വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും; ജമ്മു കശ്മീരും വോട്ടെടുപ്പിലേക്ക്?
വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിനായിരിക്കും ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം.
ഹരിയാന, മഹാരാഷ്ട്ര സംസ്ഥാന സർക്കാരുകളുടെ കാലാവധി നവംബറില്‍ അവസാനിക്കും. ഝാർഖണ്ഡിൽ ജനുവരി വരെയാണ് സർക്കാരിനു കാലാവധിയുള്ളത്.
സെപ്റ്റംബർ 30ന് മുൻപ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താനും കമ്മിഷന് പദ്ധതിയുണ്ട്. സുപ്രീം കോടതി അനുവദിച്ചിരിക്കുന്ന സമയപരിധി 30ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണിത്. ജമ്മു കശ്മീരിലും ഹരിയാനയിലും കമ്മിഷൻ സന്ദർശനം നടത്തിയിരുന്നു. എന്നാല്‍ മഹാരാഷ്ട്രയിലെത്തി സാഹചര്യം വിലയിരുത്തിയിട്ടില്ല.
2014ലാണ് ജമ്മു കശ്മീർ അവസാനമായി തിരഞ്ഞെടുപ്പിനു സാക്ഷ്യം വഹിച്ചത്. 2019ല്‍ മോദി സർക്കാർ അനുച്ഛേദം 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു.
അടുത്തിടെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തിയത്. എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്താൻ പ്രതിജ്ഞാബദ്ധരാണെന്നായിരുന്നു രാജീവ് കുമാർ അന്ന് പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആഭ്യന്തര, ബാഹ്യ ശക്തികളെ അനുവദിക്കില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും ശക്തമായി മത്സരരംഗത്തുണ്ടെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു.