ഒപിഎസിന് തിരിച്ചടി; രണ്ടില ചിഹ്നം എഐഎഡിഎംകെ പളനിസാമി വിഭാഗത്തിന്

ഒപിഎസിന് തിരിച്ചടി; രണ്ടില ചിഹ്നം എഐഎഡിഎംകെ പളനിസാമി വിഭാഗത്തിന്

ഏകപക്ഷീയ തീരുമാനമെന്ന് ഒപിഎസ്, സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു
Updated on
1 min read

'രണ്ടില ചിഹ്നം' തര്‍ക്ക വിഷയത്തില്‍ ഒ പനീര്‍സെല്‍വം വിഭാഗത്തിന് തിരിച്ചടി. എഐഎഡിംഎകെ എടപ്പാടി പളനിസാമി വിഭാഗത്തിന് രണ്ടില ചിഹ്നം ഉപയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി. ഇതോടെ ഈ മാസം 27 ന് നടക്കാനിരിക്കുന്ന ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പില്‍ എഐഎഡിംഎകെ സ്ഥാനാര്‍ത്ഥി കെ എസ് തെന്നരസിന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കാം.

എ, ബി ഫോമുകളിൽ ഒപ്പിടാൻ എഐഎഡിഎംകെ പ്രസീഡിയം ചെയർമാൻ തമിഴ്മഗൻ ഹുസൈന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി. കൂടാതെ എഐഎഡിഎംകെ പളനിസാമി വിഭാഗത്തിലെ സ്ഥാനാർത്ഥികൾക്ക് രണ്ടില ചിഹ്നത്തിൽ മത്സരിക്കാനും കമ്മീഷന്‍ അനുവാദം നൽകി. ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പാണിതെന്നും എഐഎഡിഎംകെ സീറ്റ് നേടുമെന്നും തമിഴ്മഗൻ ഹുസൈൻ പ്രതികരിച്ചു.

നേരത്തെ, തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തിലെ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയെ പ്രതിനിധീകരിക്കുന്ന സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട പ്രമേയം എഐഎഡിഎംകെ പാർട്ടി ജനറൽ കൗൺസിലിൽ പാസാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്ന് എഐഎഡിഎംകെ പ്രസീഡിയം ചെയർമാൻ തമിഴ്മഗൻ ഹുസൈൻ എഐഎഡിഎംകെയുടെ എല്ലാ ജനറൽ കൗൺസിൽ അംഗങ്ങൾക്കും സത്യവാങ്മൂലം അയച്ചു.

അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഏകപക്ഷീയമാണെന്ന് കുറ്റപ്പെടുത്തിയ ഒ പനീര്‍സെല്‍വം വിഭാഗം തങ്ങളുടെ സ്ഥാനാര്‍ത്ഥിയായ സെന്തില്‍ മുരുകനെ പിന്‍വലിക്കുകയും ചെയ്തു. രണ്ടില ചിഹ്നം മരവിപ്പിക്കുന്നതിന് കാരണക്കാരാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒപിഎസ് വിഭാഗം വ്യക്തമാക്കി. എന്നാല്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിയുള്ള താത്ക്കാലിക ക്രമീകരണങ്ങളുടെ ഭാഗമായിട്ടുള്ള വിധിയാണിതെന്നാണ് സുപ്രീംകോടതി പരാമര്‍ശം.

എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി തെന്നരസിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്. ഒപിഎസ് പക്ഷം സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെയാണ് രണ്ടില ചിഹ്നത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ട് എടപ്പാടി പളനിസ്വാമി സുപ്രീംകോടതിയെ സമീപിച്ചത്. 27നാണ് ഉപതിരഞ്ഞെടുപ്പ്.

logo
The Fourth
www.thefourthnews.in