തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസ്‌
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസ്‌

തിരഞ്ഞെടുപ്പ് കാലത്തെ സൗജന്യ വാഗ്ദാനം: ഭരണഘടനാപരമായ അധികാരമില്ല; സുപ്രീംകോടതി ആവശ്യം നിരസിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ കോടതി അതൃപ്തി അറിയിച്ചിരുന്നു
Updated on
1 min read

തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിക്കുന്ന സൗജന്യ വാഗ്ദാനങ്ങള്‍ നിയന്ത്രിക്കുന്നതിന് സുപ്രീംകോടതി നിയമിച്ച വിദഗ്ദ്ധ സമിതിയില്‍ ഭാഗമാകാനാവില്ലെന്നാവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്രമന്ത്രാലയങ്ങളോ സര്‍ക്കാര്‍ സ്ഥാപനങ്ങളോ ഉള്ള വിദഗ്ധ സമിതിയില്‍ ഭാഗമാകാന്‍ ഭരണഘടനാപരമായ അധികാരം ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്. തിരഞ്ഞെടുപ്പുകളില്‍ വിദഗ്ധസമിതിയുടെ നിര്‍ദേശങ്ങള്‍ ഉപകരിക്കപ്പെടുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പാര്‍ട്ടികളെ നിയന്ത്രിക്കാനോ നടപടിയെടുക്കാനോ അധികാരമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പോ അതിന് ശേഷമോ വാഗ്ദാനങ്ങള്‍ കൊടുക്കുന്നത് പാര്‍ട്ടിയുടെ നയപരമായ തീരുമാനങ്ങളാണ്. വിജയിക്കുന്ന പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ എടുക്കുന്ന നയങ്ങളോ തീരുമാനങ്ങളോ നിയന്ത്രിക്കാന്‍ അധികാരമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

കേന്ദ്രമന്ത്രാലയങ്ങളോ സര്‍ക്കാര്‍ സ്ഥാപനങ്ങളോ ഉണ്ടെങ്കില്‍ വിദഗ്ധ സമിതിയുടെ ഭാഗമാകാന്‍ അധികാരമില്ല- തിരഞ്ഞെടുപ്പ് കമ്മീഷൻ

സര്‍ക്കാരുകളുടെ സൗജന്യങ്ങളും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും തടയുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കാന്‍ ഓഗസ്റ്റ് 3 ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. നീതി ആയോഗ്, ആര്‍ബിഐ, ധനകാര്യ കമ്മീഷന്‍, ഭരണപ്രതിപക്ഷ കക്ഷികള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവരെ സമിതിയില്‍ ഉള്‍പ്പെടുത്താനാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം ചെയ്യുന്ന സൗജന്യങ്ങളുടെ പ്രത്യാഘാതങ്ങളെപ്പറ്റി നിരിക്ഷീക്കാന്‍ സമിതിയോട് നിര്‍ദേശിച്ചത്.

സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും ഈ വിഷയത്തില്‍ ഒന്നും ചെയ്യാനാകില്ലെന്നു പറയുന്നത് നിരാശയുണ്ടാക്കുന്നു - സുപ്രീംകോടതി

നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരത്തില്‍ വാഗ്ദാനം നടത്തുന്ന സാഹചര്യം ഉണ്ടാകില്ലെന്നായിരുന്നു സുപ്രീംകോടതി പറഞ്ഞത്. വാക്കാലുള്ള പരാമര്‍ശത്തിലുള്ള വിയോജിപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

logo
The Fourth
www.thefourthnews.in