശരിവച്ചിരുന്നു. അതേസമയം, രണ്ടില ചിഹ്നം ഇപിഎസ് വിഭാഗത്തിന് ലഭിച്ചതോടെ ഒപിഎസ് വിഭാഗം സ്ഥാനാർത്ഥി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കേണ്ടിവരും.
2022 ജൂലൈ 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസാമിയെ തിരഞ്ഞെടുത്തത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പനീര്‍ശെല്‍വത്തെ പുറത്താക്കുകയും ചെയ്തു. ജയലളിതയുടെ മരണ ശേഷം ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിവാക്കി കോ-ഓര്‍ഡിനേറ്റര്‍, ഡെപ്യൂട്ടി കോ-ഓര്‍ഡിനേറ്റര്‍ എന്നീ പദവികള്‍ നിലനിര്‍ത്തി പാര്‍ട്ടി ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു.