ശിവസേനാ അധികാരത്തർക്കത്തിൽ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ശിവസേനാ അധികാരത്തർക്കത്തിൽ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഇരുപക്ഷവും ഓ​ഗസ്റ്റ് എട്ടിനകം രേഖകൾ ഹാജരാക്കണം
Updated on
2 min read

ശിവസേനയിലെ അധികാരത്തര്‍ക്കം പുതിയ തലത്തിലേക്ക്. പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി ഉദ്ധവ് താക്കറെയും ഏക്‌നാഥ് ഷിന്‍ഡെയും തമ്മിലുള്ള പോരാട്ടത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ഇടപെടുന്നു. പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ ആവശ്യമായ രേഖകള്‍ ഇരുവിഭാഗവും ഹാജരാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടിയ്ക്കുള്ളിലേയും ഭരണതലത്തിലേയും പിന്തുണ വ്യക്തമാക്കുന്ന രേഖകള്‍ ഓഗസ്റ്റ് എട്ടിനകം ഹാജരാക്കാനാണ് നിര്‍ദേശം. രേഖകള്‍ പരിശോധിച്ച ശേഷം അധികാരത്തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീര്‍പ്പിലെത്തും. പാര്‍ട്ടിയിലെ തര്‍ക്കം സംബന്ധിച്ച് എഴുതിത്തയ്യാറാക്കിയ പ്രസ്താവനയും ഇരുകൂട്ടരും കമ്മീഷന് സമര്‍പ്പിക്കണം.

തുല്യമായ അവകാശവാദമുന്നയിക്കുന്ന പാര്‍ട്ടിയിലെ ഇരുപക്ഷത്തിന്റേയും, താല്‍പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടമെന്നാണ് ആഗ്രഹിക്കുന്നത്
ഇലക്ഷന്‍ കമ്മീഷന്‍

ഇരുകൂട്ടരുടേയും അവകാശവാദങ്ങള്‍

പാര്‍ട്ടിയുടെ 55 എംഎല്‍എമാരില്‍ 40 പേരും തന്നെ പിന്തുണയ്ക്കുന്നുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അവകാശപ്പെടുന്നത്. എന്നാല്‍ യഥാര്‍ഥ പാര്‍ട്ടി തന്റെ നേതൃത്വത്തിന് കീഴിലാണെന്ന് ചൂണ്ടിക്കാട്ടുന്നു മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇതേ തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാന്‍ ഇരുപക്ഷത്തിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചത്. ''തുല്യമായ അവകാശവാദമുന്നയിക്കുന്ന പാര്‍ട്ടിയിലെ ഇരുപക്ഷത്തിന്റേയും, താല്‍പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടമെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ ആഗ്രഹിക്കുന്നത്. അതുപ്രകാരമാണ് മുന്‍ഗണന ചൂണ്ടിക്കാട്ടുന്ന രേഖകള്‍ മറുപടിയായി നല്‍കാന്‍ ആവശ്യപ്പെട്ട് കത്തയച്ചത്'' - തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു. രേഖകളും എഴുതി തയ്യാറാക്കിയ മറുപടിയും ലഭിച്ചതിന് ശേഷം ഹിയറിംഗിലേക്ക് കടക്കുമെന്നും ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു.

ശിവസേനയിലെ താക്കറെ അനുകൂലരെ അയോഗ്യരായി പ്രഖ്യാപിക്കണമെന്നാണ് ഷിന്‍ഡെ ക്യാമ്പ് മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിശ്വാസവോട്ടെടുപ്പിലും സ്പീക്കര്‍ തെരഞ്ഞെടുപ്പിലും പാര്‍ട്ടി വിപ്പ് ലംഘിച്ചെന്നാണ് ഷിന്‍ഡെ പക്ഷം എതിര്‍പക്ഷത്തിനെതിരെ ആരോപിക്കുന്നത്. എന്നാല്‍ അയോഗ്യതാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ജൂലൈ 11ന് മഹാരാഷ്ട്ര സ്പീക്കര്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ജൂലൈ 27നകം സുപ്രീംകോടതിക്ക് മുമ്പാകെ ഇരുപക്ഷവും ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഹാജരാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഓഗസ്റ്റ് ഒന്നിന് ശിവസേനയിലെ അധികാരത്തര്‍ക്ക കേസ് സുപ്രീംകോടതിയുടെ വിശാലബെഞ്ച് പരിഗണിക്കും.

ശിവസേനയിലെ താക്കറെ അനുകൂലരെ അയോഗ്യരായി പ്രഖ്യാപിക്കണമെന്നാണ് ഷിന്‍ഡെ ക്യാമ്പ് മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിശ്വാസവോട്ടെടുപ്പിലും സ്പീക്കര്‍ തെരഞ്ഞെടുപ്പിലും പാര്‍ട്ടി വിപ്പ് ലംഘിച്ചെന്നാണ് ഷിന്‍ഡെ പക്ഷത്തിന്റെ ആരോപണം. അതിനിടെ അയോഗ്യതാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ജൂലൈ 11ന് മഹാരാഷ്ട്ര സ്പീക്കര്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ജൂലൈ 27നകം സുപ്രീംകോടതിക്ക് മുമ്പാകെ ഇരുപക്ഷവും ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഹാജരാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഓഗസ്റ്റ് ഒന്നിന് ശിവസേനയിലെ അധികാരത്തര്‍ക്ക കേസ് സുപ്രീംകോടതിയുടെ വിശാലബെഞ്ച് പരിഗണിക്കും.

ശിവസേനയ്ക്കുള്ളില്‍ ഏക്‌നാഥ് ഷിന്‍ഡെ ഉയര്‍ത്തിയ വിമതനീക്കങ്ങളാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉദ്ധവ് താക്കറെയെ താഴെയിറക്കിയത്. ബിജെപി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ച ഏക്‌നാഥ് ഷിന്‍ഡെ ജൂണ്‍ 30ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയില്‍ ഷിന്‍ഡെ പക്ഷം സ്പീക്കറെയും ചീഫ് വിപ്പിനേയും തെരഞ്ഞെടുത്തത് കൃത്യമായ ഭൂരിപക്ഷത്തോടെയാണ്. പാര്‍ലമെന്റില്‍ ഏക്‌നാഥ് ഷിന്‍ഡെ പക്ഷം പാര്‍ട്ടി ലോക്‌സഭാ നേതാവായി നിര്‍ദേശിച്ച രാഹുല്‍ ഷെവാലിയേയും ചീഫ് വിപ്പായി നിര്‍ദേശിച്ച ഭാവ്‌നാ ഗാവ്‌ലിയെയും സ്പീക്കര്‍ ഓം ബിര്‍ള കഴിഞ്ഞദിവസം അംഗീകരിച്ചിരുന്നു. ശിവസേനയുടെ 19 എംപിമാരില്‍ 12 പേരുടെ പിന്തുണയോടെയാണ് ഷിന്‍ഡെ പക്ഷം നേതാക്കളെ തെരഞ്ഞെടുത്തത്.

logo
The Fourth
www.thefourthnews.in